- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒറ്റ ദിവസം എട്ടു കോടി പൊട്ടിക്കാന്‍ ഇതെന്ത് വെള്ളരിക്ക പട്ടണമോ? അയ്യപ്പ സംഗമത്തിന്റെ ചെലവ് വിവരങ്ങള്‍ പുറത്തുവിടണം; ഇതില്‍ ഭൂരിപക്ഷവും വേണ്ടപ്പെട്ടവര്‍ക്കുള്ള കമ്മിഷനാണ്; ഇത് അടിമുടി കമ്മിഷന്‍ സര്‍ക്കാര്‍; ആരാണ് ഈ പൊളിഞ്ഞുപോയ പരിപാടിക്ക് എട്ടു കോടി നല്‍കുന്ന സ്പോണ്‍സര്‍മാര്‍? ചോദ്യങ്ങളുമായി ചെന്നിത്തല
'ഒറ്റ ദിവസം എട്ടു കോടി പൊട്ടിക്കാന്‍ ഇതെന്ത് വെള്ളരിക്ക പട്ടണമോ?
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തില്‍ ചോദ്യങ്ങളുയര്‍ത്തി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ആഗോള സംഗമത്തിനായി എട്ട് കോടി രൂപ ചെലവാക്കിയതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. നടത്തിയ ഒറ്റ ദിവസത്തെ ഒരു പരിപാടിക്ക് എട്ടുകോടി രൂപ ചിലവായതിന്റെ ലോജിക്ക് പിടി കിട്ടുന്നില്ല. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു വിടണം. ഇത്ര ഭീമമായ തുക ഒറ്റദിവസംകൊണ്ട് ചെലവഴിക്കാന്‍ ഇത് വെള്ളരിക്ക പട്ടണമാണോ? ഏതൊക്കെ ഇനത്തിലാണ് ഈ പറയുന്ന എട്ടു കോടി ചിലവായത് എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇതില്‍ ഭൂരിപക്ഷവും വേണ്ടപ്പെട്ടവര്‍ക്കുള്ള കമ്മിഷനാണ്. ഇത് അടിമുടി കമ്മിഷന്‍ സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പസംഗമത്തിന്റെ ചെലവ് സ്പോണ്‍സര്‍മാരില്‍ നിന്നും കണ്ടെത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ സ്പോണ്‍സര്‍മാരില്‍ നിന്ന് എത്ര തുക കിട്ടി എന്നും ഏതൊക്കെ സ്പോണ്‍സര്‍മാരാണ് പണം നല്‍കിയതെന്നും വ്യക്തമാക്കണം. ഇതുവരെ നാലു കോടിയോളം രൂപ പദ്ധതിനടത്തിപ്പിന്റെ ബില്‍ ഇനത്തില്‍ മാറിയതായി മനസിലാക്കാന്‍ കഴിഞ്ഞു. ഇതെല്ലാം പോയിരിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ വര്‍ക്കിങ് ഫണ്ടില്‍ നിന്നാണ്. സ്പോണ്‍സര്‍മാര്‍ തുക നല്‍കുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ദേവസ്വം ബോര്‍ഡിന്റെ ഫണ്ടില്‍ നിന്ന് ഈ തുക ചിലവാക്കിയിരിക്കുന്നത്. ആരാണ് ഈ പൊളിഞ്ഞുപോയ പരിപാടിക്ക് എട്ടു കോടി നല്‍കുന്ന സ്പോണ്‍സര്‍മാര്‍?
കോട്ടയത്തെയും കുമരകത്തെയും നക്ഷത്രഹോട്ടലുകള്‍ക്ക് ദേവസ്വം ബോര്‍ഡ് ഫണ്ടില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അഡ്വാന്‍സ് നല്‍കിയത് മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നിരുന്നു. ആരൊക്കെയാണ് ഈ നക്ഷത്രഹോട്ടലുകളില്‍ താമസിച്ച വിവിഐപി അതിഥികള്‍? അവരുടെ പേരുവിവരങ്ങളും പുറത്തു വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിദേശത്തു നിന്നും വന്‍തോതില്‍ പ്രതിനിധികള്‍ എത്തുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ അവിടെ നിന്നും കാര്യമായി ആരും എത്തിയില്ല. നാലായാരം അതിഥികള്‍ക്കുണ്ടാക്കിയ ഭക്ഷണം വെട്ടി മൂടേണ്ടി വന്നു. കാര്യമായി ആരും പങ്കെടുക്കാതെ ഒഴിഞ്ഞ കസേരയ്ക്കു മുന്നില്‍ നടത്തിയ ഈ ഒറ്റ ദിവസത്തെ പരിപാടിക്ക് എങ്ങനെയാണ് എട്ടുകോടി രൂപയുടെ ചിലവ് വന്നതെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയേ പറ്റു. ഇതില്‍ കമ്മിഷന്‍ പറ്റിയവരുടെ വിശദാംശങ്ങള്‍ പുറത്തു വിടണം. ദേവസ്വം ബോര്‍ഡ് കറവപ്പശുവല്ല. വിശ്വാസികളുടെ കാണിക്കയാണ് ദേവസ്വം ബോര്‍ഡിന്റെ വരുമാനം. അതിന്റെ എല്ലാ ഫണ്ടിലും കയ്യിട്ടു വാരാന്‍ കേരളത്തിലെ വിശ്വാസി സമൂഹം അനുവദിക്കില്ല ചെന്നിത്തല വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് കോടികള്‍ ചെലവഴിച്ചതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു സംഗമത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ തങ്ങിയത് ആഡംബര റിസോര്‍ട്ടുകളിലാണെന്നും മുറിവാടക ഇനത്തില്‍ ലക്ഷക്കണക്കിന് രൂപ ദേവസ്വം ബോര്‍ഡ് ചെലവഴിച്ചതായും പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. സ്‌പോണ്‍സര്‍മാര്‍ ആണ് സംഗമത്തിന് പണം നല്‍കിയതെന്ന വാദം ഇതോടെ പൊളിയുകയാണ്.
