മലപ്പുറം: സാദിഖലി തങ്ങളുടെ പാണ്ഡിത്യം ചോദ്യം ചെയ്ത സമസ്ത സെക്രട്ടറി മുക്കം ഉമര്‍ ഫൈസിക്കെതിരെ നിലപാട് കടുപ്പിച്ച് മുസ്ലീം ലീഗ്. രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും പി കെ ബഷീറും രംഗത്തെത്തി. അതേ സമയം, പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ സമസ്തയിലും ഭിന്നത രൂക്ഷമാകുകയാണ്. ഉമര്‍ ഫൈസി മുക്കത്തിനെതിരെ പരസ്യ നീക്കങ്ങളുമായി മറുവിഭാഗവും ഇറങ്ങി. സമസ്ത കോ- ഓഡിനേഷന്‍ കമ്മിറ്റി എടവണ്ണപ്പാറയില്‍ പൊതുയോഗം വിളിച്ച് മറുപടി നല്‍കും. ഉമര്‍ ഫൈസി മുക്കത്തെ സമസ്തയില്‍ നിന്ന് പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തുടക്കം. മുസ്ലിം മഹല്ലുകള്‍ നിയന്ത്രിക്കേണ്ടത് മത പണ്ഡിതന്മാര്‍ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യമെന്നും ഉമര്‍ ഫൈസി മുക്കം വിമര്‍ശിച്ചിരുന്നു. മഹല്ലുകളുടെ നിയന്ത്രണമുള്ള ഖാളി സ്ഥാനം സാദിഖലി തങ്ങള്‍ ഏറ്റെടുത്തതിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. പിന്നാലെ ഉമര്‍ ഫൈസി മുക്കത്തിനെതിരെ ലീഗ് രംഗത്തെത്തുകയായിരുന്നു.

വിവാദം ചൂടുപിടിച്ചതോടെ സമസ്തയിലും ഭിന്നത രൂക്ഷമായി. പരസ്യമായി ഏറ്റുമുട്ടുകയാണ് സമസ്തയിലെ ലീഗ് അനുകൂലികളും ലീഗ് വിരുദ്ധരും. സ്വാദിഖലി തങ്ങള്‍ക്ക് എതിരെ ഉമര്‍ ഫൈസി മുക്കം പ്രസംഗിച്ച എടവണ്ണപ്പാറയില്‍ വെച്ച് തന്നെ ഉമര്‍ ഫൈസിക്ക് മറുപടി നല്‍കാനാണ് സമസ്തയിലെ ലീഗ് അനുകൂലികളുടെ നേതൃത്വത്തില്‍ സമ്മേളനം വിളിച്ചത്. ഇന്ന് വൈകുന്നേരം ഏഴ് മണിക്കാണ് സമസ്ത ആദര്‍ശ വിശദീകരണ മഹാസമ്മേളനം സംഘടിപ്പിക്കുന്നത്. സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി എടവണ്ണപ്പാറയില്‍ സംഘടിപ്പിക്കുന്ന പൊതുയോഗം യുദ്ധപ്രഖ്യാപനം തന്നെയാകും. ഉമര്‍ ഫൈസിയെ പുറത്താക്കണമെന്ന ആവശ്യം യോഗത്തിലുയരും. സ്വതന്ത്ര കൂട്ടായ്മയായ സുന്നി ആദര്‍ശ വേദിയുടെ നേതൃത്വത്തില്‍ കോഴിക്കോടും പരിപാടി സംഘടിപ്പിച്ചിരുന്നു.

അതേസമയം, സമസ്തയുടെ പണ്ഡിത സഭയായ മുശാവറയിലെ ലീഗ് വിരുദ്ധ പക്ഷം ഉമര്‍ ഫൈസിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഉമര്‍ ഫൈസിക്കും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കുമെതിരായ ദുഷ്പ്രചാരണങ്ങള്‍ അനുവദിക്കില്ലെന്നാണ് സംയുക്ത പ്രസ്താവന. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം ഉള്‍പ്പെടെയുള്ളവര്‍ ഇതിന് കൂട്ടുനില്‍ക്കുന്നു.

മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയക്കാരാണ് സമസ്തയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞാണ് ലീഗ് വിരുദ്ധ പക്ഷത്തിന്റെ പ്രതിരോധം. ഇതിനിടെ, മുക്കം ഉമര്‍ ഫൈസിക്കതിരെ നിലപാട് കടുപ്പിക്കുകയാണ് മുസ്ലീം ലീഗ്. ഉമര്‍ ഫൈസിക്കെതിരെ നടപടി വേണ്ടേ എന്ന ചോദ്യത്തിന് സമസ്ത ജനവികാരം കണക്കിലെടുക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നായിരുന്നു പ്രതിപക്ഷ ഉപനേതാവായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സ്ഥിതി ഉണ്ടാവരുത്. ഉമര്‍ ഫൈസിയുടെ സ്പര്‍ദ്ധ വളര്‍ത്തുന്ന മോശം പരാമര്‍ശം സമസ്ത ഗൗരവത്തില്‍ തന്നെ എടുക്കുമെന്നാണ് കരുതുന്നതെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട് പ്രതികരിച്ചു.

സാദിഖലി തങ്ങള്‍ക്കെതിരായ ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ ബഷീറും രംഗത്തെത്തി. സമൂഹവും സമുദായവും അംഗീകരിക്കുന്നവരാണ് പാണക്കാട് കുടുംബമെന്ന് പി കെ ബഷീര്‍ പറഞ്ഞു. പാണക്കാട് കുടുംബം പൊതു നേതൃത്വമാണ്. അത് തച്ചുടക്കലാണ് ചിലരുടെ ലക്ഷ്യമെന്നും പി കെ ബഷീര്‍ പ്രതികരിച്ചു. ഉമര്‍ ഫൈസി അല്‍പത്തരം കാണിക്കുകയാണ്. ചിലര്‍ സ്വന്തം കുഞ്ഞിനെ വരെ മാറ്റി പറയുമെന്നും പി.കെ ബഷീര്‍ പറഞ്ഞു. 'വിവരമില്ലാത്തവര്‍ പറയുന്നതിനെ കാര്യമാക്കേണ്ടതില്ല. പറയുന്നവരുടെ ഉള്ളിലെ ഈഗോയാണ് ഇങ്ങനെ പറയിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഞങ്ങള്‍ ഇവിടെയുണ്ടെന്ന് കാണിക്കാന്‍ പറയുന്നതാണ്. എല്ലാ വിഭാഗത്തിലുമുണ്ടാകും നീര്‍ക്കോലികള്‍', പി കെ ബഷീര്‍ പറഞ്ഞു.