- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1996ല്‍ റാന്നിയില്‍ അത്ഭുതം കാട്ടിയ 35കാരന്‍; 25 കൊല്ലം കോട്ട കാത്ത തോല്‍വി അറിയാത്ത ജനസമ്മതന്‍; പുതിയ നിയോഗം പാര്‍ട്ടി ജില്ലാ സെക്രട്ടറി കസേരയില്‍; സഖാക്കള്‍ വോട്ട് ചെയ്ത് തോല്‍പ്പിക്കുമെന്ന തിരിച്ചറിവില്‍ മന്ത്രി വീണാ ജോര്‍ജിനെ പരിഗണിച്ചില്ല; പത്തനംതിട്ടയില്‍ 'കമ്യൂണിസം' ജയിക്കുമ്പോള്‍
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി മുന്‍ എംഎല്‍എ രാജു എബ്രഹാമിനെ തെരഞ്ഞെടുത്തു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സെക്രട്ടറിയാക്കാന്‍ ചില നീക്കങ്ങളുണ്ടായിരുന്നു. എന്നാല്‍ പാലക്കാട്ടെ ബഹുഭൂരിഭാഗം സഖാക്കളും രാജു എബ്രഹാമിനൊപ്പമായിരുന്നു. മത്സരമുണ്ടായാല്‍ വന്‍ ഭൂരിപക്ഷത്തില്‍ രാജു എബ്രഹാം ജയിക്കുമെന്ന സ്ഥിതി വന്നു. ഇതോടെ നറുക്ക് രാജു എബ്രഹാമിനായിയ 25 വര്‍ഷം എംഎല്‍എ ആയിരുന്ന അദ്ദേഹം നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗവുമാണ്. ജില്ലാ സമ്മേളനത്തില്‍ പുതിയ ജില്ലാ കമ്മിറ്റിയിലേക്ക് ആറ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. മൂന്ന് ടേം പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കം ആറ് പേരെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. എല്ലാ അര്‍ത്ഥത്തിലും പത്തനംതിട്ടയിലെ സഖാക്കളുടെ ആഗ്രഹമാണ് നടപ്പായത്. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലൊന്നും അംഗീകരിക്കപ്പെടില്ലെന്ന് ഉറപ്പായതോടെ രാജു എബ്രഹാമിനെ ജില്ലാ സെക്രട്ടറിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും അച്ചടക്ക നടപടിയിലൂടെ നീക്കം ചെയ്യപ്പെട്ട ഫ്രാന്‍സിസ് വി. ആന്റണിയെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമായി. കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി. സ്റ്റാലിന്‍, പട്ടിക ജാതി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി സി.എന്‍.രാജേഷ്, ഇരവിപേരൂര്‍ ഏരിയ സെക്രട്ടറി ടി.കെ.സുരേഷ് കുമാര്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി. നിസാം എന്നിവരെയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. കെപി ഉദയഭാനുവിന് പുറമെ അഡ്വ. പീലിപ്പോസ് തോമസ്, മുന്‍ എം.എല്‍.എ കെ.സി.രാജഗോപാല്‍, കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരന്‍, നിര്‍മലാ ദേവി, ബാബു കോയിക്കലേത്ത് എന്നിവരെയും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.
പത്തനംതിട്ടയില്‍ പൊതു സമ്മതനാണ് രാജു എബ്രഹാം. ക്രൈസ്തവ മേഖലയിലും നല്ല സ്വാധീനമുണ്ട്. ഇതെല്ലാം പത്തനംതിട്ടയില്‍ പാര്‍ട്ടിക്ക് കരുത്താകുമെന്നാണ് വിലയിരുത്തല്‍. സ്ഥാനമൊഴിഞ്ഞ സെക്രട്ടറി കെപി ഉദയഭാനുവിന് പുറമെ അഡ്വ പീലിപ്പോസ് തോമസ്, മുന്‍ എംഎല്‍എ കെ സി രാജഗോപാല്‍, കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരന്‍, നിര്‍മലാ ദേവി, ബാബു കോയിക്കലേത്ത് എന്നിവരെയും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. വീണാ ജോര്‍ജ്ജിനെതിരെ നിലപാട് എടുത്ത വ്യക്തിയാണ് കെകെ ശ്രീധരന്‍. കൊടുമണിലെ ഭൂമി കൈയ്യേറ്റ വിഷയത്തില്‍ ശ്രീധരന്റെ നിലപാട് ചര്‍ച്ചയായിരുന്നു. എന്നാല്‍ പ്രായ പ്രശ്‌നം കാരണമാണ് ശ്രീധരനെ പുറത്താക്കുന്നത് എന്നത് വ്യക്തമാണ്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി പത്തനംതിട്ടയിലെ യഥാര്‍ത്ഥ കമ്യൂണിസ്റ്റായി ഏവരും വിലയിരുത്തുന്ന രാജു എബ്രഹാം എത്തുന്നുവെന്നതാണ് വസ്തുത.
