- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണം'; ജില്ലാ സമ്മേളനത്തില്‍ പി പി ദിവ്യക്ക് പിണറായിയുടെ വിമര്‍ശനം; ഉണ്ടായത് പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റം; ഒരാളെയും അവസാനിപ്പിക്കാനല്ല സംഘടനാ നടപടി; തിരിച്ച് വരാന്‍ ഇനിയും അവസരമെന്നും മുഖ്യമന്ത്രി
'അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണം
കണ്ണൂര്‍: കണ്ണൂരിലും പിപി ദിവ്യയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി. അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റമെന്നും പിണറായി നിലപാട് വ്യക്തമാക്കി. സിപിഎം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി പി ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമര്‍ശമെന്നായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്.
ദിവ്യയെ വിമര്‍ശിച്ചെങ്കിലും പൂര്‍ണ്ണമായും കൈവിടാതെയാണ് പിണറായി പ്രതികരിച്ചത്. തളിപ്പറമ്പില്‍ നടക്കുന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലും പൊതുചര്‍ച്ചയിലും ദിവ്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് ചുവട് പിടിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം.
രാമായണത്തിലെ വരികള്‍ പാടിയായിരുന്നു ദിവ്യക്ക് എതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനം. 'താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താന്‍ അനുഭവിച്ചീടുകെന്നേ വരൂ' എന്ന് ദിവ്യയെ വിമര്‍ശിച്ചു കൊണ്ട് മുഖ്യമന്ത്രി മറുപടി പറഞ്ഞു. എന്നാല്‍, ദിവ്യയെ പൂര്‍ണ്ണമായും മുഖ്യമന്ത്രി തള്ളിയതുമില്ല. ദിവ്യ ഒരു ദിവസം കൊണ്ട് ഉണ്ടായ നേതാവല്ല. ദീര്‍ഘകാലത്തെ അനുഭവത്തിലൂടെയാണ് നേതാവ് ഉണ്ടാവുന്നതെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി ഒരാളെയും അവസാനിപ്പിക്കാനല്ല സംഘടനാ നടപടിയെന്നും വ്യക്തമാക്കി. ആ സഖാവിന് തിരിച്ച് വരാന്‍ ഇനിയും അവസരമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരായ സംഘടനാ നടപടിയെ എതിര്‍ത്തും അനുകൂലിച്ചും സമ്മേളനത്തില്‍ ചര്‍ച്ച ഉയര്‍ന്ന് വന്നിരുന്നു. ദിവ്യക്കെതിരായ നടപടി മാധ്യമങ്ങളുടെ അജണ്ടയ്ക്ക് അനുസരിച്ചാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. ദിവ്യക്കെതിരായ നടപടി മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. തലശ്ശേരി ഏരിയയില്‍ നിന്നുള്ള പ്രതിനിധികളാണ് ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത്. പി പി ദിവ്യയുടെ നടപടിയെയും ഒരു വിഭാഗം പ്രതിനിധികള്‍ വിമര്‍ശിച്ചു. ദിവ്യ ചെയ്തത് ശരിയായില്ലെന്നും പൊതുചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ നേരത്തെ പി ജയരാജന് എതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. മനു തോമസിനെതിരെ പി ജയരാജന്‍ നടത്തിയ പ്രതികരണമാണ് വിമര്‍ശനത്തിനിടയാക്കിയത്. ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിഞ്ഞ മനു തോമസിനെതിരെ നടത്തിയ പ്രതികരണം തെറ്റായിരുന്നു. മുതിര്‍ന്ന ഒരു നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ട രീതിയിലായിരുന്നില്ല പ്രതികരണമെന്നുമായിരുന്നു വിമര്‍ശനം.
പയ്യന്നൂരില്‍ സംഘടനാ പ്രശ്‌നങ്ങളുടെ പേരിലും സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പൊതുചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. പയ്യന്നൂരിലെ പാര്‍ട്ടി നേതൃത്വത്തിനെതിരെയാണ് പൊതുചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. പയ്യന്നൂരില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നും ഏരിയ സമ്മേളനത്തിലും വിഭാഗീയത ഉണ്ടായിരുന്നുവെന്നുമായിരുന്നു പൊതുചര്‍ച്ചയില്‍ പങ്കെടുത്ത പിണറായി ഏരിയയില്‍ നിന്നുള്ള പ്രതിനിധികളുടെ വിമര്‍ശനം.
അതിനിടെ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യക്കെതിരായ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി എം.വി ജയരാജന്‍ ഇന്നലെ രംഗത്തുവന്നിരുന്നു. തന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചെന്നും പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും ജയരാജന്‍ പറഞ്ഞു. 'വിവാദമുണ്ടാക്കുന്ന പ്രസംഗങ്ങള്‍ ഒഴിവാക്കേണ്ടതാണെന്ന് മാത്രമാണ് പറഞ്ഞത്. എഡിഎമ്മിന്റെ മരണത്തിന് പിന്നില്‍ ദിവ്യയാണെന്ന ആരോപണത്തില്‍ കേസുണ്ട്. കേസ് പൊലീസ് അന്വേഷിക്കുകയാണ്. ഒരു വാചകം അടര്‍ത്തിയെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുന്നു' - എം.വി ജയരാജന്‍ പറഞ്ഞു.
എഡിഎമ്മിന്റെ മരണത്തിന് ഇടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമര്‍ശമെന്നത് സത്യമാണ് എന്നായിരുന്നു ജയരാജന്‍ നേരത്തെ പറഞ്ഞിരുന്നത്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് കാരണം ദിവ്യയുടെ പരാമര്‍ശം തന്നെയാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞത്. വിവാദമായിര. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പൊതു ചര്‍ച്ച സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു ജയരാജന്‍ നിലപാട് വ്യക്തമാക്കിയത്.
'എഡിഎമ്മിന്റെ മരണത്തിന് ഇടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമര്‍ശമെന്നത് സത്യമാണ്. അതുകൊണ്ടാണ് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞത്. ആ കാഴ്ചപ്പാടാണ് അന്നും ഇന്നും പാര്‍ട്ടിക്കുള്ളത്' - എം.വി ജയരാജന്‍ പറഞ്ഞു. ഈ പ്രസ്താവനവിവാദമായപ്പോഴാണ് ജയരാജന്‍ തിരുത്തുമായി രംഗത്തുവന്നത.