- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാട്രിക് ഭരണത്തിനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ 'ക്യാപ്ടന്' നേരിട്ട് നടത്തും; എല്ലാ ജില്ലകളിലെയും പാര്‍ട്ടി നേതൃയോഗങ്ങള്‍ തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ചേരുന്നത് പിണറായിയ്ക്ക് പിടിമുറുക്കാന്‍; ധര്‍മ്മടത്ത് വീണ്ടും പിണറായി തന്നെ മത്സരിക്കും; സാമുദായിക സമവാക്യങ്ങള്‍ അനുകൂലമാക്കുന്നത് പ്രധാന അജണ്ട; സിപിഎം സംഘടനാ ഇടപെടലുകള്‍ സജീവമാക്കുന്നു
തിരുവനന്തപുരം: ഹാട്രിക് ഭരണത്തിനായുള്ള സിപിഎം തേര് നയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിന്റെ സംഘടനാ കാര്യങ്ങളും മുഖ്യമന്ത്രി വിലയിരുത്തും. പഴുതുകളടച്ചുള്ള സംഘടനാ പ്രവര്‍ത്തനമാണ് ലക്ഷ്യം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ എല്ലാ ജില്ലകളിലെയും പാര്‍ട്ടി നേതൃയോഗങ്ങള്‍ തലസ്ഥാനത്ത് എകെജി സെന്ററില്‍ ചേരും. തിരുവനന്തപുരം, എറണാകുളം ജില്ലാസെക്രട്ടേറിയറ്റ് യോഗങ്ങള്‍ ഞായറാഴ്ച ചേര്‍ന്നു. ഓരോ ജില്ലയ്ക്കും ടാര്‍ഗറ്റുകള്‍ നിശ്ചയിച്ചു നല്‍കും. സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കര്‍മ്മ പദ്ധതിയും തയ്യാറാക്കും. സംഘടനയില്‍ മുഖ്യമന്ത്രി പിടിമുറുക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന് സംഘടനയില്‍ രണ്ടാമന്റെ റോളിലേക്ക് കാര്യങ്ങളെത്തും.
ശബരിമല സ്വര്‍ണപ്പാളി വിവാദം ഉള്‍പ്പെടെ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരേ ആരോപണങ്ങള്‍ പ്രവഹിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നേരിട്ടുരംഗത്തിറങ്ങുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുഖ്യമന്ത്രിതന്നെ നയിക്കുമെന്ന് ഉറപ്പായി. ധര്‍മ്മടത്ത് വീണ്ടും പിണറായി മത്സരിക്കുകയും ചെയ്യും. സിപിഎമ്മിന്റെ ഭരണ തുടര്‍ച്ചയ്ക്ക് പിണറായി മുന്നിലുണ്ടാകണമെന്ന വാദം സിപിഎമ്മില്‍ സജീവമാണ്. അല്ലാത്ത പക്ഷം തിരിച്ചടിയുണ്ടാകുമെന്നും സിപിഎം വിലയിരുത്തുന്നുണ്ട്. പിണറായിയ്ക്ക് വേണ്ടും നായകനാകാന്‍ അവസരമൊരുക്കാന്‍ സിപിഎം ദേശീയ നേതൃത്വവും അനുകൂല നിലപാട് എടുക്കും. അധികാരം നിലനിര്‍ത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ദേശീയ നേതൃത്വത്തിനും അറിയാം. ആഗോള അയ്യപ്പസംഗമം, ഭിന്നശേഷിനിയമനം തുടങ്ങിയ വിവാദങ്ങളില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ വിവിധ സാമുദായികവിഭാഗങ്ങളെ സര്‍ക്കാരും പാര്‍ട്ടിയുമായി അടുപ്പിക്കുന്നതാണ്.
