- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയങ്ക പൊളിറ്റിക്കല്‍ ടൂറിസ്റ്റെന്നും അവസരവാദിയെന്നും ഉളള ആക്ഷേപം കടുപ്പിച്ച് ബിജെപിയും എല്‍ഡിഎഫും; എതിരാളികളുടെ പ്രചാരണങ്ങളെ നിഷ്പ്രഭമാക്കാന്‍ പ്രിയങ്ക നവംബര്‍ മൂന്നിന് വീണ്ടും വയനാട്ടില്‍ എത്തും; രാഹുലും ഒപ്പമുണ്ടാകും
പ്രിയങ്ക നവംബര്‍ മൂന്നിന് വീണ്ടും വയനാട്ടില്‍
കല്‍പറ്റ: വയനാട്ടില്‍, പ്രിയങ്ക ഗാന്ധി ഒരു 'പൊളിറ്റിക്കല്‍ ടൂറിസ്റ്റെന്നും അവസരവാദിയെന്നും ഉള്ള ആക്ഷേപം ബിജെപി കടുപ്പിക്കുന്നതിനിടെ, യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രചാരണത്തിനായി നവംബര്‍ മൂന്നിന് വീണ്ടും മണ്ഡലത്തിലെത്തും. രാഹുല്‍ ഗാന്ധിയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. നവംബര്‍ ഏഴ് വരെ പ്രിയങ്ക വയനാട്ടില്‍ ഉണ്ടാകും.
നവംബര്‍ മൂന്നിന് രാവിലെ പതിനൊന്നിന് മാനന്തവാടി ഗാന്ധി പാര്‍ക്കിലായിരിക്കും ആദ്യ പരിപാടി. അന്നു തന്നെ മറ്റ് യോഗങ്ങളിലും പങ്കെടുക്കും. നവംബര്‍ നാലിന് കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ അഞ്ചിടങ്ങളില്‍ പ്രിയങ്ക കോര്‍ണര്‍ യോഗങ്ങള്‍ നടത്തുമെന്ന് പാര്‍ട്ടി അറിയിച്ചു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ആദ്യ മത്സരമാണിത്. രാഹുല്‍ഗാന്ധിക്കും സോണിയാഗാന്ധിക്കുമൊപ്പം റോഡ് ഷോയോടു കൂടിയായിരുന്നു പ്രിയങ്ക പ്രചാരണത്തിന് തുടക്കം കുറിച്ചത്.
അതേസമയം, ബിജെപിയുടെ ആരോപണം എല്‍ഡിഎഫും ഏറ്റുപിടിച്ചിട്ടുണ്ട്. രാഹുലിനെപ്പോലെ പ്രിയങ്കയും വയനാട്ടിലെ അതിഥിയായി പോകുമെന്നും മണ്ഡലത്തില്‍ ഉണ്ടാവില്ലെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി പറഞ്ഞു. പ്രിയങ്കയുടെ വരവും റോഡ്‌ഷോയും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള ഉത്സവം പോലെയാണെന്നാണ് ബി.ജെ.പി സ്ഥാനാര്‍ഥി നവ്യ ഹരിദാസ് അഭിപ്രായപ്പെട്ടത്.
പ്രിയങ്ക അവസരവാദിയാണെന്ന് ബിജെപി ദേശീയ വക്താവ് സി.ആര്‍ കേശവന്‍ നേരത്തെ ആക്ഷേപിച്ചിരുന്നു. പ്രിയങ്കയെ 'പൊളിറ്റിക്കല്‍ ടൂറിസ്റ്റ്' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വയനാട്ടില്‍ പ്രിയങ്ക പ്രചാരണത്തിനെത്തിയ ദിവസം തന്നെയാണ് രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയത്.
വയനാട്ടില്‍ നിന്നും റായ്ബറേലിയില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വിജയിച്ചിരുന്നു. പിന്നീട് വയനാട് സീറ്റ് ഒഴിയുകയായിരുന്നു. നവംബര്‍ 13നാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക.