തിരുവനന്തപുരം: ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചപ്പോള്‍ രാഷ്ട്രീയ ജീവിതത്തില്‍ കടുത്ത പ്രതിസന്ധി നേരിടുകയാണ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിലും. ഷാഫിയുടെ ഉറ്റചങ്ങാതിയാണ് രാഹുല്‍. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കും പാലക്കാട് എംഎല്‍എയായും രാഹുലിനെ കൈപിടിച്ചുയര്‍ത്തിയത് ഷാഫിയായിരുന്നു. ശരിക്കും പറഞ്ഞാല്‍ എല്ലാ അര്‍ത്ഥത്തിലും രാഹുലിന്റെ രക്ഷകന്‍.

പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന എതിര്‍പ്പുകളെ എല്ലാം മറികടന്നാണ് രാഹുലിന് ഷാഫി പാലക്കാട് സീറ്റ് വെച്ചുനീട്ടിയത്. അന്ന് കടുത്ത എതിര്‍പ്പ് ഉര്‍ന്നിട്ടും അതിനെയെല്ലാം തട്ടിയകറ്റി. ഷാഫിയുടെ ഇടപെടല്‍ കാരണം പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയവര്‍ പോലുമുണ്ട്. ഇപ്പോള്‍ രാഹുല്‍ വെട്ടിലായതോടെ കോണ്‍ഗ്രസിനുള്ളില്‍ ഷാഫിക്കും കരുത്തുചോരിക്കുയാണ്. രാഹുലിന്റെ ഇരകളില്‍ പലരും ഷാഫിയോട് പരാതിപറഞ്ഞിരുന്നു എന്നു വരുമ്പോള്‍ വിഷയത്തിന്റെ ഗൗരവം വര്‍ധിക്കുന്നു.

ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാതെ ഡല്‍ഹിയിലെ ഫ്ലാറ്റില്‍ തന്നെ കഴിഞ്ഞ ഷാഫി, വൈകീട്ടോടെ ബിഹാറിലേക്ക് പോയതായാണ് വിവരം. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനും ഷാഫി പറമ്പില്‍ പോയിരുന്നില്ല. അതിനിടെ രാഹുലിന് പിന്നാലെ ഷാഫി പറമ്പിലിനെതിരെയും കോണ്‍ഗ്രസിനുള്ളില്‍ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. രാഹുലിനെതിരായ പരാതി അറിയിച്ചിട്ടും ഷാഫി സംരക്ഷണം ഒരുക്കിയെന്നാണ് ആക്ഷേപം. പാലക്കാട് നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനായി ഷാഫി സമ്മര്‍ദ്ദം ചെലുത്തിയെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. പാലക്കാട്ടെ ഒരു വിഭാഗം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഷാഫിക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത്.

അതേസമയം അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇന്നുണ്ടായേക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് സിപിഎം, ബിജെപി പ്രവര്‍ത്തകരുടെയും യുവജന സംഘടനകളുടെയും പ്രതിഷേധം ഇന്നും തുടരും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പത്തനംതിട്ട അടൂരിലെ വീട്ടിലേക്കും പ്രതിഷേധത്തിന് സാധ്യതയുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പൊലീസിനും ബാലാവകാശ കമ്മിഷനിലും പരാതി എത്തിയിട്ടുണ്ട്. നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്താന്‍ എംഎല്‍എ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണത്തില്‍ ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിന് നല്‍കിയ പരാതിയിലെ ആവശ്യം. എന്നാല്‍ ആരോപണവുമായി നേരിട്ടു ബന്ധമില്ലാത്ത മൂന്നാംകക്ഷി നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനു സമ്മര്‍ദം ചെലുത്തുന്നതു ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതാണെന്നാണു ബാലാവകാശ കമ്മിഷനു നല്‍കിയ പരാതിയില്‍ പറയുന്നത്. എറണാകുളം സ്വദേശി ഷിന്റോ സെബാസ്റ്റ്യനാണു പരാതിക്കാരന്‍.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണവും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിയും കോണ്‍ഗ്രസിലെ യുവനേതാക്കള്‍ക്ക് വലിയ ക്ഷീണമാണ്. അടുത്ത കാലത്തു പാര്‍ട്ടിയില്‍ യുവസംഘത്തിനു ലഭിച്ചുപോന്ന പരിഗണന പുനഃപരിശോധിക്കാനും നിരീക്ഷിക്കാനും മുതിര്‍ന്ന നേതൃനിര നിര്‍ബന്ധിതരാവുകയാണ്. രണ്ടു ടേം പ്രതിപക്ഷത്തായിപ്പോയ പാര്‍ട്ടിയില്‍ ഊര്‍ജസ്വലത മടക്കിക്കൊണ്ടുവരാന്‍ ഒരു പരിധിവരെ ഈ യുവനിരയ്ക്കു കഴിയുകയും ചെയ്തു.