തുടര്‍ഭരണം ഉറപ്പാക്കാനുള്ള നിര്‍ദേശവുമായി ഒന്നരമാസംമുന്‍പ് സിപിഎം എംഎല്‍എമാരുടെ പ്രത്യേകയോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു. ഇതിനുപുറമെ, വിവിധ ജില്ലകളിലെ തദ്ദേശ ജനപ്രതിനിധികളുടെ പ്രത്യേക യോഗങ്ങളും ചേര്‍ന്നിരുന്നു. പല എംഎല്‍എമാര്‍ക്കും രണ്ട് ടേമില്‍ ഇളവ് നല്‍കി മത്സരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ മിക്ക സിറ്റിംഗ് എംഎല്‍എമാര്‍ക്കും വീണ്ടും മത്സരിക്കാന്‍ അവസരമുണ്ടാകും. എല്ലാ എംഎല്‍എമാരോടും മണ്ഡലങ്ങളില്‍ സജീവമാകാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് രണ്ട് ടേം പൂര്‍ത്തിയാക്കിയ മിക്ക എംഎല്‍എമാരും വീണ്ടും മത്സരിക്കും. കണ്ണൂരിലെ ഉറച്ച കോട്ടകളില്‍ രണ്ടു ടേം മാനദണ്ഡം കര്‍ശനമായി നടപ്പാക്കുകയും ചെയ്യും.
തിരഞ്ഞെടുപ്പിനുതൊട്ടുമുന്‍പായി സര്‍ക്കാരിന് നല്ല സ്വഭാവസര്‍ട്ടിഫിക്കറ്റ് നല്‍കിയ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നടപടി മൂന്നാംഭരണം കാത്തിരിക്കുന്ന ഇടതുപക്ഷത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് സിപിഎം വിലയിരുത്തല്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുണ്ടായ വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ പരോക്ഷമായി ഏറ്റുമുട്ടിയത് എന്‍എസ്എസും എല്‍ഡിഎഫുമാണ്. ശബരിമല യുവതീപ്രവേശനത്തിനുശേഷംനടന്ന ഉപതിരഞ്ഞെടുപ്പുകളില്‍, എന്‍എസ്എസിന് ഏറെ സ്വാധീനമുള്ള മണ്ഡലമായിരുന്നു വട്ടിയൂര്‍ക്കാവ്. അവിടെ എന്‍എസ്എസ് തീരുമാനം പരാജയപ്പെട്ടു. ഇപ്പോള്‍ എന്‍എസ്എസിനെ ഇണക്കാനുള്ള നടപടി സര്‍ക്കാരില്‍നിന്നും മുഖ്യമന്ത്രിയില്‍നിന്നുമുണ്ടായി. അധ്യാപകനിയമനസംവരണപ്രശ്‌നത്തില്‍ സര്‍ക്കാര്‍ എന്‍എസ്എസിനെ കാര്യമായി പരിഗണിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ സുകുമാരന്‍നായരെ കാണാന്‍ മുഖ്യമന്ത്രി നേരിട്ടെത്തി. ഇത്തരം ഇടപെടലുകള്‍ വിവിധ സമൂദായ സംഘടനകളുടെ കാര്യത്തില്‍ പിണറായി നടത്തും.
ഈ സാഹചര്യത്തില്‍ എല്‍ഡിഎഫിനെ നയിക്കാന്‍ ഒരിക്കല്‍ കൂടി പിണറായി വിജയനെ നിയോഗിക്കാന്‍ സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ ഒരുങ്ങുന്നുവെന്നതാണ് വസ്തുത. ഇന്ത്യയില്‍ ഇടതുഭരണം അവശേഷിക്കുന്ന തുരുത്തായ കേരളത്തില്‍ മൂന്നാം ജയത്തിലേക്ക് പാര്‍ട്ടിയെയും മുന്നണിയെയും നയിക്കാന്‍ മറ്റൊരാളില്ലെന്ന വിലയിരുത്തലിലാണ് നീക്കങ്ങള്‍. അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പിണറായിയിലൂടെ 2021 മാജിക് ആവര്‍ത്തിക്കാമെന്ന് കണക്കുകൂട്ടുന്ന കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്ക് മറ്റൊരു പേര് ചിന്തിക്കാന്‍ പോലും സാധ്യമല്ല.