- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരും; അപ്പോഴും പിണറായി വിജയനെത്തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രായപരിധി ചര്‍ച്ച മുഖ്യമന്ത്രിക്ക് അനുകൂലമാക്കാന്‍ എസ് എന്‍ ഡി പി നേതൃത്വം സജീവം; സിപിഎം സംസ്ഥാന നേതൃത്വത്തിനു ജനകീയമുഖമില്ലെന്ന പരോക്ഷ വിമര്‍ശനവും
ആലപ്പുഴ: പിണറായിയ്ക്ക് സിപിഎം ഒരു ടേം കൂടി നല്‍കണമെന്ന ആവശ്യവുമായി വെള്ളാപ്പള്ളി നടേശന്‍. എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്നും അപ്പോഴും പിണറായി വിജയനെത്തന്നെ മുഖ്യമന്ത്രിയാക്കണമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെടുന്നത് സിപിഎം സംസ്ഥാന സമ്മേളനം തുടങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ്. സിപിഎം സംസ്ഥാന നേതൃത്വത്തിനു ജനകീയമുഖമില്ലെന്ന പരോക്ഷ വിമര്‍ശനവും യോഗം മുഖപത്രമായ 'യോഗനാദ'ത്തിന്റെ മുഖ പ്രസംഗത്തില്‍ അദ്ദേഹം നടത്തുന്നു. അതായത് പിണറായി മാറിയാല്‍ ഭരണം കിട്ടില്ലെന്ന വിലയിരുത്തലാണ് അത്.
രാഷ്ട്രീയപാര്‍ട്ടികള്‍ പിന്നാക്ക സമുദായങ്ങളെ അവഗണിക്കുന്നെന്ന വിമര്‍ശനം വെള്ളാപ്പള്ളി നടത്തുന്നുണ്ട്. പാര്‍ട്ടിസ്ഥാനങ്ങളില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ പദവികളുടെ കാര്യത്തില്‍ സിപിഎമ്മും പിന്നാക്ക അണികളെ മറക്കും. വൈസ് ചാന്‍സലര്‍, പിഎസ്സി അംഗത്വം, എംപിമാരുടെ നാമനിര്‍ദേശം, ഗവ. സ്ഥാപനങ്ങളുടെ സാരഥ്യം തുടങ്ങിയവയില്‍ പിന്നാക്കക്കാരെ സിപിഎം മറക്കുന്നു. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ നിഷ്പ്രഭമാക്കുന്ന പ്രവൃത്തിയാണു മുഖ്യമന്ത്രിയുടെ ഓഫിസില്‍ ചിലരുടേതെന്ന വിമര്‍ശനം ശക്തമായി ഈ മുഖപ്രസംഗത്തിലും ഉന്നയിക്കുന്നു. അതായത് മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്ന വെള്ളാപ്പള്ളി സിപിഎമ്മിനേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും കുറ്റപ്പെടുത്തുന്നുണ്ട്.
പാര്‍ട്ടി ഭാരവാഹിത്വത്തിലെ പ്രായപരിധി മാനദണ്ഡത്തില്‍ പിണറായി വിജയന് ഇളവ് നല്‍കണമോയെന്നു പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിക്കുമെന്ന് സിപിഎം കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് പറഞ്ഞിട്ടുണ്ട്. 75കഴിഞ്ഞ പിണറായിക്ക് കഴിഞ്ഞ തവണ ഇളവ് നല്‍കിയത് മുഖ്യമന്ത്രിയായതിനാലാണെന്നും കാരാട്ട് പറഞ്ഞു. കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചു. ഇക്കാര്യം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമാണ്. പാര്‍ട്ടി കമ്മിറ്റികളിലെ പ്രായപരിധിയില്‍ ഏപ്രില്‍ രണ്ടുമുതല്‍ ആറുവരെ മധുരയില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞിട്ടുണ്ട്. ഈ യോഗത്തിന് മുമ്പ് പിണറായി തന്നെ കേരളത്തിലെ സിപിഎമ്മിനെ തുടര്‍ന്നും നയിക്കണമെന്ന ആവശ്യം മുമ്പോട്ട് വയ്ക്കുകയാണ് വെള്ളാപ്പള്ളി.
