ന്യൂഡല്‍ഹി: പ്രതിപക്ഷ എം.എല്‍.എക്കെതിരെ ഉയര്‍ത്തിയ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ടുമുക്കാലട്ടി എന്നത് നാടന്‍ പ്രയോഗമാണെന്നും താന്‍ ഉദ്ദേശിച്ചത് നജീബ് കാന്തപുരത്തെയല്ലെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എട്ടുമുക്കാലട്ടി എന്നതിന് കാറ്റുവന്നാല്‍ വീണുപോകും എന്നാണര്‍ഥം. വാച്ച് ആന്‍ഡ് വാര്‍ഡിനെ ഒരാള്‍ തള്ളുന്ന കാഴ്ച കണ്ടിട്ടാണ് സഭയില്‍ അത് പറഞ്ഞത്. നജീബ് കാന്തപുരത്തിന് ഉയരക്കുറവുണ്ടെങ്കിലും നല്ല ആരോഗ്യമുണ്ട്. ആരോഗ്യമില്ലാത്ത ഒരാളെയാണ് താനുദ്ദേശിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

''എട്ടുമുക്കാലട്ടി എന്നത് നാടന്‍ പ്രയോഗമാണ്. കാറ്റുവന്നാല്‍ വീണുപോകും എന്നാണര്‍ഥം. വാച്ച് ആന്‍ഡ് വാര്‍ഡിനെ ഒരാള്‍ തള്ളുന്ന കാഴ്ച കണ്ടിട്ടാണ് സഭയില്‍ അത് പറഞ്ഞത്. നല്ല ആരോഗ്യമുള്ള ഒരാളാണ് ആദ്യമത് ചെയ്യുന്നത്. പിന്നെ ആരോഗ്യം തീരെ ഇല്ലാത്ത ഒരാളും അതു ചെയ്യുന്നു. അയാള്‍ ഒരു ഊതിന് വീഴുന്ന ആളാ. നിയമസഭയിലെ പരിരക്ഷയുള്ളതുകൊണ്ടാണ് അയാള്‍ അത്തരത്തില്‍ ആക്രമിക്കാന്‍ പോയത്. നജീബ് കാന്തപുരത്തെയാണ് പറഞ്ഞതെന്ന് നിങ്ങളില്‍ ചിലര്‍ പറഞ്ഞു. എന്നാല്‍ നജീബ് കാന്തപുരം നല്ല ആരോഗ്യമുള്ളയാളല്ലേ. അയാള്‍ക്ക് ഉയരക്കുറവുണ്ടെങ്കിലും നല്ല ആരോഗ്യമുണ്ട്. ആരോഗ്യമില്ലാത്ത ഒരാളെയാണ് ഞാനുദ്ദേശിച്ചത്'' -മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ നിയമസഭയില്‍ ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലെ ബഹളത്തിനിടെയാണ് പ്രതിപക്ഷാംഗത്തിന്റെ ഉയരക്കുറവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിച്ചത്. പ്രതിപക്ഷാംഗങ്ങള്‍ സഭവിട്ട ശേഷം മറുപടി പറയുന്നതിനിടെ, എട്ടുമുക്കാലട്ടി വച്ച പോലെ എന്ന് തന്റെ നാട്ടിലൊരു വര്‍ത്തമാനമുണ്ടെന്നും അത്രയും ഉയരമുള്ള ഒരാളാണ് ആക്രമിക്കാന്‍ പുറപ്പെട്ടതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. സ്വന്തം ശരീര ശേഷി അതിനൊന്നും പറ്റുന്നതല്ലെന്ന് കാണുന്നവര്‍ക്കെല്ലാം അറിയാം. പക്ഷേ നിയമസഭയുടെ പരിരക്ഷ വെച്ച് വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ തുനിയുകയായിരുന്നു. ഇതെല്ലാം അപമാനകരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പേര് വെളിപ്പെടുത്താതെയായിരുന്നു വിമര്‍ശനം.

പിന്നാലെ പ്രതിപക്ഷം കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. ഉയരം കുറഞ്ഞ ആളുകളെ മുഖ്യമന്ത്രിക്ക് പുച്ഛമാണോയെന്നും ഇവര്‍ ഏത് കാലത്താണ് ജീവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിച്ചു. ഉയരം കുറഞ്ഞവരോട് മുഖ്യമന്ത്രിക്ക് എന്തിനാണ് ദേഷ്യം. ഇത് ബോഡി ഷെയ്മിങാണ്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും സതീശന്‍ പറഞ്ഞു. പിന്നാലെ, സഭാ രേഖകളില്‍ നിന്ന് മുഖ്യമന്ത്രിയുടെ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.