നിയമസഭയില്‍ പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, റോജി എം.ജോണ്‍, മാത്യു കുഴല്‍നാടന്‍, അന്‍വര്‍ സാദത്ത്, സി. ആര്‍.മഹേഷ് തുടങ്ങിയവര്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ കുന്തമുനയായിരുന്നു. പിന്നീട് ചാണ്ടി ഉമ്മനുമെത്തി. അതിനു പിന്നാലെ ഷാഫിക്കു പകരമെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയ്ക്കുള്ളില്‍ ആ നിരയിലേക്ക് ഉയരാനുള്ള പരിശ്രമത്തിലായിരുന്നു. രാഹുലിനു യൂത്ത് കോണ്‍ഗ്രസിലും പാര്‍ലമെന്ററി രംഗത്തും മികച്ച പരിഗണന കിട്ടിയതിനു പിന്നില്‍ ഷാഫിയുടെ ഇടപെടലും യുവാക്കള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ വീക്ഷണവുമുണ്ടായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് തിരിഞ്ഞായിരുന്നു മത്സരമെങ്കിലും രാഹുലിനെതിരെ വ്യാജ വോട്ടര്‍ പട്ടിക വിവാദമുയര്‍ന്നപ്പോള്‍ സംരക്ഷിക്കാനാണു പാര്‍ട്ടി നേതാക്കളെല്ലാം ശ്രമിച്ചത്. അടുത്തയിടെ വയനാട്ടിലെ ഫണ്ട് ക്രമക്കേട് ആരോപണത്തിലും ആ സംരക്ഷണം തുടര്‍ന്നു. എന്നാല്‍ പാര്‍ലമെന്ററി രംഗത്തേക്കുള്ള രാഹുലിന്റെ വരവില്‍ പൊട്ടലും ചീറ്റലുമുണ്ടായി. രാഹുലിനെ പാലക്കാട്ടു തനിക്കു പകരക്കാരനാക്കണമെന്ന ഷാഫിയുടെ നിര്‍ബന്ധത്തിനു നേതൃത്വം വഴങ്ങിയപ്പോള്‍ പി.സരിന്‍ പാര്‍ട്ടിക്കു പുറത്തുപോയി. പാലക്കാട്ടെ മിന്നുന്ന ഉപതിരഞ്ഞെടുപ്പു വിജയത്തോടെ ഷാഫിയും രാഹുലും ഉള്‍പ്പെടുന്ന യുവനിരയ്ക്കു പാര്‍ട്ടിയില്‍ വലിയ പ്രാമുഖ്യം ലഭിച്ചു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി ഷാഫി വന്നു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ യൂത്ത് ബ്രിഗേഡിനൊപ്പം പി.കെ.ഫിറോസും പി.കെ.നവാസും സന്ദീപ് വാരിയരുമെല്ലാം ചേര്‍ന്നതോടെ അതൊരു യുഡിഎഫ് യൂത്ത് ബ്രിഗേഡായി. യുവനിരയുടെ രീതികളിലും ഇടപെടലുകളിലും മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും അമര്‍ഷമുണ്ടായിരുന്നെങ്കിലും പുതിയകാലത്തെ 'വൈബ്' ആയി കണ്ടു വിട്ടുകളഞ്ഞു. ഇനിയിപ്പോള്‍ യൂത്ത് ബ്രിഗേഡിന്റെ രീതികള്‍ ചോദ്യം ചെയ്യപ്പെടും. നിയമസഭാ സമ്മേളനം അടുത്തമാസം ചേരാനിരിക്കുകയാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തിനുശേഷമുള്ള ആദ്യ സമ്മേളനമെന്ന നിലയ്ക്കു വിജയഭേരി മുഴക്കാനിരുന്ന കോണ്‍ഗ്രസ് രാഹുല്‍ വിഷയത്തില്‍ പ്രതിരോധത്തിലാകും.

രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നില്ലെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ പാലക്കാട് സീറ്റില്‍ കോണ്‍ഗ്രസിനു നല്ല പണിയെടുക്കേണ്ടിവരുമെന്ന വിലയിരുത്തല്‍ നേതാക്കള്‍ക്കുണ്ട്. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ യുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ചര്‍ച്ചകളും സജീവമാണ്.

നിലവിലെ വൈസ് പ്രസിഡന്റുമാരായ അബിന്‍ വര്‍ക്കി, ഒ ജെ ജനീഷ് , ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍ കെഎസ്‌യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. കെപിസിസി പ്രസിഡന്റ്, കെഎസ്‌യു , മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ എന്നിവര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നായതിനാല്‍ അബിന്‍ വര്‍ക്കിയെ പരിഗണിക്കാന്‍ സാധ്യത കുറവാണ്.

കെ സി വേണുഗോപാല്‍ പക്ഷക്കാരനായ ബിനു ചുള്ളിയില്‍ രാഹുല്‍ പ്രസിഡന്റായ സമയത്ത് തന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞു കേട്ട പേരുകളിലൊന്നാണ്. ദേശീയ കമ്മിറ്റി പുനസംഘടനയില്‍ പരിഗണിക്കപ്പെടാതെ പോയ കെ എം അഭിജിത്തിനായി കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ നീക്കം നടത്തുന്നുണ്ട്. സ്ഥിരം പ്രസിഡന്റിനെ വെയ്ക്കണോ ആര്‍ക്കെങ്കിലും താത്കാലിക ചുമതല നല്‍കണോ എന്നകാര്യത്തില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കും.