ഭാരവാഹിത്വത്തിന് 75വയസ് പ്രായപരിധി നടപ്പിലാക്കിയാല്‍ പരമോന്നതഘടകമായ പൊളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും വന്‍ അഴിച്ചുപണി വരും. പി ബി അംഗങ്ങളില്‍ ഏഴ് പേര്‍ 75വയസ് പിന്നിട്ടവരാണ്. ഇപ്പോള്‍ തന്നെ പ്രായപരിധിയില്‍ ഇളവ് നേടി പിബിയില്‍ തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇത്തവണയും ഇളവ് ലഭിച്ചേക്കും. കണ്ണൂരില്‍ നടന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസ് മുതലാണ് പാര്‍ട്ടി സമിതികളില്‍ അംഗം ആകുന്നതിന് സിപിഐഎം പ്രായപരിധി നടപ്പിലാക്കിയത്. കേന്ദ്രകമ്മിറ്റി മുതല്‍ ലോക്കല്‍ കമ്മിറ്റി വരെയുളള സമിതികളില്‍ അംഗം ആകുന്നതിന് 75വയസാണ് പ്രായപരിധി. ഈ മാനദണ്ഡം നടപ്പാകുമ്പോള്‍ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഏഴ് നേതാക്കള്‍ പുറത്താകും. പിബി അംഗങ്ങളായ പിണറായി വിജയന്‍, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, മണിക് സര്‍ക്കാര്‍, സുഭാഷിണി അലി, സുര്യകാന്ത് മിശ്ര, ജി രാമകൃഷ്ണന്‍ എന്നിവര്‍ 75 പിന്നിട്ടവരാണ്.
കഴിഞ്ഞ സമ്മേളനകാലത്ത് തന്നെ 75 വയസ് കഴിഞ്ഞിരുന്ന പിണറായി വിജയനെ ഇളവ് നല്‍കിയാണ് പൊളിറ്റ് ബ്യൂറോയില്‍ നിലനിര്‍ത്തിയത്. രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായിക്ക് ഇത്തവണയും ആ ഇളവ് ലഭിച്ചേക്കും. മറ്റ് നേതാക്കളെ കേന്ദ്രകമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാക്കളാക്കി മാറ്റിയേക്കും. നേതാക്കളുടെ 75 വയസ്സ് പ്രായപരിധി തുടരണമെന്ന് സിപി.എം പോളിറ്റ് ബ്യൂറോ തീരുമാനിച്ചത് പിണറായിയ്ക്ക് ബാധകമായേക്കില്ല. പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ നടന്ന പി.ബി യോഗത്തിലാണ് പ്രായപരിധി പുനഃപരിശോധിക്കേതില്ലെന്ന നിര്‍ദേശം ഉയര്‍ന്നത്. പിണറായി വിജയന്‍ പി.ബിയില്‍ തുടരുന്ന കാര്യം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കും. ആ തീരുമാനം ഉണ്ടായാല്‍ വീണ്ടും പിണറായി മുഖ്യമന്ത്രിയാകും.
75 കര്‍ശനമാക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ വ്യത്യസ്താഭിപ്രായങ്ങളുണ്ട്. കമ്മിറ്റികളില്‍ അനുഭവസമ്പത്തും വേണമെന്നതാണ് എതിര്‍ക്കുന്നവരുടെ വാദം. കഴിഞ്ഞ സമ്മേളനകാലത്ത് പ്രായപരിധിയുടെ പേരില്‍ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കപ്പെട്ട ജി.സുധാകരന്‍, പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രായപരിധി നിര്‍ബന്ധമാക്കുന്നതു ശരിയല്ലെന്ന് പരസ്യമായി വിമര്‍ശിച്ചിരുന്നു. 75 എന്നതു നിലനിര്‍ത്തി നിശ്ചിത ശതമാനം പേര്‍ക്ക് ഇളവ് എന്ന ആശയം പങ്കുവയ്ക്കുന്നവരുണ്ട്. ആരോഗ്യവും പാര്‍ട്ടിക്കു നല്‍കിവരുന്ന സംഭാവനയും കണക്കിലെടുത്ത് അങ്ങനെയുള്ളവരെ നിശ്ചയിക്കാം. ഇത് പിണറായിയെ വീണ്ടും തുണച്ചേക്കുമെന്നും സൂചനയുണ്ട്.