- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വതന്ത്ര വേഷം അഴിച്ചു വെച്ചു; സിപിഎം വോട്ടുകള്‍ പിളര്‍ത്താന്‍ യുഡിഎഫിന്റെ ചാണക്യതന്ത്രം; പുറത്താക്കിയവര്‍ക്ക് 'എട്ടിന്റെ പണി' കൊടുക്കാന്‍ ഒറ്റപ്പാലത്ത് പി കെ ശശി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും; സിപിഎമ്മിലെ 'കള്ളന്മാരെ' ജനമധ്യത്തില്‍ തുറന്നുകാട്ടുമെന്ന് വെല്ലുവിളിച്ച ശശിയുടെ പുതിയ നീക്കം ഇങ്ങനെ
പി കെ ശശി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

പാലക്കാട്: പാലക്കാട് ജില്ലയിലെ കരുത്തനായ മുന്‍ സി.പി.എം നേതാവ് പി.കെ. ശശി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും. സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ പാലക്കാട് മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഒറ്റപ്പാലം മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, രാഷ്ട്രീയ എതിരാളികളുടെ ചിഹ്നം തന്നെ സ്വീകരിച്ച് ശശി ഞെട്ടിച്ചിരിക്കുന്നത്.
സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ചാല്‍ പാര്‍ട്ടി വോട്ടുകള്‍ സമാഹരിക്കുന്നതില്‍ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ശശി കോണ്‍ഗ്രസ് ചിഹ്നം സ്വീകരിച്ചത്. ഇതോടെ മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുങ്ങുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
കഴിഞ്ഞ ദിവസങ്ങളില്‍ മണ്ഡലത്തില്‍ നടന്ന റോഡ് ഷോകളിലും സ്ഥാപിച്ച ഫ്‌ലെക്‌സ് ബോര്‍ഡുകളിലും 'യുഡിഎഫ് സ്ഥാനാര്‍ത്ഥി' എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ചിഹ്നം സംബന്ധിച്ച അനിശ്ചിതത്വം നിലനിന്നിരുന്നതിനാല്‍ ബോര്‍ഡുകളിലൊന്നും ചിഹ്നം പ്രദര്‍ശിപ്പിച്ചിരുന്നില്ല. എന്നാല്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ ധാരണയായതോടെ ഇനി വരാനിരിക്കുന്ന പ്രചാരണ സാമഗ്രികളില്‍ ചിഹ്നം ഉള്‍പ്പെടുത്താനാണ് പ്രവര്‍ത്തകരുടെ തീരുമാനം.
സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്കെതിരെ പരസ്യമായ വെല്ലുവിളിയുയര്‍ത്തിയതിനെത്തുടര്‍ന്നാണ് ശശിയെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. പതിറ്റാണ്ടുകളായി പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്ന ശശിക്ക് സിപിഎം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ കഴിയുമെന്നും ഇത് യുഡിഎഫിന് വലിയ വിജയം സമ്മാനിക്കുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
പുറത്താക്കല്‍ നടപടി; വെല്ലുവിളിച്ച് ശശി!
പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്ന് വിമത കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടിയതിനാണ് പി.കെ. ശശിയെ സി.പി.എം പുറത്താക്കിയത്. പതിറ്റാണ്ടുകള്‍ നീണ്ട ചെങ്കൊടിയുമായുള്ള ബന്ധം അവസാനിച്ചെങ്കിലും തന്റെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ശശി പ്രഖ്യാപിച്ചു കഴിഞ്ഞു.
തനിക്കെതിരെ ഗൂഢാലോചന നടത്തിയ പാര്‍ട്ടിക്കുള്ളിലെ 'കള്ളന്മാരെ' ജനമധ്യത്തില്‍ തുറന്നുകാട്ടുമെന്നാണ് ശശിയുടെ വെല്ലുവിളി. സി.പി.എമ്മിന്റെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ ശശിയെപ്പോലൊരു സംഘാടകനെ കൈപ്പത്തി ചിഹ്നത്തില്‍ തന്നെ ഇറക്കുന്നത് ഗുണകരമാകുമെന്ന് യുഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നു.
സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ ഒറ്റപ്പാലത്ത് പി.കെ. ശശിയുടെ വരവ് ഇടതുമുന്നണിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. മണ്ഡലത്തിലും ജില്ലയിലും ശശിക്കൊപ്പമുള്ള വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ യുഡിഎഫിലേക്ക് ചേക്കേറാന്‍ സാധ്യതയുണ്ട്. പാര്‍ട്ടിക്കുള്ളിലെ അഴിമതിയും ഏകാധിപത്യവും ഉയര്‍ത്തിക്കാട്ടി വോട്ട് പിടിക്കാനാണ് ശശിയുടെ നീക്കം. സ്വതന്ത്ര ചിഹ്നത്തേക്കാള്‍ വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ ഔദ്യോഗിക ചിഹ്നത്തിന് കഴിയുമെന്ന വിലയിരുത്തലിലാണ് ശശി കോണ്‍ഗ്രസ് ടിക്കറ്റില്‍ തന്നെ ഇറങ്ങുന്നത്.


