- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ല; ആവശ്യം തള്ളി കോണ്‍ഗ്രസ്; എം മുകേഷ് എംഎല്‍എയായി തുടരുന്നത് ചൂണ്ടിക്കാട്ടി പ്രതിരോധിക്കും; ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം കൊടുക്കാന്‍ കെപിസിസി; നിയമസഭയിലേക്ക് മത്സരിക്കാന്‍ ഉടന്‍ അവസരം നല്‍കിയേക്കില്ല; തീപ്പൊരിയായി വന്ന നേതാവിന്റെ നാണംകെട്ട പടിയിറക്കം യുഡിഎഫിനാകെ ക്ഷീണം
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ല
തിരുവനന്തപുരം: ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എയായി തുടരും. എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളി. ഈ ആവശ്യം കടുപ്പിക്കാന്‍ സിപിഎമ്മു തയ്യാറല്ല എന്നതും കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നതാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. സംഘടനാപരമായ നടപടി മാത്രം മതിയെന്നും കോണ്‍ഗ്രസില്‍ ധാരണയായി.
അതേസമയം, രാഹുലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. രാഹുലിനെതിരായ എല്ലാ ആരോപണങ്ങളും സമിതി അന്വേഷിക്കും. ലൈംഗികാതിക്രമ കേസ് നേരിട്ടിട്ടും മുകേഷ് എംഎല്‍എയായി തുടരന്നതടക്കം ഉന്നയിച്ച് കോണ്‍ഗ്രസ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നുള്ള ആവശ്യത്തെ പ്രതിരോധിക്കും. നിയമസഭാ സമ്മേളനത്തില്‍ നിന്നും ഇക്കുറി രാഹുലിനെ മാറ്റി നിര്‍ത്താനാണ് സാധ്യത.
രണ്ടുദിവസം കഴിയുമ്പോള്‍ പ്രതിഷേധങ്ങള്‍ അവസാനിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയിലേക്ക് മത്സരിക്കാന്‍ ഇനിയൊരു അവസരം നല്‍കേണ്ടതില്ലെന്ന് ധാരണയായി. വിഷയത്തില്‍ കൂടുതല്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തേണ്ട എന്നാണ് നിര്‍ദേശം. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ പദവി ഒഴിഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസില്‍ പുതിയ അധ്യക്ഷനായി നേതാക്കളുടെ പിടിവലിയാണ്. കെ.സി വേണുഗോപാലും, രമേശ് ചെന്നിത്തലയും എം.കെ രാഘവനും നോമിനികളെ മുന്നോട്ടു വച്ചിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ ആലോചന.
തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ മുന്നണിയുടെ രാഷ്ട്രീയ പോരാട്ടത്തിന് വിലങ്ങുതടിയാകുമെന്ന് കണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെട്ടത്. രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിലനിര്‍ത്തി മുന്നോട്ട് പോയാല്‍ ഇനിയും പരാതികള്‍ ഉയര്‍ന്നുവരുമെന്നതും കോണ്‍ഗ്രസിന് രാഹൂലിനെ കൈവിടാന്‍ പ്രേരണയായി. രേഖമൂലമുളള പരാതി ഇല്ലെങ്കിലും ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡ് സ്വീകരിച്ച കര്‍ശന നിലപാടാണ് രാഹുലിന് വിനയായത്.
കോണ്‍ഗ്രസില്‍ സമീപ കാലത്തൊന്നും ഒരു യുവനേതാവിനും ലഭിക്കാത്തത്ര പരിഗണനയോടെ അതിവേഗം നേതൃപദവിയിലേക്ക് ഉദിച്ചുയര്‍ന്ന നേതാവിനാണ് രാജിയിലൂടെ നാണംകെട്ട് പതനമാണ് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ കണ്ടത്. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന് പ്രതിരോധമൊരുക്കിയതും എതിരാളികളെ നിലംപരിശാക്കുന്ന വാക്ചാതുരിയുമാണ് കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ പദവിയിലും പിന്നാലെ എം.എല്‍.എ പദവിയിലുമെത്തിക്കുന്നത്.
