കാസര്‍ഗോഡ്: കണ്ണൂര്‍ നിയമസഭാ സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എന്നാല്‍, സുധാകരന്് വഴങ്ങില്ലെന്ന നിലപാടിലാണ് കെപിസിസി നേതൃത്വവും. ഇതിനിടെ കെ. സുധാകരന്‍ എംപിക്കെതിരെ ഒളിയമ്പുമായി കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തുവന്നു. മലവെള്ളപ്പാച്ചിലില്‍ ഈട്ടിത്തടിയായാലും തേക്കായാലും ഒലിച്ചുപോകുമെന്നായിരുന്നു ഉണ്ണിത്താന്റെ'ഒളിയമ്പ്'.

സിറ്റിംഗ് എംപിമാര്‍ വീണ്ടും നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ഉണ്ണിത്താന്‍ വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വമാണ് എംപിമാര്‍ക്കുള്ളത്. സൗന്ദര്യമോ പാരമ്പര്യമോ നോക്കിയല്ല സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത്. സീറ്റ് ആവശ്യപ്പെടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെങ്കിലും പാര്‍ട്ടി തീരുമാനമാണ് അന്തിമമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കെ. സുധാകരന്റെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കെയാണ് ഉണ്ണിത്താന്റെ പ്രതികരണം.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടിലുറച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സമ്മര്‍ദ്ദത്തിനും പോസ്റ്റര്‍ പ്രതിഷേധത്തിനും വഴങ്ങില്ലെന്നും നേതൃത്വം വ്യക്തമാക്കി. ഒറ്റപ്പേരുമായി തെരഞ്ഞെടുപ്പ് സമിതിയിലെത്താന്‍ തീവ്രശ്രമം നടത്തുകയാണ്. ബുധനാഴ്ചയോടെ പട്ടിക അന്തിമമാക്കാനാണ് തീരുമാനം. 20 സീറ്റില്‍ വരെ വിശദ ചര്‍ച്ച വേണ്ടി വരുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ വിശദ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവിലും കോവളത്തും ഒഴികെ 10 സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ അന്തിമ തീരുമാനമായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെ. സുധാകരന്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെയാണ് സംസ്ഥാന നേതൃത്വം നിലപാട് കടുപ്പിച്ചത്. കെ. സുധാകരനെ അനുകൂലിച്ച് ഇന്ന് എറണാകുളത്തെ വിവിധയിടങ്ങളില്‍ ഫ്‌ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടു.

പറവൂരിലും ഇടപ്പള്ളിയിലും ആലുവയിലും അടക്കമാണ് ഫ്‌ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്. പറവൂരില്‍ വി.ഡി. സതീശന്റെ ഓഫീസിന് സമീപവും ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരിലാണ് ഫ്‌ലക്‌സ് സ്ഥാപിച്ചത്. സുധാകരന് മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി പിന്തുണ നല്‍കിയിട്ടുണ്ടെന്നും ഫ്‌ലക്‌സിലുണ്ട്.

അടൂര്‍ പ്രകാശിനായി പത്തനംതിട്ടയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അടൂര്‍ പ്രകാശിനെ തഴഞ്ഞ് ഹൈക്കമാന്‍ഡ് ആരെ ഇറക്കിയാലും കോന്നിയില്‍ പ്രകാശം പരക്കില്ലെന്നാണ് പോസ്റ്ററിലുള്ളത്. അടൂര്‍ പ്രകാശിനെയും കെ. സുധാകരനെയും ഒഴിവാക്കിയാല്‍ പ്രത്യാഘാതം ചെറുതാകില്ലെന്നും പോസ്റ്ററിലുണ്ട്. ഈഴവ സമുദായത്തെ തഴഞ്ഞാല്‍ കോണ്‍ഗ്രസിന് കനത്ത പ്രത്യാഘാതം ഉണ്ടാകും. പത്തനംതിട്ട ഡിസിസി ഓഫീസിന്റെ വാതിലിലും പരിസരങ്ങളിലും ആണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.