1996 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം അന്നുവരെ ജയിച്ചിട്ടില്ലാത്ത റാന്നി മണ്ഡലത്തില്‍ പാര്‍ട്ടി ഏരിയ സെക്രട്ടറി ആയിരുന്ന 35കാരന്‍ രാജു എബ്രഹാമിന് സ്ഥാനാര്‍ത്ഥിയാക്കി പരീക്ഷണം നടത്തി. കന്നി അങ്കത്തില്‍ യുഡിഎഫ് കോട്ട തകര്‍ത്ത്, കോണ്‍ഗ്രസിലെ പീലിപ്പോസ് തോമസിനെ 3429 വോട്ടിന് തോല്‍പ്പിച്ച് രാജു എബ്രഹാം നിയമസഭയിലെത്തി. പീന്നിട് തുടര്‍ച്ചയായി 25 വര്‍ഷമാണ് റാന്നിയില്‍ രാജു എബ്രഹാം ചെങ്കൊടി പാറിച്ചത്. ജനകീയതയായിരുന്നു ഈ വിജയങ്ങളില്‍ എല്ലാം നിറഞ്ഞത്. രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുന്ന വ്യക്തിത്വമാണ് രാജു എബ്രഹാമിന്റേത്. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് സിപിഎമ്മിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
ഞായറാഴ്ച തുടര്‍ന്ന പ്രതിനിധി സമ്മേളനത്തില്‍ ചര്‍ച്ചകള്‍ക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു എന്നിവര്‍ മറുപടി പറഞ്ഞു. കാര്‍ഷികമേഖലക്കും ജനജീവിതത്തിനും നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാന്‍ കേന്ദ്ര വനം വന്യജീവി നിയമത്തില്‍ മാറ്റം വരുത്തണമെന്നും മലയോര ജില്ലയുടെ വികസനത്തിന് ഏറെ സഹായമാകുന്ന ശബരി റെയില്‍ പദ്ധതി നിര്‍മാണ നടപടി വേഗത്തിലാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സമ്മേളനത്തിന് സമാപനം കുറിച്ച് തിങ്കള്‍ വൈകിട്ട് ചുവപ്പ് സേന മാര്‍ച്ചും ബഹുജനറാലിയും തുടര്‍ന്ന് പൊതുസമ്മേളനവും നടക്കും. വൈകിട്ട് നാലിന് കാല്‍ ലക്ഷം പേര്‍ അണിനിരക്കുന്ന റാലി എലിയറയ്ക്കല്‍ ജങ്ഷനില്‍നിന്ന് തുടങ്ങി കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍(കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ്) സമാപിക്കും. റാലിക്ക് മുന്നോടിയായി ചുവപ്പ് സേനാംഗങ്ങളുടെ മാര്‍ച്ചും ഉണ്ടാകും. തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനം സിപിഎം പി ബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങള്‍
രാജു ഏബ്രഹാം, എ പത്മകുമാര്‍, പി ജെ അജയകുമാര്‍, റ്റി ഡി ബൈജു, ആര്‍ സനല്‍കുമാര്‍, പി ബി ഹര്‍ഷകുമാര്‍, ഒമല്ലൂര്‍ ശങ്കരന്‍, പി ആര്‍ പ്രസാദ്, എന്‍ സജികുമാര്‍, സക്കീര്‍ ഹുസൈന്‍, എം വി സഞ്ചു, കോമളം അനിരുദ്ധന്‍, പി എസ് മോഹനന്‍, എസ് ഹരിദാസ്, കെ യു ജനീഷ്‌കുമാര്‍, കെ മോഹന്‍കുമാര്‍, ആര്‍ തുളസീധരന്‍ പിള്ള, കെ കുമാരന്‍, എ എന്‍ സലീം, സി രാധാകൃഷ്ണന്‍, ആര്‍ അജയകുമാര്‍, ശ്യാം ലാല്‍, ബിനു വര്‍ഗീസ്, വീണാ ജോര്‍ജ്ജ്, എസ് മനോജ്, പി ബി സതീഷ് കുമാര്‍, ലസിതാ നായര്‍, റോഷന്‍ റോയി മാത്യു, ബിന്ദു ചന്ദമോഹന്‍, സി എന്‍ രാജേഷ്, ബി നിസാം, ഫ്രാന്‍സിസ് വി ആന്റണി, റ്റി വി സ്റ്റാലിന്‍, സി വി സുരേഷ് കുമാര്‍