തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കൈവിടാതെ കെപിസിസി. രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം പോകില്ല. പകരം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാഹുലിനെ സസ്‌പെന്റ് ചെയ്തു. നേതാക്കള്‍ ഇത് സംബനധിച്ചു തീരുമാനമെടുത്തു. ഇതോടെ നിയമസഭാ സമ്മേളത്തില്‍ അടക്കം രാഹുലിന് പങ്കെടുക്കാന്‍ സാധിക്കില്ല. മുഖംരക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പാര്‍ട്ടി ഉടന്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കും.

രാഹുല്‍ രാജിവെച്ചാല്‍ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് വരും എന്ന കാര്യത്തെ മറയാക്കിയാണ് രാജിവേണ്ടെന്ന തീരുമാനത്തില്‍ പാര്‍ട്ടി എത്തിയത്. രാജിവെക്കുന്നതാണ് ഉചിതം എന്നായിരുന്നു നേരത്തെ ഹൈക്കമാന്റിന്റെ നിലപാട്. നിയമോപദേശമടക്കം സ്വീകരിച്ച് രാജി വേണ്ടെന്ന തീരുമാനത്തിലേക്ക് സംസ്ഥാന നേതൃത്വം എത്തുമ്പോള്‍ അതിനൊപ്പമെന്ന നിലപാടായിരുന്നു ഹൈക്കമാന്‍ഡ് നിലപാടും.

എത്രകാലത്തേക്കാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍ എന്ന് വ്യക്തമല്ല. ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ രാഹുലിന് സാധിക്കില്ല. ഇപ്പോഴത്തെ നടപടിയോടെ വിവാദങ്ങള്‍ തണിക്കുമെന്ന നിഗമനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇന്ന് രാവിലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്ത തുടങ്ങിയ നേതാക്കള്‍ തമ്മില്‍ കൂടിയാലോചനകള്‍ നടത്തിയിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ പാര്‍ട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ്സില്‍ ഒറ്റപ്പെടുകയും സമ്മര്‍ദം കനക്കുകയും ചെയ്തിട്ടും പ്രതിരോധം തീര്‍ത്തും രാജി ആവശ്യം നിരസിച്ചും രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം ഉറച്ചുനിന്നിരുന്നു. തന്റെ പേര് പറഞ്ഞ് ആരോപണമുന്നയിച്ച ട്രാന്‍സ്‌വുമണ്‍ അവന്തികയുടെ ചാറ്റും ഫോണ്‍ സംഭാഷണവും പുറത്തുവിട്ടായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പ്രതിരോധം. വനിത നേതാക്കളടക്കം കെ.പി.സി.സി ഒന്നടങ്കം രാജിക്കായി മുറവിളി കൂട്ടുമ്പോഴാണ് അതേക്കുറിച്ച് ഒരക്ഷരം മിണ്ടാതെ തന്റെ ഭാഗം ന്യായീകരിക്കും വിധമുള്ള നീക്കത്തിലൂടെ പാര്‍ട്ടി ചിന്തിക്കുന്നതിനൊപ്പം കൂടാന്‍ താനില്ലെന്ന പരോക്ഷ സൂചന അദ്ദേഹം നല്‍കിയത്.

മറുഭാഗത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാകട്ടെ നിലപാടില്‍ ഒട്ടും അയവ് വരുത്തിയിട്ടില്ല. ഷാനിമോള്‍ ഉസ്മാന്‍, ഉമ തോമസ് അടക്കം വനിത നേതാക്കള്‍ ഞായറാഴ്ച രാജി ആവശ്യം പരസ്യമായി ഉന്നയിച്ചു. ഉചിത സമയത്ത് ഉചിത തീരുമാനമുണ്ടാകുമെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം.

എന്നാല്‍, പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ തിരിച്ചടി ഉണ്ടാവുമെന്ന ഭയമാണ് രാജി ആവശ്യത്തില്‍ നിന്നും പിന്മാറാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസിന് നിയമോപദേശം ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെയാണ് പാര്‍ട്ടി നേതാക്കളും രാജിയാവശ്യത്തില്‍ നിന്നും പിന്നാക്കം പോയതും സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് കടന്നതും.

അതേസമയം രാഹുലിനെ പിന്തുണക്കാന്‍ താല്‍പ്പര്യമുള്ള നേതാക്കളെ പോലും പിന്തിരിപ്പിക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിലപാടില്ലായ്മയാണ്. താന്‍ നിരപരാധിയാണെന്ന് ശക്തമായി പറയാന്‍ രാഹുലിന് സാധിക്കുന്നില്ല. ഇതാണ് നേതാക്കളെയും ആശയകുഴപ്പത്തിലാക്കുന്നത്. ഇനിയും എന്തൊക്കെ വിവരങ്ങള്‍ വരാനുണ്ട് എന്നാണ അറിയേണ്ടത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, തനിക്കെതിരേ പുറത്തുവന്ന ഓഡിയോ സന്ദേശങ്ങളോട് എടുക്കുന്ന നിലപാടുകള്‍ രണ്ടുതട്ടിലാണ്. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്യുന്ന ഓഡിയോയിലെ ശബ്ദം തന്റേതല്ലെന്ന് പറയാന്‍ രാഹുല്‍ തയ്യാറായിട്ടില്ല.

ഞായറാഴ്ചത്തെ വാര്‍ത്താസമ്മേളനത്തിലും ഈ ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതിനു മറുപടി പറയാതെ, ട്രാന്‍സ്വുമണ്‍ അവന്തികയുടെ ആരോപണത്തെ ചെറുക്കാനെന്ന മട്ടില്‍ ഒരു ഓഡിയോ പുറത്തുവിട്ട് അത് ചര്‍ച്ചയാക്കാനായിരുന്നു രാഹുലിന്റെ ശ്രമം. ഗര്‍ഭച്ഛിദ്രവിഷയയുമായി ബന്ധപ്പെട്ട ഓഡിയോയുടെ കുറേക്കുടി ഗുരുതര സ്വഭാവമുള്ള രണ്ടാം ഭാഗം പുറത്തുവന്നതോടെ വനിതാ കമ്മിഷനും ബാലാവകാശ കമ്മിഷനും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു.

എന്നാല്‍, ഓഡിയോ വ്യാജമാണെന്ന് പരാതി കൊടുക്കാനോ, ശബ്ദം തന്റേതല്ലെന്ന് തെളിയിക്കാന്‍ ഫൊറന്‍സിക് പരിശോധന ആവശ്യപ്പെടാനോ രാഹുല്‍ തയ്യാറായിട്ടില്ല. ആരോപണങ്ങളുടെ പേരില്‍ കേസ് കൊടുക്കാന്‍ പോയാല്‍ അതിനേ സമയം കാണൂവെന്ന നിലപാടാണ് രാഹുലിന്റേത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികദാരിദ്ര്യംപിടിച്ച ആളാണെന്നാണ് അവന്തിക കഴിഞ്ഞദിവസം ആരോപിച്ചത്. ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നും ഹൈദരാബാദിലും ബെംഗളൂരുവിലും പോകണമെന്നും രാഹുല്‍ പറഞ്ഞു. ലൈംഗികവൈകൃതം നിറഞ്ഞ മെസേജുകളാണ് അയച്ചതെന്നും ആരോപിച്ചിരുന്നു.