തിരുവനന്തപുരം: പിണറായി വിജയന്‍ തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ കടുത്ത അമര്‍ഷമാണ് കോണ്‍ഗ്രസില്‍ പുകയുന്നത്. പ്രസ്താവനക്ക് പിന്നാലെ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളും അയ്യര്‍ക്കെതിരെ രംഗത്തെത്തി. അയ്യരെ തള്ളി രമേശ് ചെന്നിത്തലയും രംഗത്തുവന്നു. മണിശങ്കര്‍ അയ്യര്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും അക്കാര്യം എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മണിശങ്കര്‍ അയ്യറുടെ പ്രസ്താവന ചടങ്ങിന് വിളിച്ചതിന്റെ ഉപകാരസ്മരണയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മഹാത്മാഗാന്ധിയുടെ ദര്‍ശനം ഇന്ത്യയില്‍ നടപ്പാക്കിയ ഏക സംസ്ഥാനം കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കേരളമാണെന്ന മണിശങ്കര്‍ അയ്യരുടെ പരാമര്‍ശത്തെ പരിഹസിച്ച രമേശ് ചെന്നിത്തല, മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് പറയാത്തത് തന്നെ ഭാഗ്യമെന്ന് പ്രതികരിച്ചു.

ആസൂത്രണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ 'വിഷന്‍ 2031' എന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മണിശങ്കര്‍ അയ്യര്‍ സംസ്ഥാനത്തിന്റെ വികസനത്തെയും സംസ്ഥാന സര്‍ക്കാരിനെയും പുകഴ്ത്തിയത്. അടുത്ത മുഖ്യമന്ത്രിയും പിണറായി വിജയന്‍തന്നെ ആയിരിക്കുമെന്നും അദ്ദേഹത്തെ വേദിയിലിരുത്തി മണിശങ്കര്‍ അയ്യര്‍ പറഞ്ഞിരുന്നു. സമ്മേളനം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിന്റെ നടപടിയില്‍ വളരെയധികം ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിഷയത്തില്‍ മണിശങ്കര്‍ അയ്യരെ തള്ളി ഹൈക്കമാന്‍ഡ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മണിശങ്കര്‍ അയ്യര്‍ക്ക് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞത്. മണിശങ്കര്‍ പറയുന്നത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചിരുന്നു. അതേസമയം മണിശങ്കര്‍ അയ്യരെ അധിക്ഷേപിച്ചായിരുന്നു കെപിസിസി വക്താവ് ഡോ. ജിന്റോ ജോണിന്റെ പ്രതികരണം. ഈ അലവലാതിയെ ഇനിയും ചുമക്കണോയെന്നായിരുന്നു ജിന്റോ ജോണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്.

അതേസമയം, കേരളം വീണ്ടും പിണറായി ഭരിക്കുമെന്ന പ്രസ്താവന മണിശങ്കര്‍ അയ്യര്‍ തിരുത്തിയില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരസ്പരം കണ്ടുകൂടെന്നും തന്റെ പ്രസ്താവനയെ വിമര്‍ശിച്ച പവന്‍ ഖേര രാഹുല്‍ഗാന്ധിയുടെ പാവയാണെന്നും മണിശങ്കര്‍ അയ്യര്‍ ദില്ലിയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം അവിശ്വസനീയമാണ്. പ്രതിപക്ഷം പൂര്‍ണമായും വിഭജിക്കപ്പെട്ടു. കേരളം ഒന്നാം സ്ഥാനത്താണെങ്കില്‍ ഗുജറാത്ത് ഇരുപതാം സ്ഥാനത്താണെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

കമ്മ്യൂണിസ്റ്റുകാര്‍ അച്ചടക്കമുള്ളവരാണെന്നും മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു. ഇന്‍ഡ്യാ സഖ്യത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും സഖ്യത്തിലാണ്. കേരളത്തില്‍ എതിര്‍കക്ഷികളായി പോരാടുന്നത് എന്തുകൊണ്ടാണെന്നറിയില്ല. ഒരു മലയാളി ആയിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.