- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യം; മുസ്ലിം മേഖലയില്‍ ലീഗും ഹിന്ദു മേഖലയില്‍ ബിജെപിയും ജയിക്കുന്നു; ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താന്‍ ഉദ്ദേശിച്ചത്; പ്രസ്താവന വിവാദമായതോടെ ഉരുണ്ടുകളിച്ച് മന്ത്രി സജി ചെറിയാന്; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ ഉത്തരംമുട്ടിതോടെ ക്ഷുഭിതനായി; മന്ത്രിയുടെ വിവാദ പ്രസ്താവനയില്‍ സിപിഎമ്മിന് അതൃപ്തി
താന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യം; മുസ്ലിം മേഖലയില്‍ ലീഗും ഹിന്ദു മേഖലയില്‍ ബിജെപിയും നയിക്കുന്നു

തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ സിപിഎമ്മില്‍ അതൃപ്തി ഉയര്‍ന്നതോടെ പ്രസ്താവനയില്‍ മലക്കം മറിഞ്ഞു സജി ചെറിയാന്‍. ഇക്കാര്യത്തില്‍ വിശദീകരണവുമായി മന്ത്രി രംഗത്തുവന്നു. പ്രസ്താവന വളച്ചൊടിച്ചെന്നും അതിന്റെ പേരില്‍ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും സജി ചെറിയാന്‍ പറഞ്ഞു. താന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണ്. മുസ്ലിം മേഖലയില്‍ ലീഗും ഹിന്ദു മേഖലയില്‍ ബിജെപിയും ജയിക്കുന്നു. ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയത പ്രതിരോധിക്കേണ്ടതുണ്ട്. ആര്‍എസ്എസുകാര്‍ ഉയര്‍ത്തുന്ന വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് നേരിടാന്‍ കഴിയില്ല. അതിന് കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ 39 സീറ്റ് ഉണ്ട്. മതേതരത്വം പറഞ്ഞ് ഞങ്ങള്‍ക്ക് കിട്ടിയത് ഒരു സീറ്റാണ്. കോണ്‍ഗ്രസിന് 2 സീറ്റ് ലഭിച്ചു. വര്‍ഗീയത പറഞ്ഞ ബിജെപിക്ക് 12 സീറ്റ് കിട്ടി. ലീഗില്‍ നിന്ന് 22 പേര്‍ ജയിച്ചു. അവരുടെ പേരുകള്‍ വായിക്കാന്‍ മാത്രമേ താന്‍ പറഞ്ഞിട്ടുള്ളുവെന്നും ഈ അവസ്ഥ കേരളത്തില്‍ മറ്റൊരിടത്തും വരരുത് എന്ന് മാത്രമേ താന്‍ ആഗ്രഹിച്ചുള്ളൂവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഭൂരിപക്ഷ വര്‍ഗീയതയോ ന്യൂനപക്ഷ വര്‍ഗീയതയോ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രസ്താവനയും ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ പോലെ മതേതരവാദി ഇന്ത്യയിലുണ്ടോയെന്ന് മന്ത്രി ചോദിച്ചു. ഏത് പ്രതിസന്ധിയിലും ന്യൂനപക്ഷങ്ങളുടെ കൂടെയാണ് മുഖ്യമന്ത്രി നിന്നിട്ടുള്ളത്. ഇടതു മുന്നണി കാലഘട്ടത്തില്‍ വര്‍ഗീയത ഉണ്ടായില്ല. വര്‍ഗ്ഗീയതയെ നേരിടാന്‍ മതനിരപേക്ഷിത ഉയര്‍ത്തിപ്പിടിക്കണമെന്ന് മന്ത്രി പറഞ്ഞു.
