- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാമതും പിണറായി എല്‍ഡിഎഫിനെ നയിക്കും; സൂചന നല്കി ഇപി ജയരാജനും എം വി ഗോവിന്ദനും; സംസ്ഥാന സെക്രട്ടറി പദവിയില്‍ മാറ്റമില്ല; ഇ. പി കേന്ദ്ര കമ്മറ്റിയില്‍ തുടരും; എംഎല്‍എമാര്‍ക്ക് രണ്ട് ടേം നിബന്ധനയും മാറ്റിയേക്കും; പ്രായ പരിധിയിലും കടുംപിടുത്തം ഉണ്ടായേക്കില്ല; സിപിഎം സംസ്ഥാന സമ്മേളനവും പൂര്‍ണമായും പിണറായിയുടെ വഴിയേയാകും
മൂന്നാമതും പിണറായി എല്‍ഡിഎഫിനെ നയിക്കും
കണ്ണൂര്‍: സിപിഎം സംസ്ഥാന സമ്മേളനം നാളെ തുടങ്ങാനിരിക്കേ നേരൃനിരയില്‍ ഇക്കുറിയും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എം വി ഗോവിന്ദന്‍ തുടരും. പ്രായപരിധിയുടെ കാര്യത്തില്‍ അടക്കം കടുംപിടുത്തങ്ങള്‍ ഉണ്ടായേക്കില്ല. അതേസമയം മൂന്നാമതും പിണറായി വിജയന്‍ തന്നെ എല്‍ഡിഎഫിനെ നയിക്കുമെന്ന് സൂചിപ്പിച്ച് മുതിര്‍ന്ന നേതാക്കളും രംഗത്തുവന്നു. ഇക്കര്യത്തില്‍ ഇ പി ജയരാജനും എം വി ഗോവിന്ദനും ഒരേ അഭിപ്രായമാണ്. ഇതോടൊപ്പം എംഎല്‍എമാരായര്‍ക്ക് മത്സരിക്കാന്‍ ഏര്‍പ്പെടുത്തിയ രണ്ട് ടേം നിബന്ധനയില്‍ അടക്കം ഇളവുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
എംഎല്‍എമാര്‍ക്ക് മൂന്ന് ടേം പരിധി സിപിഎമ്മും നടപ്പാക്കിയേക്കുമെന്നാണ് സൂചന. സിപിഐയിലെ പോലെ സിപിഎമ്മിലും മൂന്ന് തവണ നിബന്ധന മതിയെന്നാണ് ആലോചന. തുടര്‍ച്ചയായി രണ്ട് തവണ എംഎല്‍എമാരായവരെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം തിരുത്തിയേക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് രണ്ട് ടേം പരിധി സിപിഎം കൊണ്ടുവന്നത്. പല മണ്ഡലങ്ങളിലും നിലവിലെ എംഎല്‍എ മാറുന്നത് വിജയസാധ്യത ഇല്ലാതാക്കുമെന്നാണ് വിലയിരുത്തല്‍.
ഹാട്രിക് വിജയം ലക്ഷ്യമിടുമ്പോള്‍ ചില കാര്യങ്ങളില്‍ മാറ്റം വേണമെന്ന ആവശ്യമുണ്ട്. അതുകൊണ്ടാണ് ഈ ഇളവിനെ കുറിച്ച് പാര്‍ട്ടി ആലോചിക്കുന്നത്. ഇനി മത്സര രംഗത്തുണ്ടാകില്ലെന്ന തോന്നല്‍ ചില എംഎല്‍എമാരുടെ പ്രവര്‍ത്തന പോരായ്മയ്ക്ക് കാരണമാകുന്നതായും വിലയിരുത്തലുണ്ട്. ടേം ഇളവ് നല്‍കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ ഒഴിവാകുക 25 സിറ്റിങ് എംഎല്‍എമാരാണ്. പിണറായി വിജയന്‍, കെ.കെ. ഷൈലജ, ടി.പി. രാമകൃഷ്ണന്‍, സജി ചെറിയാന്‍, വീണ ജോര്‍ജ് തുടങ്ങി 25 പേര്‍ക്ക് വീണ്ടും അവസരം നല്‍കിയേക്കും.