ആഗോള അയ്യപ്പ സംഗമത്തിന് പണം അനുവദിച്ചത് ദേവസ്വം ഫണ്ടില്‍ നിന്നാണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ദേവസ്വം ബോര്‍ഡ് അംഗം എ. അജികുമാര്‍ ഈ തുക 'റിലീജിയസ് കണ്‍വെന്‍ഷന്‍ ആന്‍ഡ് ഡിസ്‌കോഴ്‌സ്' എന്ന ഹെഡില്‍ നിന്നാണ് അനുവദിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തു. സംഗമം നടക്കുന്നതിന് അഞ്ച് ദിവസം മുന്‍പാണ് പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ദേവസ്വം കമ്മീഷണര്‍ ഇറക്കിയത്. ഇതിന് പിന്നാലെ സെപ്റ്റംബര്‍ 17-ന്, പ്രതിനിധികള്‍ക്ക് താമസസൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവുകളും പുറത്തിറങ്ങി.
പമ്പയിലാണ് അയ്യപ്പ സംഗമം നടന്നതെങ്കിലും, അതില്‍ പങ്കെടുത്ത പ്രതിനിധികളെ താമസിപ്പിക്കുന്നതിനായി തിരഞ്ഞെടുത്തത് കുമരകത്തെ ഹോട്ടലുകളും റിസോര്‍ട്ടുകളുമാണ്. താമസസൗകര്യത്തിനായി ലക്ഷങ്ങളാണ് അഡ്വാന്‍സ് തുകയായി ദേവസ്വം ഫണ്ടില്‍ നിന്ന് നല്‍കിയത്. പമ്പയില്‍ സംഗമം നടക്കുകയും കുമരകത്ത് വലിയ തുക ചെലവഴിച്ച് താമസം ഒരുക്കുകയും ചെയ്തതില്‍ വലിയ ധൂര്‍ത്ത് നടന്നിട്ടുണ്ടെന്നാണ് ആരോപണം.
പ്രധാനമായും നാല് റിസോര്‍ട്ടുകളിലാണ് താമസസൗകര്യം ഒരുക്കിയത്. കുമരകം ഗോകുലം ഗ്രാന്‍ഡ് റിസോര്‍ട്ടിന് 8,31,600 രൂപയും താജ് കുമരകം റിസോര്‍ട്ടിന് 3,39,840 രൂപയും പാര്‍ക്ക് റിസോര്‍ട്ടിന് 80,000 രൂപയും കെടിഡിസി ഗേറ്റ്വേ റിസോര്‍ട്ടിന് 25,000 രൂപയും അഡ്വാന്‍സായി അനുവദിച്ചിരുന്നു. ഈ തുകകള്‍ അഡ്വാന്‍സ് മാത്രമാണ് എന്നും, ബാക്കിയുണ്ടെങ്കില്‍ അത് അക്കൗണ്ടില്‍ നിന്ന് പേ ചെയ്യുമെന്നും ഉത്തരവില്‍ ദേവസ്വം കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു.
അയ്യപ്പ സംഗമത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഈ സൗകര്യങ്ങള്‍ നല്‍കിയിട്ടില്ലെങ്കിലും, ഒരു വിഭാഗം വിഐപി പ്രതിനിധികള്‍ ഉണ്ടായിരുന്നു എന്നതാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തില്‍ യാതൊരു വേര്‍തിരിവുമില്ലെന്നും വിഐപികള്‍ ഇല്ലെന്നും സര്‍ക്കാരും ദേവസ്വം ബോര്‍ഡും പറഞ്ഞിരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള കണക്കുകള്‍ പുറത്തുവരുന്നത്. 4500 ഓളം പ്രതിനിധികള്‍ പങ്കെടുത്തു എന്ന് ദേവസ്വം ബോര്‍ഡ് അവകാശപ്പെടുമ്പോള്‍, കുമരകത്തെ നക്ഷത്ര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിച്ച വിഐപി പ്രതിനിധികള്‍ ആരായിരുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്.