താഴെതട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തി പടിപടിയായുള്ള ഉയര്‍ച്ചക്ക് പകരം നേരിട്ട് പെട്ടെന്ന് നേതൃപദവിയിലെത്തിയ നേതാവാണ് രാഹുല്‍. അപ്രതീക്ഷിതമായി ലഭിച്ച സ്റ്റാര്‍ഡം തന്നെയാണ് രാഹുലിനെ വീഴ്ത്തിയതും. കെ.എസ്.യു പത്തനംതിട്ട ജില്ല സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്‍.എസ്.യു ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികളില്‍ ഇരുന്ന ശേഷമാണ് തെരഞ്ഞെടുപ്പിലൂടെ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തുന്നത്. എ ഗ്രൂപ് പ്രതിനിധിയായി മത്സരിച്ച് വിജയിച്ച രാഹുലിന്റെ പക്ഷത്തുള്ളവര്‍ വ്യാജ ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് തയാറാക്കിയെന്ന ആരോപണം പൊലീസ് കേസായി മാറിയിരുന്നു. പാലക്കാട് എം.എല്‍.എയായിരുന്ന ഷാഫി പറമ്പില്‍ വടകരയില്‍നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പിലൂടെ രാഹുലിന് നിയമസഭയിലേക്ക് വഴി തുറന്നത്.
സൈബറിടങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും പാര്‍ട്ടിയുടെ വജ്രായുധമായി മാറിയ രാഹുലിന് യൂത്ത് കോണ്‍ഗ്രസിലും മികച്ച പിന്തുണയാണ് ലഭിച്ചിരുന്നത്. പാര്‍ട്ടിക്കെതിരായ ആക്രമണങ്ങളില്‍ സി.പി.എം 'നോട്ടമിട്ട' എതിരാളികളിലൊരാളായി അദ്ദേഹം മാറി. പിന്നാലെ ആരോപണങ്ങള്‍ പലതായി അന്തരീക്ഷത്തില്‍ പാറിപ്പറന്നെങ്കിലും അതിനെയെല്ലാം എതിരാളികളുടെ പ്രചാരണമായി തള്ളുകയായിരുന്നു രാഹുല്‍. സമീപ കാലത്ത് രാഹുലിനെതിരെ വീണ്ടും സമൂഹമാധ്യമങ്ങളില്‍ പ്രചാരണം കൊടുമ്പിരികൊണ്ടപ്പോഴും ദിവസങ്ങളോളം മാറിനിന്ന ശേഷം 'ഹു കെയേഴ്‌സ്' എന്ന മറുപടിയുമായാണ് അദ്ദേഹം രംഗത്തുവന്നത്.
അതേ പ്രയോഗം തന്നെ ഉപയോഗിച്ചാണ് രാഹുലിന്റെ പേര് പറയാതെ യുവനടി തനിക്ക് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞത്. പിന്നാലെ പ്രവാസി എഴുത്തുകാരിയും രാഹുലില്‍നിന്നുണ്ടായ ദുരനുഭവം പേരെടുത്തുപറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇതിന് പിന്നാലെ രാഹുല്‍ നടത്തിയതെന്ന് പറയുന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും പുറത്തുവന്നു. കേന്ദ്രത്തിലും കേരളത്തിലും പതിറ്റാണ്ടായി അധികാരമില്ലാത്ത കോണ്‍ഗ്രസിനെ സംസ്ഥാനത്ത് ഭരണത്തിലെത്തിക്കാന്‍ നേതൃത്വം ശ്രമിക്കുമ്പോഴാണ് ഇടിത്തീയായി പാര്‍ട്ടി പോരാളികളിലൊരാള്‍ തന്നെ ആരോപണക്കുരുക്കില്‍ പദവി ഒഴിയുന്നതും നേതൃത്വം പ്രതിക്കൂട്ടിലാകുന്നതും. സമീപകാലത്തായി യുഡിഎഫിന് മുന്നില്‍ നിന്നു പ്രതിരോധിച്ച യുവ നേതാവിനെയാണ്.