- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കഴുകന്‍ രാഷ്ട്രീയം വിലപ്പോകില്ല'; കോണ്‍ഗ്രസും ഇടതുപക്ഷവും നടത്തുന്നത് വെറും നാടകവും അവസരവാദ രാഷ്ട്രീയവും; ചതിക്കെണിയില്‍ വീണു പോകരുത്; വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ച് അതിലൂടെ നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്: രാജീവ് ചന്ദ്രശേഖര്‍
വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ച് അതിലൂടെ നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്: രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകള്‍ അറസ്റ്റില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും നടത്തുന്നത് വെറും നാടകവും അവസരവാദ രാഷ്ട്രീയവും മാത്രമാണെന്ന് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസും ഇടതുപക്ഷവും നടത്തുന്നത് വെറും നാടകവും അവസരവാദ രാഷ്ട്രീയവും മാത്രമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ജയിലിനും കോടതിക്കും പുറത്തുവെച്ച് നടത്തിയ അനാവശ്യമായ നാടകങ്ങളും പ്രതിഷേധങ്ങളും കന്യാസ്ത്രീകള്‍ നേരിടുന്ന സാഹചര്യത്തെ കൂടുതല്‍ വഷളാക്കാനും സങ്കീര്‍ണ്ണമാക്കാനും മാത്രമാണ് ഉപകരിച്ചത് എന്നും രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.
ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ച് അതിലൂടെ നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന് അറിഞ്ഞിട്ടും അവര്‍ അത് തുടരുകയാണ്. കോണ്‍ഗ്രസിന്റെ ഈ നീക്കം നീതിന്യായ വ്യവസ്ഥയെ സമ്മര്‍ദ്ദത്തിലാക്കാനും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാനും മാത്രമാണ് ഉപകരിച്ചത്. ഈ വിഷയത്തില്‍ ഒരു പരിഹാരത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഒരേയൊരു പാര്‍ട്ടി ബിജെപിയാണ്.
ഛത്തീസ്ഗഢ് പോലുള്ള സംസ്ഥാനങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും അതീവ ഗൗരവമുള്ള വിഷയങ്ങളാണ്. ഇത് തിരിച്ചറിയുകയും, ഈ വിഷയത്തില്‍ സംയമനം പാലിക്കുകയും, ചെയ്യണം. കോണ്‍ഗ്രസിന്റെ ഈ കഴുകന്‍ രാഷ്ട്രീയം വിലപ്പോകില്ല. ഛത്തീസ്ഗഢില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് നേതാവ് പോലും കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ അനുഗമിക്കുകയോ, കന്യാസ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ക്രൈസ്തവ വിശ്വാസികളും മതേതരവാദികളും ജനാധിപത്യ വിശ്വാസികളും ഈ ചതിക്കെണിയില്‍ വീണു പോകരുത്. രാജീവ് ചന്ദ്രശേഖര്‍ അഭ്യര്‍ത്ഥിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കോണ്‍ഗ്രസും ഇടതുപക്ഷവും നടത്തുന്നത് വെറും നാടകവും അവസരവാദ രാഷ്ട്രീയവും മാത്രമാണ്. അതൊരിക്കലും ജനങ്ങളെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. കഴിഞ്ഞ ദിവസങ്ങളില്‍ ജയിലിനും കോടതിക്കും പുറത്തുവെച്ച് നടത്തിയ അനാവശ്യമായ നാടകങ്ങളും പ്രതിഷേധങ്ങളും ഛത്തീസ്ഗഢിലെ കന്യാസ്ത്രീകള്‍ നേരിടുന്ന സാഹചര്യത്തെ കൂടുതല്‍ വഷളാക്കാനും സങ്കീര്‍ണ്ണമാക്കാനും മാത്രമാണ് ഉപകരിച്ചത്.
ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ച് അതിലൂടെ നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന് അറിഞ്ഞിട്ടും അവര്‍ അത് തുടരുകയാണ്. കോണ്‍ഗ്രസിന്റെ ഈ നീക്കം നീതിന്യായ വ്യവസ്ഥയെ സമ്മര്‍ദ്ദത്തിലാക്കാനും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാനും മാത്രമാണ് ഉപകരിച്ചത്. അന്വേഷണത്തിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനും എല്ലാവിധ സമ്മര്‍ദ്ദങ്ങളും ഒഴിവാക്കുന്നതിനുമായി, ഗൗരവമേറിയ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റി.
ഈ വിഷയത്തില്‍ ഒരു പരിഹാരത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഒരേയൊരു പാര്‍ട്ടി ബിജെപിയാണ്. ഛത്തീസ്ഗഢ് പോലുള്ള സംസ്ഥാനങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും അതീവ ഗൗരവമുള്ള വിഷയങ്ങളാണ്. അതുകൊണ്ടാണ് അവ നിരോധിക്കുന്ന കര്‍ശനമായ നിയമങ്ങള്‍ അവിടെയുള്ളത്. നാമെല്ലാവരും ഇത് തിരിച്ചറിയുകയും, ഈ വിഷയത്തില്‍ സംയമനം പാലിക്കുകയും, ഇതിനെച്ചൊല്ലി വിവാദങ്ങള്‍ ഉണ്ടാക്കാതിരിക്കുകയും വേണം.
കേരളത്തില്‍ 2022-ല്‍ കന്യാസ്ത്രീകള്‍ക്കെതിരെ സമാനമായ കേസ് കേരള പോലീസും രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ആ കേസ് കോടതി അവസാനിപ്പിച്ചത്. ഛത്തീസ്ഗഢിലെ തന്നെ സ്ഥിതി പരിശോധിച്ചാല്‍, കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് 2021-ല്‍ 4 ക്രൈസ്തവ പുരോഹിതരെ മതപരിവര്‍ത്തന നിരോധനനിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. അന്നൊന്നും പ്രതിഷേധിക്കാതിരുന്നവര്‍ ഇപ്പോള്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ കുളം കലക്കാന്‍ ശ്രമിക്കുകയാണ്. ക്രൈസ്തവ വിശ്വാസികളും മതേതരവാദികളും ജനാധിപത്യ വിശ്വാസികളും ഈ ചതികെണിയില്‍ വീണു പോകരുത്.
കോണ്‍ഗ്രസിന്റെ ഈ കഴുകന്‍ രാഷ്ട്രീയം വിലപ്പോകില്ല. ഛത്തീസ്ഗഢില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് നേതാവ് പോലും കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ അനുഗമിക്കുകയോ, കന്യാസ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുകയോ, അവര്‍ക്കായി എന്തെങ്കിലും ചെയ്യുകയോ ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഈ വിഷയത്തിന്റെ ഗൗരവം അവിടുത്തെ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയാമെന്നതിന്റെ വ്യക്തമായ സൂചനയാണിത്.
ജനക്ഷേമത്തില്‍ പ്രതിജ്ഞാബദ്ധമായ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍, ലോകത്തിന്റെ ഏത് ഭാഗത്ത് ഒരു മലയാളി പ്രതിസന്ധി നേരിട്ടാലും ഞങ്ങള്‍ കൂടെയുണ്ടാകും. ആവശ്യമുള്ളപ്പോഴെല്ലാം ബിജെപി ഇടപെടും. ദീര്‍ഘകാലമായുള്ള ഈ നിലപാടിന്റെ ഭാഗമായാണ് ഈ കേസിലും ബിജെപി ഇടപെട്ടിരിക്കുന്നത്. ഭാവിയിലും ഏതെങ്കിലും മലയാളിക്ക് ഒരു ബുദ്ധിമുട്ടുണ്ടായാല്‍, നിങ്ങളുടെ ജാതി-മത-വിശ്വാസങ്ങള്‍ക്കപ്പുറം ബിജെപി കൂടെയുണ്ടാകും. വികസിത കേരളത്തിനായി... എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വേണ്ടി ബിജെപി കൂടെ ഉണ്ടാകും.