ന്യൂഡല്‍ഹി: മമ്മൂട്ടിക്ക് വേണ്ടി മോഹന്‍ലാല്‍ ശബരിമലയില്‍ ഉഷപൂജ വഴിപാട് കഴിച്ചത് ഒരു വിഭാഗം വിവാദമാക്കിയിരിക്കുകയാണ്. വഴിപാട് കഴിപ്പിച്ചതിന്റെ പേരില്‍ മമ്മൂട്ടി മുസ്ലീം സമുദായത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മാധ്യമം ദിനപത്രം മുന്‍ അസോസിയേറ്റ് എഡിറ്റും, എഴുത്തുകാരനും, പ്രഭാഷകനുമായ ഒ അബ്ദുള്ളയും സമസ്തയും രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം വലിയ ചര്‍ച്ചയായി. അതേസമയം, മോഹന്‍ലാലിനെ പിന്തുണച്ച് കേരള ബിജെപി പ്രഭാരി പ്രകാശ് ജാവ്‌ദേക്കര്‍ രംഗത്ത് എത്തി.

മമ്മൂട്ടിക്ക് വേണ്ടി ശബരിമലയില്‍ പോയി പ്രാര്‍ത്ഥിച്ച മോഹന്‍ലാലിന് ജാവ്‌ദേക്കര്‍ പിന്തുണ അറിയിച്ചു. ഇതാണ് ഇന്ത്യന്‍ പാരമ്പര്യമെന്നും, വിശ്വ ബന്ധുത്വത്തിലാണ് വിശ്വാസമെന്നും ജാവ്‌ദേക്കര്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.


അസുഖബാധിതനായി വിശ്രമത്തിലായ, മമ്മൂട്ടിയുടെ പേരില്‍ ശബരിമലയിലെ ഉഷപൂജയാണ് മോഹന്‍ലാല്‍ നടത്തിയത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. സുഹൃത്ത് കെ മാധവനും ഒപ്പമാണ് ലാല്‍ ശബരിമലയില്‍ എത്തിയത്. എമ്പുരാന്‍ എന്ന സിനിമ മാര്‍ച്ച് 27ന് റിലീസിന് ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി കൂടിയാണ് മോഹന്‍ലാല്‍ ശബരിമല ദര്‍ശനം നടത്തിയത്.

ശബരിമലയിലെ വഴിപാട് വിഷയത്തില്‍ നേരത്തെ പ്രതികരണവുമായി മോഹന്‍ലാലും രംഗത്ത് എത്തിയിരുന്നു. മമ്മൂട്ടി തന്റെ സഹോദരനും വളരെയടുത്ത സുഹൃത്തുമാണ്. ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് വളരെ വ്യക്തിപരമായ കാര്യമാണ്. താന്‍ കഴിപ്പിച്ച വഴിപാടിന്റെ രസീത് ദേവസ്വം ബോര്‍ഡിലെ ആരോ ലീക്ക് ചെയ്തതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മമ്മൂട്ടിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാലാണ് മോഹന്‍ലാല്‍ വഴിപാട് കഴിച്ചതെന്നുമുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.