തിരുവനന്തപുരം: ആരോഗ്യം, പൊതുവിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയില്‍ കേരളം നമ്പര്‍വണ്‍ ആണെന്നതില്‍ ആര്‍ക്കും സംശയമില്ലാത്ത കാര്യമാണ്. എന്നാല്‍, ഇക്കാര്യം അംഗകരിക്കാന്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഏത് കക്ഷിയാണെങ്കിലും തയ്യാറാകില്ല. സംസ്ഥാനത്തെ ആരോഗ്യ രംഗം തകരാറിലാണെന്ന വാദുമാകും പൊതുവേ ഉന്നയിക്കുക. ഇപ്പോഴത്തെ പ്രതിപക്ഷവും ആരോഗ്യ രംഗത്തെ സംസ്ഥാനത്തിന്റെ നേട്ടങ്ങളെ സര്‍ക്കാര്‍ പിന്നോട്ടടിക്കുന്നു എന്ന് വാദിക്കുന്നവരാണ്. നിയമസഭയില്‍ അടക്കം ഈ വിഷയം ഉന്നയിച്ചിരുന്നു.

ഇതിനിടെ കേരളത്തിലെ കോണ്‍ഗ്രസുകാരെ വെട്ടിലാക്കി കൊണ്ട് കേരളത്തെ വാനോളം പുകഴ്ത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തുവന്നു. ആരോഗ്യം, പൊതു വിദ്യാഭ്യാസം, അധികാര വികേന്ദ്രീകരണം എന്നീ മേഖലകളിലെ കേരളത്തിന്റെ പുരോഗതിയെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയിലെ പൊതുചടങ്ങില്‍ ആയിരുന്നു ഇന്ത്യന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കേരളത്തെ പുകഴ്ത്തി സംസാരിച്ചത്. 40-50 വര്‍ഷം കേരളം ഭരിച്ചത് ഇടത് സര്‍ക്കാരാണെന്നും വികസനത്തിലും പുരോഗതിയിലും കേരളം ഏറെ മുന്നിലാണെന്നും കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയിലെ പൊതുചടങ്ങില്‍ വെച്ച് രാഹുല്‍ഗാന്ധി പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസുകാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും സംസ്ഥാന വികസനത്തിനെതിരെയും പൊള്ളയായ ആരോപണങ്ങള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയിലെ പൊതുചടങ്ങില്‍ വെച്ച് കേരളത്തെ വാനോളം പുകഴ്ത്തി പറഞ്ഞത്.

നേരത്തെ കേരളത്തിന്റെ ആരോഗ്യ മേഖലയെ പ്രശംസിച്ച് കര്‍ണ്ണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവവും രംഗത്തുവന്നിരുന്നു. ആരോഗ്യ രംഗത്ത് കേരളം രാജ്യത്ത് തന്നെ നായകത്വം വഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആയുര്‍ദൈര്‍ഘ്യത്തില്‍ തെക്കന്‍ സംസ്ഥാനങ്ങള്‍ മുന്‍പന്തിയിലാണെന്ന് അദ്ദേഹം പ്രശംസിച്ചു. കര്‍ണാടകയിലെ ആരോഗ്യ രംഗത്തെ രാജ്യവുമായല്ല കേരളവും തമിഴ്‌നാടുമായാണ് താരതമ്യം ചെയ്യേണ്ടതെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

നേരത്തെ കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയെ പുകഴ്ത്തി കര്‍ണാടക റവന്യൂ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൃഷ്ണ ബൈര ഗൗഡ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കര്‍ണാടക ആരോഗ്യമന്ത്രിയും കേരളത്തിലെ ആരോഗ്യ രംഗത്തെ പ്രശംസിച്ചിരിക്കുന്നത്. കേരളത്തിലെ ആരോഗ്യമേഖലയെ ഇകഴ്ത്തിക്കൊണ്ടുള്ള പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെയാണ് രാജ്യത്തിന് തന്നെ കേരളത്തിലെ ആരോഗ്യ മേഖല മാതൃകയാണെന്ന് കര്‍ണാടക മന്ത്രി പ്രശംസിച്ചത്.

കേരളം രാജ്യത്തിന് തിളങ്ങുന്ന മാതൃകയെന്നാണ് കൃഷ്ണ ബൈര ഗൗഡ പറഞ്ഞത്. ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെയും മനുഷ്യവിഭവ വികസനത്തേയും മന്ത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്നിഹിതരായിട്ടുള്ള പരിപാടിയില്‍ വെച്ച് പുകഴ്ത്തി. രാഹുലിന്റെയും കര്‍ണാടക മന്ത്രിമാരുടെയും പുകഴ്ത്തല്‍ ഉപയോഗിച്ചു കേരളത്തിലെ പ്രതിപക്ഷത്തെ നേരിടാനാണ് സിപിഎം ശ്രമിക്കുക. തെരഞ്ഞെടുപ്പുകാലം കൂടിയായതിനാല്‍ രാഹുലിന്റെ വാക്കുകള്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകും.