- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി കെ ശശിയെ മത്സരിപ്പിക്കാന്‍ തീരുമാനം; ഇന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കും; നാളെ മണ്ഡലത്തില്‍ റോഡ്ഷോ നടത്താന്‍ ഒരുക്കങ്ങള്‍; സിപിഎമ്മിന്റെ കുത്തക മണ്ഡലത്തില്‍ വിമതനായ ശശിയെ സ്ഥാനാര്‍ഥിയാക്കുന്നത് ഗുണകരമാകുമെന്ന് വിലയിരുത്തല്‍; കോണ്‍ഗ്രസ് ഇക്കുറി മത്സരിക്കുന്നത് 95 സീറ്റുകളില്‍; യുഡിഎഫിലെ സീറ്റ് വിഭജനവും പൂര്‍ത്തിയായി
ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി കെ ശശിയെ മത്സരിപ്പിക്കാന്‍ തീരുമാനം

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച് സിപിഎം വിട്ട പികെ ശശി. ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പികെ ശശിയെ മത്സരിപ്പിക്കാനാണ് തീരുമാനം. സിപിഎമ്മിന്റെ കുത്തകയായ മണ്ഡലത്തില്‍ ശശിയെ പിന്തുണക്കുന്നത് ഗുണകരമാകുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അതുകൊണ്ടാണ്
ശശിയ്ക്കായ് മണ്ഡലത്തില്‍ മുതിര്‍ന്ന നേതാക്കളുടെ യോഗം നടക്കുകയാണ്. ഇന്ന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും. ഇന്നത്തെ പ്രഖ്യാപനത്തിന് ശേഷം നാളെ മണ്ഡലത്തില്‍ റോഡ് ഷോ നടത്തും. നേരത്തെ, ശശിക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ പ്രതിഷേധത്തെ മറികടന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നത്. സിപിഎമ്മിനോട് പിണങ്ങിയ ശശി ദിവസങ്ങള്‍ക്ക് മുമ്പാണ് പാര്‍ട്ടി വിട്ടത്.
അതിനിടെ യുഡിഎഫിലെ സീറ്റ് വിഭജനവും പൂര്‍ത്തിയായിട്ടുണ്ട്. ഇക്കാര്യം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. 95 സീറ്റുകളില്‍ കോണ്‍ഗ്രസും 27 മണ്ഡലങ്ങളില്‍ ലീഗും സ്ഥാനാര്‍ഥികളെ നിര്‍ത്തും. എട്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും മത്സരിക്കും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിച്ചിരുന്ന ഇടുക്കി, ഏറ്റുമാനൂര്‍ സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസിന് വിട്ടുതന്നിട്ടുണ്ടെന്നും തൃക്കരിപ്പൂര്‍ സീറ്റിന് പകരം കോണ്‍ഗ്രസിന്റെ കാഞ്ഞങ്ങാട് സീറ്റ് വിട്ടുനല്‍കിയതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ മത്സരിച്ച ആര്‍എസ്പിയുടെ മുഴുവന്‍ സീറ്റുകളും ഇത്തവണയും നിലനിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച മട്ടന്നൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയും പകരം പയ്യന്നൂര്‍ വെച്ചുമാറുമെന്ന ധാരണയിലേക്ക് എത്തിയിരുന്നെങ്കിലും പി.കുഞ്ഞികൃഷ്ണന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ആര്‍എസ്പിയും കോണ്‍ഗ്രസും അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചെന്നും സതീശന്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബിന് പിറവവും സിഎംപിക്ക് തിരുവനന്തപുരവും മാണി സി.കാപ്പന്‍ മത്സരിച്ച കെഡിപിക്ക് പാലായും വിട്ടുനല്‍കും. യുഡിഎഫ് സ്ഥാനാര്‍ഥിയായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പി.വി അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കും. കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഇന്ന് തീരുമാനിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.
'നേതാക്കളും എംപിമാരും തമ്മിലുള്ള തര്‍ക്കം കാരണമല്ല പട്ടിക വൈകിയത്. എംപിമാര്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ല. ഒരുകാലത്തും നടക്കാത്ത കലാപമാണ് സിപിഎമ്മില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതെല്ലാം അവഗണിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകരില്‍ ചിലരെങ്കിലും കോണ്‍ഗ്രസിനെതിരെ തിരിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം മുന്‍കാലങ്ങളെ അപേക്ഷിച്ച് സ്മൂത്തായിട്ടാണ് മുന്നോട്ടുപോകുന്നതെന്ന കാര്യം അറിഞ്ഞിട്ടും പലരും ബോധപൂര്‍വം ഞങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. പോക്കറ്റില്‍ നിന്ന് ഏതെങ്കിലുമൊരു പേപ്പറെടുത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നവരല്ല ഞങ്ങള്‍. ഒരാളെ തീരുമാനിച്ചുകഴിഞ്ഞാല്‍ അതിന്റെ നല്ല വശങ്ങളും ചീത്ത വശങ്ങളും ഞങ്ങള്‍ പരിശോധിക്കും. ചര്‍ച്ചയ്ക്കൊടുവില്‍ സമവായത്തിലെത്തിയതിന് ശേഷമാണ് ഞങ്ങള്‍ പ്രഖ്യാപിക്കുക'. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ കെപിസിസി അധ്യക്ഷ ചുമതല ബെന്നി ബെഹനാന് നല്‍കാന്‍ സാധ്യതയെന്നാണ് അറിയുന്നത്. സണ്ണി ജോസഫ് പേരാവൂരില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് നീക്കം. പേരാവൂരില്‍ സണ്ണി ജോസഫിന് എതിരാളിയായി മത്സരിക്കുന്നത് കെ കെ ശൈലജയാണ്. ബെന്നി ബെഹനാന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ സണ്ണി ജോസഫിനോടൊപ്പം തന്നെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നവരാണ്. ബെന്നി ബെഹനാന് ചുമതല നല്‍കുന്നത് സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം.


