- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈബര്‍ ആക്രമണം നടത്തിയാല്‍ പേടിച്ച് പിന്മാറുമെന്ന് വിചാരിച്ച സൈബര്‍ വെട്ടുകിളികള്‍ക്ക് വെട്ടുകിട്ടി; അത്തരം ആളുകളെ കോണ്‍ഗ്രസ് നിലയ്ക്ക് നിര്‍ത്തണം; ഇനി ഒരു കോണ്‍ഗ്രസ് നേതാവിന് കോണ്‍ഗ്രസിനകത്ത് നിന്ന് സൈബര്‍ അറ്റാക്ക് ഉണ്ടാകരുത്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍
സൈബര്‍ ആക്രമണം നടത്തിയാല്‍ പേടിച്ച് പിന്മാറുമെന്ന് വിചാരിച്ച സൈബര്‍ വെട്ടുകിളികള്‍ക്ക് വെട്ടുകിട്ടി
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യം നിഷേധിക്കുകയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്ത കോണ്‍ഗ്രസ് നടപടിയില്‍ പ്രതികരിച്ചു രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സൈബര്‍ ആക്രമണം നടത്തിയാല്‍ ഭീരുക്കളായി പേടിച്ച് പിന്മാറുമെന്ന് വിചാരിച്ച സൈബര്‍ വെട്ടുകിളികള്‍ക്ക് വെട്ടുകിട്ടിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. അങ്ങനെ പേടിച്ച് പിന്മാറാത്തവരും പാര്‍ട്ടിയില്‍ ഉണ്ടെന്ന് മനസിലാക്കിയില്ലെയെന്നും ഉണ്ണിത്താന്‍. വെട്ടുകിളി കൂട്ടങ്ങള്‍ കൂലിത്തൊഴികളാണ്. അവര്‍ ദിവസ കൂലിക്കാരാണ്. അവരെകൂടി കണ്ടെത്തി പുറത്താക്കണം. അവര്‍ പാര്‍ട്ടിക്ക് ഡാമേജ് ഉണ്ടാക്കുകയാണ്.
രാഹുലിനെതിരെ നിലപാടെടുത്ത കോണ്‍ഗ്രസ് നേതാക്കളെ സൈബര്‍ അക്രമത്തിലൂടെ കീഴടയ്ക്കാം എന്ന് ചിന്തിച്ച കുറേ അധികം പേരുണ്ട്. ഇത്തരം ആളുകളെ കോണ്‍ഗ്രസില്‍ വെച്ച് പുറപ്പിച്ചാല്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യും. അത്തരം ആളുകളെ കോണ്‍ഗ്രസ് നിലയ്ക്ക് നിര്‍ത്തണം. ഇനി ഒരു കോണ്‍ഗ്രസ് നേതാവിന് കോണ്‍ഗ്രസിനകത്ത് നിന്ന് സൈബര്‍ അറ്റാക്ക് ഉണ്ടാകരുത്.
രാഹുലിനെ പുറത്താക്കാന്‍ നേരത്തെതന്നെ പാര്‍ട്ടി തീരുമാനം എടുത്തിരുന്നു. എടുത്ത തീരുമാനത്തിന് കൂട്ടായ ആലോചനയ്ക്ക് വേണ്ടിയാണ് ഒരു ദിവസം വൈകിയതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കിയത്. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. ഇതുസംബന്ധിച്ച് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.
എഐസിസിയുടെ അനുമതിയോടെയാണ് നടപടി. എംഎല്‍എ സ്ഥാനം സ്വയം ഒഴിയുന്നതാണ് ഉചിതമെന്നും കെപിസിസി അദ്ധ്യക്ഷന്‍ അറിയിച്ചു. അറസ്റ്റ് തടയണമെന്ന രാഹുലിന്റെ ആവശ്യവും കോടതി തള്ളി. അതിനാല്‍, ഏത് നിമിഷവും രാഹുലിനെ അറസ്റ്റ് ചെയ്തേക്കാം.'രാഹുലിനെ പുറത്താക്കിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ആലോചിച്ച് തീരുമാനിച്ചതാണ്. എല്ലാ സന്ദര്‍ഭങ്ങളിലും മാതൃകാപരമായ തീരുമാനങ്ങളാണ് കോണ്‍ഗ്രസ് പാര്‍ട്ടി എടുക്കാറുള്ളത്. എഐസിസിയുടെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു.
മാദ്ധ്യമങ്ങളില്‍ ആദ്യം ആക്ഷേപങ്ങള്‍ വന്നപ്പോള്‍ തന്നെ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റി. പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കെപിസിസിക്ക് പരാതി കിട്ടിയപ്പോള്‍ അത് ഉടനെ ഡിജിപിക്ക് കൈമാറി. കളവ് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന സിപിഎമ്മിനെപ്പോലെ അല്ല കോണ്‍ഗ്രസ് എപ്പോഴും ഉചിതമായ തീരുമാനമെടുക്കുമെന്ന് ജനങ്ങള്‍ക്കറിയാം. ഇത് തിരഞ്ഞെടുപ്പിനെ ഒരു രീതിയിലും ബാധിക്കില്ല' - സണ്ണി ജോസഫ് പറഞ്ഞു.




