കൊച്ചി: കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ. സുധാകരനെ അനുകൂലിച്ച് എറണാകുളത്തിന്റെ വിവിധയിടങ്ങളില്‍ പോസ്റ്റര്‍. പറവൂര്‍, ഇടപ്പള്ളി, ആലുവ പ്രദേശങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഓഫിസിന് മുമ്പിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍.

ഇടപ്പള്ളി, ആലുവ, മൂവാറ്റുപുഴ എന്നിവിടങ്ങളിലും സുധാകരന് അനുകൂലമായ ഫ്ളക്സുകള്‍ വെച്ചു. എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനം ഉള്ളതിനാല്‍ കണ്ണൂരില്‍ സീറ്റ് നല്‍കണമെന്ന കെ സുധാകരന്റെ ആവശ്യത്തില്‍ അന്തിമ തീരുമാനം ആയില്ല. കെ സുധാകരന്‍ ഇതില്‍ അതൃപ്തി പ്രകടമാക്കിയിരുന്നു. പിന്നാലെയാണ് സുധാകരനെ അനുകൂലിച്ച് ഫ്ളക്സ് ഉയര്‍ന്നത്.

വാക്കുകള്‍ പാലിക്കപ്പെടേണ്ടതാണ്, ചരിത്രം വാക്ക് പാലിച്ചവരുടേതാണ് എന്ന തലക്കെട്ടിലാണ് പോസ്റ്ററിലെ വാചകങ്ങള്‍ തുടങ്ങുന്നത്. 'അതും ഉന്നതരായ വ്യക്തികള്‍ നല്‍കുന്ന വാക്കുകള്‍ പൊന്നിനും, പണത്തിനും പ്രമാണങ്ങള്‍ക്കും അപ്പുറത്തുള്ള ഉറപ്പാണ്. 'Rahul Ji, I want to contest on the upcoming kerala election.' 'Of course, brother. You have my full support-go ahead.' എന്നാണ് പോസ്റ്ററിലുള്ളത്.

പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ ഈ വാക്ക് മതി, അത് ധര്‍മടത്തോ, മട്ടന്നൂരോ കേരളത്തില്‍ 140 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കാന്‍ കെ സുധാകരന്റെ ചങ്കുറപ്പ്. അതാണ് 110% എന്നും ഉറപ്പ് എന്നും ഉറക്കെ പറഞ്ഞത്. ബോധ്യങ്ങളില്‍ നിന്നാണ് വാക്കുകള്‍ പുറത്തേക്ക് വരുന്നത്. രാഹുല്‍ ഗാന്ധിയുടെ ഉറപ്പ് കെ സുധാകരന്‍ നെഞ്ചിലേറ്റിയത് പോലെ തന്നെ കേരളത്തിലെ കോണ്‍ഗ്രസുകാരും കെഎസിനെ നെഞ്ചിലേറ്റിക്കഴിഞ്ഞു'; എന്നും പോസ്റ്ററിലുണ്ട്.

എറണാകുളത്ത് കൂടാതെ പത്തനംതിട്ടയിലും സുധാകരനെയും അടൂര്‍ പ്രകാശിനെയും അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 'ശിവഗിരി മഠം നിര്‍ദേശിച്ച ഇരുവരെയും തഴഞ്ഞുകൊണ്ട് പാര്‍ട്ടി ഇതെങ്ങോട്ട്. ഇരുവരെയും ഒഴിവാക്കിയാല്‍ പ്രത്യാഘാതമുണ്ടാകും. കോന്നിയില്‍ ഈഴവ സമുദായത്തെ തഴഞ്ഞാല്‍ പ്രത്യാഘാതമുണ്ടാകും. അടൂര്‍ പ്രകാശിനെ ഒഴിവാക്കി ആരെ കോന്നിയില്‍ ഇറക്കിയാലും പ്രകാശം പരക്കില്ല.' എന്നായിരുന്നു കെ സുധാകരനും അടൂര്‍ പ്രകാശിനും അനുകൂലമായ പോസ്റ്ററില്‍ എഴുതിയിരുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എംപിമാര്‍ക്കുള്ള വിലക്കില്‍ കെ സുധാകരന് കടുത്ത അതൃപ്തിയാണുള്ളത്. നാടകീയ സംഭവങ്ങളാണ് ഇന്ന് നടന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേണ്ടി ഡല്‍ഹിയിലെത്തിയ സുധാകരന്‍ കടുത്ത അതൃപ്തിയോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സുധാകരന് കണ്ണൂര്‍ സീറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ മുന്‍പും പോസ്റ്ററുകള്‍ അടക്കം പ്രത്യക്ഷപ്പെട്ടിരുന്നു.

നേരത്തെ, കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ മത്സരിക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞിട്ടും നടക്കില്ലെന്നായതോടെ സുധാകരന്‍ ഫേസ്ബുക്കില്‍ വൈകാരിക കുറിപ്പ് പങ്കുവെച്ചിരുന്നു. കണ്ണൂരുമായുള്ള തന്റെ ബന്ധം എണ്ണിപ്പറഞ്ഞാണ് ഫേസ്ബുക് പോസ്റ്റ്. ഡല്‍ഹിയില്‍നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് വൈകാരിക കുറിപ്പ് പങ്കുവെച്ചത്.

കെ സുധാകരന്റെ കുറിപ്പ്:

'കണ്ണൂര്‍ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് എന്നും എന്റെ മേല്‍വിലാസവുമാണ്. കല്ലില്‍ നിന്നും, കത്തിയില്‍ നിന്നും, അരിവാളില്‍ നിന്നും, ബോംബില്‍ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സംരക്ഷിക്കുന്നതുപോലെ ഞാന്‍ മുന്നില്‍ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികര്‍ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാന്‍ എനിക്കൊരിക്കലും സാധിക്കില്ല.

ഞാന്‍ ഉണരുമ്പോള്‍ എന്റെ കണ്ണില്‍ തെളിയുന്നത് ജീവനും രക്തവും നല്‍കി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാര്‍ട്ടിയുടെ സ്വപ്നങ്ങളാണ്. ഞാന്‍ കണ്ണടക്കുമ്പോള്‍ ഉള്‍ക്കണ്ണില്‍ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാര്‍ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവര്‍ത്തകരുടെ ചേതനയറ്റ മുഖവുമാണ്.

കണ്ണൂര്‍ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോണ്‍ഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരന്‍ എന്നും മുന്നില്‍ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയര്‍പ്പും വീണ മണ്ണില്‍, എന്റെ സഹപ്രവര്‍ത്തകരുടെ ചോരവീണ മണ്ണില്‍, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളര്‍ന്ന വിലാപങ്ങളുയര്‍ന്ന മണ്ണില്‍ കെ. സുധാകരന്‍ തലയുയര്‍ത്തി നില്ക്കും.

എന്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിനിടയില്‍ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാന്‍ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളര്‍ന്നവരും പ്രവര്‍ത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാന്‍ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനല്‍ വഴികള്‍ ഒരുപക്ഷെ മറ്റുള്ളവര്‍ക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാര്‍ഥ്യങ്ങളാണ്.'