- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പലസ്തീന്‍ അംബാസിഡറെ കണ്ട് ഐക്യദാര്‍ഢ്യം അറിയിച്ച് മുഖ്യമന്ത്രി; കേരളം എന്നും ഫലസ്തീന് ജനതയ്ക്കൊപ്പം; ഫലസ്തീന്റെ മുഴുവന്‍ ജനാധിപത്യ അവകാശങ്ങളെയും ഇസ്രായേല്‍ നിഷേധിച്ചുവെന്ന് പിണറായി
പലസ്തീന്‍ അംബാസിഡറെ കണ്ട് ഐക്യദാര്‍ഢ്യം അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം സന്ദര്‍ശിക്കുന്ന ഇന്ത്യയിലെ പലസ്തീന്‍ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിനോട് പലസ്തീന്‍ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമകാല ചരിത്രത്തില്‍ വംശീയതയുടെ ഏറ്റവും ക്രൂരമായ ഉന്മൂലന തന്ത്രങ്ങള്‍ക്ക് ഇരയാകുന്ന ജനതയോടുള്ള നാടിന്റെ ഐക്യദാര്‍ഢ്യം ഔദ്യോഗിക ചേംബറില്‍ വെച്ച് മുഖ്യമന്ത്രി നേരിട്ട് അറിയിച്ചു.
കേരളം എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. സാമ്രാജ്യത്വ പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളെയും അട്ടിമറിച്ചാണ് പലസ്തീന്റെ മുഴുവന്‍ ജനാധിപത്യ അവകാശങ്ങളെയും ഇസ്രായേല്‍ നിഷേധിച്ചുപോരുന്നത്. പലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തിനൊപ്പമാണ് കേരളം.
ഐക്യരാഷ്ട്ര സഭയിലെ പ്രമേയത്തിനനുസൃതമായി കിഴക്കന്‍ ജറുസലേം തലസ്ഥാനമായിട്ടുള്ള പലസ്തീന്‍ രാഷ്ട്രം സാധ്യമാക്കുവാനും പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുവാനും അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് അണിനിരക്കണം എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ലോകമെമ്പാടുമുള്ള ജനങ്ങള്‍ 'കേരളത്തിന്റെ മാതൃക പിന്തുടരുകയും' തങ്ങളുടെ ജനങ്ങള്‍ക്ക് പിന്നില്‍ അണിനിരക്കുകയും ചെയ്യുമെന്ന് പലസ്തീന്‍ പ്രതീക്ഷിക്കുന്നതായി അബു ഷാവേസ് പ്രതികരിച്ചു. 2023 ഒക്ടോബറില്‍ ഹമാസ് നടത്തിയ നീക്കത്തിന് ശേഷമല്ല അതിന് മുന്‍പ് തന്നെ ഇസ്രയേല്‍ വംശഹത്യാ നടപടികള്‍ പിന്തുടര്‍ന്ന് വരികയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. 2023 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ 400 ല്‍ അധികം പലസ്തീന്‍ പൌരന്‍മാരെ ഇസ്രയേല്‍ വകവരുത്തി. തീവ്രവാദികള്‍ എന്ന് പേരിട്ടാണ് അവര്‍ കൊലപാതകങ്ങള്‍ നടത്തിയത്.
ഇപ്പോള്‍ ബെഞ്ചമിന്‍ നെതന്യാഹു ''ഫിനിഷ് ദ ജോബ്'' എന്ന വിശേഷ വാക്യത്തോടെ പലസ്തീനിയന്‍ ജനതയെ ഉന്മൂലനം ചെയ്യാനുള്ള കല്പന സൈന്യത്തിന് പരസ്യമായി നല്‍കിയിരിക്കയാണ്. ഇതുവരെ 65000 പേരെ അവര്‍ കൊന്നൊടുക്കി. എന്നാല്‍ ലോകം വംശഹത്യയുടെ നീക്കങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. യൂറോപ്പില്‍ നിന്നുള്ള രാജ്യങ്ങള്‍ വരെ അവര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയിലെ 85 ശതമാനം അംഗങ്ങളും പലസ്തീനില്‍ ഇസ്രയേല്‍ തുടരുന്ന കുരുതിക്കെതിരെ നിലപാട് എടുത്തു.
പലസ്തീന്‍ ജനതതോട് ഐക്യപ്പെടുന്ന മനസുകള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഇസ്രയേലിന്റെ അധിനിവേശ രാഷ്ട്ര സങ്കല്പത്തെ തുടക്കത്തില്‍ അമേരിക്ക പോലും എതിര്‍ത്തിരുന്നതായും യുഎന്‍ കൌണസിലില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതയും അബു ഷവേസ് ചൂണ്ടികാട്ടി. മുഖ്യമന്ത്രിക്കും കേരള ജനതയ്ക്കും നന്ദി അറിയിച്ച് ഫലസ്തീനിലെ പരമ്പരാഗത മധുര പലഹാരവും സമ്മാനിച്ചാണ് അബ്ദുള്ള അബു ഷാവേഷ് പിരിഞ്ഞത്. വംശഹത്യയും ഗാസയിലെ ഭിന്നശേഷിക്കാരും എന്ന വിഷയത്തില്‍ സംസാരിക്കാനായാണ് അദ്ദേഹം കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയത്. മീഡിയ അക്കാദമി പാലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിലും പങ്കെടുത്തു.