- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരൂരങ്ങാടിയില്‍ എകെ ആന്റണിയെ നിര്‍ത്തി വിജയിപ്പിച്ച പാര്‍ട്ടിയാണ് മുസ്ലീം ലീഗ്; മലപ്പുറത്ത് മുസ്ലിം അല്ലാത്തവരെ സിപിഎം നിര്‍ത്തുമോ? ബിജെപി പോലും മുസ്ലിം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത് അറിയില്ലേ? സിപിഎമ്മിന് വിഭ്രാന്തി: സജി ചെറിയാന്‍ മറുപടിയുമായി മുസ്ലിം ലീഗ്
തിരൂരങ്ങാടിയില്‍ എകെ ആന്റണിയെ നിര്‍ത്തി വിജയിപ്പിച്ച പാര്‍ട്ടിയാണ് മുസ്ലീം ലീഗ്

കൊല്ലം:തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികളുടെ പേര് പരാമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സിപിഎമ്മിന്റെ ലെവല്‍ തെറ്റിയിരിക്കുകയാണെന്നും വര്‍ഗീയതയെ പ്രീണിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. സ്ഥാനാര്‍ത്ഥികളുടെ പേര് നോക്കി കാര്യങ്ങള്‍ നിശ്ചയിക്കാനാണോ സജി ചെറിയാന്‍ പറയുന്നതെന്നും പേര് നോക്കിയാണോ ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും സലാം ചോദിച്ചു.
മുസ്ലീം ലീഗിന് തീവ്രത പോരെന്ന് പറഞ്ഞ് തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചത് സിപിഎം ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വര്‍ഗീയത തടയുന്നതിന് തടസം നിന്നത് മുസ്ലീം ലീഗാണെന്നും പിഎംഎ സലാം കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലീം മെജോറിറ്റിയുള്ള സ്ഥലങ്ങളില്‍ സിപിഎം മുസ്ലീം സ്ഥാനാര്‍ഥിയെ അല്ലേ നിര്‍ത്തുന്നതെന്നും ഹൈന്ദവ മെജോറിറ്റിയുള്ള എവിടെയെങ്കിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടി മുസ്ലീം സ്ഥാനാര്‍ഥിയെയോ മറ്റ് ഏതെങ്കിലും സ്ഥാനാര്‍ഥിയെയോ നിര്‍ത്തിയിട്ടുണ്ടോയെന്നും പിഎംഎ സലാം ചോദിച്ചു.
ബിജെപി പോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിര്‍ത്തിയത് മുസ്ലീം സ്ഥാനാര്‍ഥിയെയാണെന്നും പിഎംഎ സലാം പറഞ്ഞു. എല്ലാപാര്‍ട്ടികളും സാമൂദായിക സമവാക്യം നോക്കിതന്നെയാണ് സ്ഥാനാര്‍ഥികളെ നിര്‍ത്താറുള്ളത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി അതുകൊണ്ടല്ലേ മലപ്പുറം ജില്ലയില്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തയാളുകളെ നിര്‍ത്തുന്നത്. പതിനാറ് മണ്ഡലത്തിലെ എട്ടുമണ്ഡലത്തിലും മാര്‍ക്സിസം എന്തെന്നറിയാത്ത ധനാഠ്യരായ പ്രമാണിമാരെയാണ് രംഗത്തിറക്കിയത്. മലപ്പുറത്ത് മുസ്ലീം അല്ലാത്ത സ്ഥാനാര്‍ഥികളെ അവര്‍ നിര്‍ത്തട്ടെ. തിരൂരങ്ങാടിയില്‍ എകെ ആന്റണിയെ നിര്‍ത്തി വിജയിപ്പിച്ച പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മിന് സമചിത്തത നഷ്ടമായി. ജയിക്കാന്‍ എന്തും വിളിച്ച് പറയുകയാണ്. കേരളീയ സമൂഹത്തിന് മുന്നില്‍ അവര്‍ വീണ്ടും വീണ്ടും പരിഹാസ്യരാകുകയാണെന്നും സലാം പറഞ്ഞു.