2021ല്‍ നടപ്പാക്കിയ രണ്ട് ടേം നിബന്ധനയില്‍ ഒഴിവായത് 22 സിറ്റിങ് എംഎല്‍എമാരാണ്. അതില്‍ അഞ്ച് പേര്‍ മന്ത്രിമാരായിരുന്നു. 22 പേരെ ഒഴിവാക്കിയിട്ടും 2021ല്‍ എട്ട് സീറ്റുകള്‍ എല്‍ഡിഎഫിന് കൂടി. 2021ലെ അവസ്ഥയാകില്ല 2026ല്‍ എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചയില്‍ ടേം പരിധി ഉന്നയിക്കപ്പെടാന്‍ സാധ്യതയുണ്ട്. പുതിയ സംസ്ഥാന കമ്മിറ്റിയാണ് ഇളവില്‍ തീരുമാനമെടുക്കുക.
അതേസമയം മൂന്നാമതും പിണറായി വിജയന്‍ തന്നെ എല്‍ഡിഎഫിനെ നയിക്കുമെന്ന് സൂചിപ്പിച്ച് ഇപി ജയരാജന്‍ രംഗത്തെത്തി. നയിക്കുക പിണറായി തന്നെയോ എന്ന ചോദ്യം പോലും പ്രസക്തമല്ലെന്നും കേരളത്തിന്റെ വളര്‍ച്ച നിരീക്ഷിക്കുമ്പോള്‍ ചോദ്യം അപ്രസക്തമാണെന്നും ഇ.പി.ജയരാജന്‍ പ്രതികരിച്ചു.
കേരളത്തിലെ ഭരണ രംഗത്തിന് നേതൃത്വം നല്‍കുന്നത് പിണറായി വിജയനാണ്. പിണറായിയുടെ സേവനങ്ങള്‍ പാര്‍ട്ടി കാണും, ഉചിതമായ നിലപാട് സ്വീകരിക്കും. ഭരണരംഗത്ത് വരുന്നതിന് പ്രായപരിധി ബാധകമല്ല. പിണറായിയുടെ കഴിവിനെയും പ്രാപ്തിയേയും നീതിബോധത്തെയും ജനസേവന മനോഭാവത്തെയും, സത്യസന്ധതയേയും കേരളത്തെ വളര്‍ത്താനുളള വലിയ നിരീക്ഷണത്തെയും എല്ലാവരും പ്രകീര്‍ത്തിക്കുന്നു. അതില്ലാതാക്കാനാണ് കുറേ കാലമായി ചിലര്‍ അദ്ദേഹത്തെ വേട്ടയാടുന്നത്. ശരി മാത്രം ചെയ്യുന്നവര്‍ ഭയപ്പെടേണ്ടതില്ലെന്നും ഇപി വിശദീകരിച്ചു.
മുഖ്യമന്ത്രിയുടെ ഏതൊക്കെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താമോ അതെല്ലാം ഉപയോഗിക്കുമെന്നും ഇപി വ്യക്തമാക്കി. കേരളം പുതിയ കുതിപ്പിലാണ്. അനുദിനം കേരളം മെച്ചപ്പെട്ട് വരികയാണ്. അതിന് പിന്നില്‍ അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ പാര്‍ട്ടി കാണും. ഭരണ രംഗത്ത് നില്‍ക്കുന്നതില്‍ പ്രായ പരിധി നിശ്ചയിച്ചിട്ടില്ല. പാര്‍ട്ടിയുടെ സംഘടനാ തലത്തിലെടുത്ത തീരുമാനം പാര്‍ട്ടിക്ക് വേണ്ടിയുള്ളതാണ്. പുതിയ നേതൃ നിരയെ ഉയര്‍ത്തിക്കൊണ്ടുവരാനാണ്.
കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇപി ഒഴിവാകുമോ എന്ന ചോദ്യത്തിന് ചര്‍ച്ച ചെയ്യുന്നവര്‍ സന്തോഷിക്കട്ടേ എന്നായിരുന്നു ഇ പി ജയരാജന്റെ മറുപടി. 75 വയസ് പ്രായപരിധി പാര്‍ട്ടിക്ക് ഗുണം ചെയ്യും. 75 കഴിഞ്ഞവരുടെ പരിചയ സമ്പത്തും പാര്‍ട്ടിക്ക് ഉപയോഗിക്കാന്‍ കഴിയും. തന്റെ കഴിവും പാര്‍ട്ടി ഉപയോഗിക്കും. ഏത് വഴി എന്ന് ഇപ്പോള്‍ പറയാനാകില്ല. പ്രായപരിധി നിബന്ധന പാര്‍ട്ടിക്ക് ഗുണം ചെയ്യും. ദോഷം നിരീക്ഷിക്കുന്നവര്‍ അങ്ങനെ നിരീക്ഷിക്കട്ടേയെന്നും ഇപി പ്രതികരിച്ചു.