തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കേണ്ടെന്ന നിലപാടിലുറച്ച് കോണ്‍ഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാന്‍ എത്തിക്‌സ് കമ്മിറ്റിക്കും നിയമസഭയ്ക്കും അധികാരമില്ലെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമുള്ളത്. ഇത് ഈ വിഷയത്തിലെ നിലപാടല്ല. പൊതു നിലപാടാണ്. കേസില്‍ പ്രതിയായി എന്നതിന്റെ പേരില്‍ അയോഗ്യനാക്കാന്‍ ആകില്ലെന്നും സതീശന്‍ വ്യക്തമാക്കി.

രാഹുലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നതിനെ എതിര്‍ക്കാനാണ് യുഡിഎഫ് തിരുമാനം. കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ്വഴക്കമില്ല എന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയിലെ വിലയിരുത്തലിലാണ് തീരുമാനം. എത്തിക്‌സ് കമ്മറ്റി അധികാരപരിധി കടന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും വിലയിരുത്തല്‍. റോജി എം. ജോണും യു.എ. ലത്തിഫുമാണ് എത്തിക്‌സ് കമ്മറ്റിയില്‍ ഈ നിലപാടിനെ എതിര്‍ക്കുക.

കുറ്റക്കാരാണെന്ന് കണ്ടെത്തുന്നതിന് മുന്നേ തന്നെ അയോഗ്യരാക്കുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്നാണ് നിഗമനം. എന്നാല്‍ രാഹുലിനെ പുറത്താക്കിയ നടപടിയില്‍ മാറ്റമില്ല. കോണ്‍ഗ്രസ് നിലപാടിനോട് ഘടകകക്ഷികള്‍ക്കും യോജിപ്പെന്നാണ് വിവരം. എത്തിക്‌സ് കമ്മറ്റി അധികാരപരിധി കടന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും വിലയിരുത്തല്‍. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നതിന് മുന്നേ തന്നെ അയോഗ്യരാക്കുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്നാണ് നിഗമനം.

കോണ്‍ഗ്രസ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും രണ്ടാമത്തെ പീഡന പരാതിയില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. മൂന്നാമത്തെ പരാതിയിലാണ് സര്‍ക്കാര്‍ കേസെടുത്തത്. അതിലൊന്നും തങ്ങള്‍ക്കൊരു എതിര്‍പ്പുമില്ലെന്നും നിയമത്തിന്റെ വഴിയില്‍ തന്നെ നേരിടട്ടെ എന്നതായിരുന്നു കോണ്‍ഗ്രസിന്റെ വാദം.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യവുമായി പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. പാലക്കാട് ജില്ലയില്‍ ഏഴ് സീറ്റുകള്‍ വേണമെന്നാണ് കെപിസിസിയോട് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. നെന്മാറ സീറ്റ് സിഎംപിയില്‍ നിന്നും കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും ആവശ്യമുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ ആര്‍ പേര്‍ ചേര്‍ന്നാണ് കെപിസിസി പ്രസിഡന്റിന് കത്തയച്ചത്.

പാലക്കാട് സീറ്റില്‍ ജില്ലാ പ്രസിഡന്റ് ജയഘോഷ് കെ. എസ്, ചിറ്റൂര്‍ സീറ്റ്- സംസ്ഥാന ജനറല്‍ സെക്രട്ടറി ഷഫീക് അത്തിക്കോട്, പട്ടാമ്പി സീറ്റ്- സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ ഫാറൂഖ്, ഒറ്റപ്പാലം- സംസ്ഥാന സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി, ആലത്തൂര്‍- സംസ്ഥാന സെക്രട്ടറി പ്രതീഷ് മാധവന്‍ , നെന്മാറ- സംസ്ഥാന സെക്രട്ടറി വിഷ്ണു. സി, തരൂര്‍ - സംസ്ഥാന സെക്രട്ടറി അഡ്വ.സുബ്രഹ്‌മണ്യന്‍ എന്നിവരുടെ പേരുകളാണ് കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.