താന്‍ മതേതരവാദിയാണെന്നും ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കുന്നയാളാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഇവിടുത്തെ ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ കഴിയണം. ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടി ബിജെപി, ലീഗ്, ജമാ അത്തെ എന്നിവയുടെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്. ഇത് അപകടമാണെന്നാണ് പറഞ്ഞതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ലീഗ് ജയിച്ചത് വര്‍ഗീയ ശക്തികളുടെ വോട്ടുകള്‍ കൊണ്ടാണോ എന്ന ചോദ്യത്തിന് സജി ചെറിയാന്‍ ക്ഷുഭിതനായാണ് പ്രതികരിച്ചത്. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ മന്ത്രി മടങ്ങുകയുംചെയ്തു. മുസ്ലിം ലീഗില്‍ മത്സരിച്ചു ജയിച്ചവര്‍ വര്‍ഗീയവാദികളാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മന്ത്രി ക്ഷുഭിതനായതും മൈക്കുകള്‍ തട്ടിമാറ്റിയതും.
അതേസമയം കാസര്‍കോടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ മതിയെന്ന മന്ത്രി സജി ചെറിയാന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ മറുപടി പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഒഴിഞ്ഞു മാറിയിരുന്നു. എ.കെ ബാലന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിനും ഗോവിന്ദന്‍ മറുപടി നല്‍കിയില്ല. ഇരുനേതാക്കളുടെയും പ്രസ്താവനകളില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. പ്രതിപക്ഷത്തിനെതിരായ സമുദായ നേതാക്കളുടെ വിമര്‍ശനത്തെ വഴിതിരിച്ചുവിടാന്‍ സജിയുടെ പരാമര്‍ശം ഇടയാക്കി എന്നാണ് വിലയിരുത്തല്‍.
'ലീഗിന്റെ വര്‍ഗീയ ധ്രുവീകരണം ആര്‍ക്കും മനസിലാവില്ലെന്ന് കരുതരുത്. മുസ്ലിം ലീഗ് കേരളത്തില്‍ ഒരു വിഭാഗത്തെ വര്‍ഗീയമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത വളര്‍ത്തുന്നതാണ് എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ജയിച്ചുവന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. നമ്മുടെ രാജ്യത്തിന്റെ സ്ഥിതി ഇതാവാന്‍ പാടുണ്ടോ? കാസര്‍കോട് മുനിസിപ്പാലിറ്റി എടുത്തുനോക്ക്, നിങ്ങളിത് ഉത്തര്‍പ്രദേശും മധ്യപ്രദേശും ആക്കാന്‍ ശ്രമിക്കരുത്.'. എന്‍എസ്എസ്- എസ്എന്‍ഡിപി സഹകരണം സിപിഎമ്മിന്റെ സോഷ്യല്‍ എഞ്ചിനീയറിങ്ങിന്റെ ഭാഗമല്ലെന്നും സാമുദായിക നേതാക്കളെല്ലാം നല്ല ബോധമുള്ളവരെന്നും മന്ത്രി പറഞ്ഞിരുന്നു.
മുസ്‌ലിം ലീഗിന്റേത് വര്‍ഗീയത വളര്‍ത്തുന്ന രാഷ്ട്രീയമാണെന്നായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം.ഇന്നലെയാണ് സജി ചെറിയാന്‍ പരാമര്‍ശം നടത്തിയത്.വര്‍ഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാന്‍ മലപ്പുറത്തും കാസര്‍കോടും ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ അറിയാനാകുമെന്നും ഇതാര്‍ക്കും മനസിലാവില്ലെന്ന് കരുതരുതെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.
അതേസമയം,വിവാദ പരാമര്‍ശത്തില്‍മന്ത്രി സജി ചെറിയാന് എതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിയേലാണ് പരാതി നല്‍കിയത്. മന്ത്രിയുടെ പ്രസ്താവന മതവിശ്വാസികള്‍ക്കിടയില്‍ സംഘര്‍ഷത്തിന് ഇടയാക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമമാണെന്ന് പരാതിയില്‍ പറയുന്നു. കോണ്‍ഗ്രസ് വക്താവ് വി.ആര്‍ അനൂപ് മന്ത്രിക്കെതിരെ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.


