തിരുവനന്തപുരം: തലശേരിയിലെ എല്‍ഡിഎഫ്. സ്ഥാനാര്‍ത്ഥി കാരായി രാജനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. ഫസല്‍ വധക്കേസില്‍ കാരായി രാജന്‍ 'അരും കൊല ആസൂത്രണം ചെയ്ത കൊലയാളിയാണെന്നും', തലശ്ശേരിയില്‍ വര്‍ഗീയ ലഹളയ്ക്ക് ശ്രമിച്ചുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

ഒരു പെരുന്നാള്‍ തലേന്ന് കൊല്ലപ്പെട്ട ഫസലിന്റെ ചോര പുരണ്ട വസ്ത്രം ക്ഷേത്രപരിസരത്ത് കൊണ്ടുവന്ന് ഇട്ടുകൊണ്ട് ഒരു നാടിനെ വര്‍ഗീയ ലഹളക്ക് എറിഞ്ഞുകൊടുക്കാന്‍ ശ്രമിച്ച ക്രൂരത മറക്കരുതെന്നും, സി.പി.എം. കൊന്നിട്ട് കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നും മാങ്കൂട്ടത്തില്‍ ആരോപിച്ചു. ഈ വിഷയത്തില്‍ സി.പി.എം. വര്‍ഗീയ നിറം നല്‍കാന്‍ നടത്തിയ ശ്രമങ്ങളും അദ്ദേഹം ചോദ്യം ചെയ്തു.

ഒരിക്കല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന് കോടതി വിധിച്ച ഒരു വ്യക്തിയെ അതേ ജില്ലയില്‍ തന്നെ മത്സരിപ്പിക്കുന്നത് ആരെയാണ് വെല്ലുവിളിക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. ഒരു കലാപത്തിന്റെ മുറിപ്പാടും ഭീതിയുമായി കഴിയുന്ന തലശ്ശേരിയില്‍ മറ്റൊരു കലാപത്തിന് വെടിമരുന്നിട്ട ആളാണ് കാരായി രാജനെന്നും പോസ്റ്റില്‍ പറയുന്നു.

പത്രവിതരണവുമായി നടന്നിരുന്ന 33 വയസ്സുകാരനായ ഫസലിനെ ഒരു സംഘം കൊലയാളികള്‍ വളഞ്ഞിട്ട് വെട്ടിയും കുത്തിയും കൊന്ന സംഭവം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് മാങ്കൂട്ടത്തിലിന്റെ വിമര്‍ശനം. കാരായി രാജനെപ്പോലൊരു 'കൊലയാളി' തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഇടത് സാംസ്‌കാരിക നായകരും ചിന്തകരും പ്രതികരിക്കാത്തതിലും അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

അറിഞ്ഞില്ലേ തലശ്ശേരിയിലെ സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു...

കാരായി രാജന്‍...

ആരാണ് കാരായി രാജന്‍?

ഓര്‍മ്മയില്ലേ ഒരു ഫസലിനെ?

പത്ര വിതരണവുമായി നടന്ന 33 വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍.

ആ ചെറുപ്പക്കാരനെ ഒരു പെരുന്നാള്‍ തലേന്ന് ഒരു സംഘം കൊലയാളികള്‍ വളഞ്ഞിട്ട് വെട്ടിയും കുത്തിയും കൊന്നത് മറന്നോ?

കൊന്ന ശേഷം ഫസലിന്റെ ചോര പുരണ്ട വസ്ത്രം ഒരു അമ്പലത്തിന്റെ പരിസരത്തു കൊണ്ട് വന്നു ഇട്ട് കൊണ്ട് ഒരു നാടിനെ വര്‍ഗ്ഗീയ ലഹളക്ക് എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ച ആ ക്രൂരത മറന്നോ?

CPM കൊന്നിട്ട് ആ കൊലയ്ക്ക് പിന്നില്‍ RSS ആണെന്നു പറഞ്ഞു അതിനു വര്‍ഗ്ഗീയ നിറം ചാര്‍ത്താന്‍ നടത്തിയ CPM നടത്തിയ ശ്രമം മറന്നോ?

ആ അരും കൊല ആസൂത്രണം ചെയ്ത കൊലയാളിയാണ് കാരായി രാജന്‍.

ഒരിക്കല്‍ ഒരു കലാപം ഉണ്ടായതിന്റെ മുറിപ്പാടും ഭീതിയുമായി കഴിയുന്ന തലശ്ശേരിയിലാണ് മറ്റൊരു കലാപത്തിന് വെടി മരുന്നിട്ട ഒരാളെ സിപിഎം ജനങ്ങള്‍ക്ക് മുകളില്‍ സ്ഥാനാര്‍തിയായി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.

ഒരു പെരുന്നാള് കാലത്ത് തന്റെ അച്ഛനെ കൊന്നവനെ മറ്റൊരു പെരുന്നാള്‍ കാലത്ത് മത്സരിപ്പിക്കാന്‍ ഇറക്കുമ്പോള്‍ അന്നത്തെ രണ്ടര വയസ്സുകാരി ഫിദയോട് എന്ത് മറുപടിയാണ് പറയാന്‍ ഉദ്ദേശിക്കുന്നത്?

കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്ന് ഒരിക്കല്‍ കോടതി വിധിച്ച ഒരു കൊലയാളിയെ കണ്ണൂര്‍ ജില്ലയില്‍ തന്നെ മത്സരിപ്പിച്ച് നിങ്ങള്‍ ആരെയാണ് വെല്ലുവിളിക്കുന്നത്?

കേരളം മുഴുവന്‍ മെയ് 9 ന് വേണ്ടിയുള്ള കാത്തിരിപ്പിലാകുമ്പോള്‍ തലശ്ശേരിയിലെ സ്ഥാനാര്‍ഥി മെയ് 4 നു ആയാണ് കാത്തിരിക്കുന്നത്, കാരണം അന്നാണ് ഫസല്‍ വധ കേസിലെ ഉപരി വാദം.

കാരായി രാജനെ പോലെ ഒരു കൊലയാളി ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഇടത് സംസ്‌കാരിക നായകര്‍ മിണ്ടിയോ?

ഇടത് ചിന്തകര്‍ വിലപിച്ചോ?

കോട്ടിട്ട ചില ഇടത് മാധ്യമ ജഡ്ജികള്‍ ആര്‍ത്തലച്ചോ?

ധാര്‍മികതയെ പറ്റി കവിതകള്‍ വന്നോ?

മനുഷ്യത്വത്തെ പറ്റിയുള്ള കഥാപ്രസംഗങ്ങള്‍ വന്നോ?

ഇല്ലാ....

ചോദ്യങ്ങള്‍ ഇല്ല, അക്രോശങ്ങള്‍ ഇല്ല, പൊതു വിചാരണയില്ല...

ഓഹ് മറന്നു, കൊലയാളി ആണെങ്കിലും കാരായി രാജന്‍ സിപിഎം ആണല്ലോ...

അപ്പോള്‍ ആ കമ്മി ഇമ്മ്യൂണിറ്റി ഉണ്ട്...