മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎമ്മിനേയും 'ആര്‍ എസ് എസ്' ബാന്ധവത്തില്‍ തളയ്ക്കാന്‍ പിവി അന്‍വര്‍. പി.വി. അന്‍വറിന്റെ നിലമ്പൂരിലെ യോഗത്തിനെത്തിയ ജനാവലി ജമാഅത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും കോണ്‍ഗ്രസിന്റേയും കൂട്ടുമുന്നണിയുമായി ബന്ധപ്പെട്ട ആളുകളാണെന്ന എം.വി.ഗോവിന്ദന്റെ പരാമര്‍ശത്തിന് മറുപടിയുമായി പി.വി.അന്‍വര്‍ ചര്‍ച്ചയാക്കുന്നത് ആര്‍ എസ് എസ് ഫാക്ടറാണ്. തന്റെ യോഗത്തില്‍ പങ്കെടുത്തവര്‍ ജനാധിപത്യ വിശ്വാസികളാണെന്നും എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കുമെല്ലാം ഇത്രയും ശക്തിയുണ്ടെന്ന് സിപിഎം അംഗീകരിച്ചോയെന്ന് അന്‍വര്‍ ചോദിച്ചു.

സിപിഎമ്മിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയകാരണം മുസ്ലീം പ്രീണനമാണെന്ന വാദം വിഡ്ഢിത്തമാണെന്നും അന്‍വര്‍ പറഞ്ഞു. ആര്‍ എസ് എസുമായി അടുക്കാനുള്ള തന്ത്രമാണ് ഇതെന്നും അന്‍വര്‍ പറയുന്നു. എങ്ങനെയെങ്കിലും ബിജെപിയും ആര്‍എസ്എസുമായി ഒരു തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കണമെന്നാണ് മുഖ്യമന്ത്രിയടക്കമുള്ള സിപിഎമ്മിലെ ചില നേതാക്കളുടെ ആവശ്യം. മുസ്ലീം പ്രീണനമെന്നത് ഈ ധാരണയുണ്ടാക്കാനുള്ള ഒരു കാരണം കണ്ടെത്തുക മാത്രമാണ്. തിരഞ്ഞെടുപ്പിലെ തോല്‍വിക്കുള്ള യഥാര്‍ഥ കാരണം പോലീസിങ്ങും പഞ്ചായത്തിലെ നികുതി വര്‍ധനവുമെല്ലാമാണെന്നും സിപിഎമ്മിനുള്ള മറുപടിയായി അന്‍വര്‍ പറഞ്ഞു.

'ഇപ്പോഴത്തെ ഉന്നം അന്‍വറാണ്. അതിന്റെ കൂടെ മലപ്പുറവും. മലപ്പുറത്താണല്ലോ അന്‍വറും. മലപ്പുറത്തിന്റെ പുത്രനാണ് അന്‍വറെന്നാണ് മുഖ്യമന്ത്രി പറഞ്ഞുവരുന്നത്. ഞാന്‍ മലപ്പുറത്തിന്റെയല്ല, ഭാരതത്തിന്റെ പുത്രനാണ്. രാജ്യത്തിന്റെ ദേശീയതയില്‍ അലിഞ്ഞുചേര്‍ന്ന ചരിത്രമുള്ള കുടുംബത്തില്‍നിന്നാണ് ഞാന്‍ വരുന്നത്. ഞാനൊരു ഭാരതീയനാണെന്നതില്‍ ഒരു തര്‍ക്കവുമില്ല. തേച്ചുമായ്ച്ചുകളയാന്‍ ശ്രമിച്ചാല്‍ നടക്കാന്‍പോകുന്ന കാര്യവുമല്ലെന്നും അന്‍വര്‍ പറഞ്ഞു.

ആയിരക്കണക്കിനാളുകളാണല്ലോ നിലമ്പൂരിലെ പരിപാടിക്ക് വന്നത്. മലപ്പുറത്ത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും അത്ര വലിയ ശക്തികളാണോ അവരത് പറഞ്ഞുകൊണ്ടേയിരിക്കണം. കണ്ണടച്ച് ഇരുട്ടാക്കിയിട്ടോ ഉറക്കം നടിക്കുന്നതുകൊണ്ടോ ഈ വിഷയത്തില്‍നിന്ന് മുഖ്യമന്ത്രിക്കോ എഡിജിപിക്കോ രക്ഷപ്പെടാന്‍ കഴിയില്ല. കേരളത്തില്‍ ജനങ്ങള്‍ അത് കൃത്യമായി മനസിലാക്കുന്നുണ്ട്. നിലമ്പൂരിലെ തന്റെ യോഗത്തില്‍ പങ്കെടുത്തവരെ വര്‍ഗീയവാദികളാക്കുന്ന ഫാസിസ്റ്റ് നിലപാടിലാണ് സിപിഎം നേതൃത്വമെങ്കില്‍ അത് അവര്‍ക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാലോളി മുഹമ്മദ് കുട്ടിയേക്കുറിച്ച് കേരളത്തിലെ എല്ലാവര്‍ക്കും അറിയാം. സംശുദ്ധജീവിതത്തിന്റെ ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റുകാരില്‍ ഒരാളാണ് അദ്ദേഹം. പാലോളിയെക്കൊണ്ട് സിപിഎം പറഞ്ഞ് പറയിപ്പിക്കുകയാണ്. അദ്ദേഹത്തെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും ആരുപറഞ്ഞാലും മുഖ്യമന്ത്രി മാറില്ലെന്നും അന്‍വര്‍ പറഞ്ഞു.

1500 റിയാലോ രണ്ടായിരം റിയാലോ വാങ്ങി വിദേശത്ത് ജോലി ചെയ്യുന്ന ഒരാള്‍ക്ക് കിലോ കണക്കിന് സ്വര്‍ണവുമായി ഇങ്ങോട്ട് വരാന്‍പറ്റുമോ എന്ന് അന്‍വര്‍ ചോദിച്ചു. അപ്പോള്‍ ഇതിനുപിന്നില്‍ ഒരു വലിയ സംഘം പ്രവര്‍ത്തിക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇതൊക്കെ മനസിലാക്കാന്‍ അത്രവലിയ സാമാന്യബുദ്ധി മതി. എന്താണ് കേന്ദ്ര ഏജന്‍സികളൊന്നും വരാത്തത് വന്ന് അന്വേഷിക്കാനുള്ള ബാധ്യത അവര്‍ക്കുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നമ്മള്‍ കൊടുക്കുന്ന ഹര്‍ജി നോക്കിയിട്ട് ഹൈക്കോടതിക്ക് അതില്‍ തീരുമാനമെടുക്കാം. ഹൈക്കോടതി തീരുമാനിക്കുന്നതനുസരിച്ച് കാര്യങ്ങള്‍ നീങ്ങും. പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം ഇപ്പോള്‍ നടക്കുന്നതുകൊണ്ട് അതുകഴിയട്ടെ എന്ന് ഒരുപക്ഷേ കോടതി പറയും. ഇക്കാര്യം നിയമവിദഗ്ധരുമായി ആലോചിക്കുന്നുണ്ട്-അന്‍വര്‍ പറഞ്ഞു.