മലപ്പുറത്തും കാസര്‍കോട്ടും ജയിച്ച സ്ഥാനാര്‍ഥികളുടെ പേര് നോക്കി കാര്യങ്ങള്‍ നിശ്ചയക്കണമെന്ന് കേരളത്തിലെ കമ്യൂണിസ്റ്റുകാരനായ മന്ത്രി പറയുമ്പോള്‍ സംസ്ഥാനം ഇക്കാലമത്രയും നേടിയ സാമൂഹിക വളര്‍ച്ചയുടെ അര്‍ഥമെന്താണ്?. അത് ആരാണ് കൊണ്ടുപോയി നശിപ്പിക്കുന്നത്?.ഈ പേര് നോക്കിയാണോ ജനാധിപത്യം നിശ്ചയിക്കുന്നത്?. മുസ്ലീം ലീഗ് ഉള്ളിടത്ത് ബിജെപി വിജയിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. അത് ആരുടെ കണ്ണില്‍ പൊടിയിടാനാണ?്. കേരളത്തിലെ ജനം മുഴുവന്‍ സിപിഎം ആണോ?.ബുദ്ധിയുള്ളവരല്ലേയെന്നും പിഎംഎ സലാം ചോദിച്ചു.
മഞ്ചേശ്വരത്തും കാസര്‍കോട് മണ്ഡലത്തിലുമെല്ലാം യുഡിഎഫ് ഒന്നാം കക്ഷിയും ബിജെപി രണ്ടാം കക്ഷിയുമാണ്. ബിജെപി ഭരിക്കുന്ന പഞ്ചായത്തുകള്‍ നേരത്തെ കാസര്‍കോട് ഉണ്ട്. അതില്‍ കുറെ എണ്ണം ബിജെപി നിലനിര്‍ത്തി. കുറെ എണ്ണം യുഡിഎഫ് പിടിച്ചു. മലപ്പുറം ജില്ല ലീഗിന്റെ ശക്തികേന്ദ്രമാണ്. അവിടെ എത്ര ബിജെപിക്കാരന്‍ ജയിച്ചിട്ടുണ്ട്. വര്‍ഗീയത വളരുന്നതിന് തടസ്സം ലീഗ് തന്നെയാണ്. ലീഗിനെ പോലെ സാമൂദായിക സൗഹാര്‍ദത്തിനും പരസ്പര ഐക്യത്തിനും സ്നേഹത്തിനും വേണ്ടി നില്‍ക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയെ കാണിക്കാന്‍ പറ്റുമോ?. ഒരുപാട് വിട്ടുവീഴ്ചകള്‍ ചെയ്ത് സംയമനം പാലിച്ച് മാതൃകാപരമായ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. അത് സജി ചെറിയാനല്ല, ബാലനല്ല, മുഖ്യമന്ത്രി പറഞ്ഞാലും കേരളീയ പൊതുസമൂഹം അംഗീകരിക്കില്ലെന്നതിന്റെ തെളിവാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. അതിനെക്കാള്‍ മോശമായ സാഹചര്യത്തിലേക്ക് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോകാനുള്ള തുടക്കമാണ് ഇത്.
ഭൂരിപക്ഷ വര്‍ഗീയതയെ തരാതരം പ്രീണിപ്പിച്ചത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. മുസ്ലീംലീഗിന് തീവ്രത പോരായെന്ന് പറഞ്ഞ് കേരളത്തിലുളവായിട്ടുള്ള തീവ്രവാദ സംഘടനകളെ മുഴുവന്‍ പ്രോത്സാഹിപ്പിച്ചത് സിപിഎം അല്ലേ. പിഡിപിയെ വളര്‍ത്തിയത് ആരാ?. പിഡിപിയുടെ സ്ഥാനാര്‍ഥിയെ പൊന്നാനിയില്‍ നിര്‍ത്തിയിട്ട് മുസ്ലീം ലീഗിനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് പിണറായി വിജയനല്ലേ?. എസ്ഡിപിഐയുടെ പിന്തുണയിലാണ് പത്തനംതിട്ട മുന്‍സിപ്പാലിറ്റി സിപിഎം ഭരിച്ചത്. ഇത്തവണ ഒരുസീറ്റുപോലും എസ്ഡിപിഐക്ക് നല്‍കാതെ തോല്‍പ്പിച്ചത് മുസ്ലീംലീഗ് ആണ്. വര്‍ഗീയതയുടെ തൊപ്പി മുസ്ലീം ലീഗിന് ചേരില്ലെന്നും പിഎംഎ സലാം പറഞ്ഞു.


