കോഴിക്കോട്: മെക് സെവന് പിന്നില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയുമാണെന്ന് ആരോപിച്ച ബിജെപിയേയും സിപിഎമ്മിനേയും വിമര്‍ശിച്ച് സന്ദീപ് വാര്യര്‍. മെക് സെവന്‍ തീവ്രവാദമാണെന്നാണ് ഇപ്പോള്‍ ബിജെപിക്കാര്‍ പറയുന്നത്. രണ്ടുവര്‍ഷത്തിനുള്ളില്‍ ആയിരത്തിലേറെ സ്ഥലങ്ങളിലേക്ക് പടര്‍ന്നുകയറിയ ഈ വ്യായാമ ശൃംഖല തീവ്രവാദ പ്രവര്‍ത്തനമാണെങ്കില്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് കേന്ദ്ര ആഭ്യന്തരമന്ത്രിയോട് രാജിവെയ്ക്കാന്‍ പറയുക എന്നതാണ്.

എന്നിട്ട് പകരം സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനനെ ആഭ്യന്തരമന്ത്രിയാക്കുക. രാജ്യത്തെ പൗരന്മാരെ മുഴുവന്‍ സദാസമയം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ ഏജന്‍സികള്‍ക്ക് കഴിയാത്തത് മോഹനന് സാധിച്ചിട്ടുണ്ടെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയാകാന്‍ പരമയോഗ്യന്‍ അദ്ദേഹമാണ്.

ഉള്ളിയേരിയില്‍ വരെയുള്ള വ്യായാമ ശൃംഖലയിലെ തീവ്രവാദം തിരിച്ചറിയാന്‍ കെ.സുരേന്ദ്രന് പോലും മോഹനനെ ആശ്രയിക്കേണ്ടി വന്നില്ലേ. കോണ്‍സ്പിരസി തിയറികള്‍ പടച്ചുവിട്ട് മനുഷ്യനെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തില്‍ നിന്ന് കേരളം വഴി മാറി നടന്നേ പറ്റൂ, സന്ദീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മെക് സെവന്‍ വ്യായാമ കൂട്ടായ്മക്കെതിരെ വിമര്‍ശനമുന്നയിച്ച സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ കഴിഞ്ഞ ദിവസം തന്റെ നിലപാട് തിരുത്തിയിരുന്നു. മെക് സെവനെ സംബന്ധിച്ച് താനും സിപിഎമ്മും ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു വിശദീകരണം.

ജാഗ്രത വേണമെന്ന് മാത്രമാണ് പറഞ്ഞത്. അതിനപ്പുറത്തേക്കുള്ള വ്യാഖ്യാനങ്ങളിലേക്ക് പോകേണ്ടതില്ല. അപൂര്‍വ്വം ചിലയിടത്ത് അത്തരം നുഴഞ്ഞുകയറ്റമുണ്ടെന്ന സംശയമുണ്ടാക്കിയിട്ടുണ്ട്. സിപിഎം എല്ലാ വര്‍ഗീയതയേയും ശക്തമായി എതിര്‍ക്കും. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഒരു നീക്കത്തെയും പിന്തുണയ്ക്കില്ലെന്നുമായിരുന്നു മോഹനന്‍ വ്യക്തമാക്കിയത്.

മെക് സെവന് പിന്നില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയുമാണെന്ന് നേരത്തെ പി മോഹനന്‍ പൊതുവേദിയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. മെക് സെവന്‍ വാട്സപ്പ് കൂട്ടായ്മയുടെ അഡ്മിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്നവരാണെന്ന് വ്യക്തമായിരുന്നതായി മോഹനന്‍ പറയുകയുണ്ടായി.

ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദത്തിന് മറയിടാനുള്ള പരിവേഷമുണ്ടാക്കലാണ്. തീവ്രവാദികളേയും കൂട്ടിയുള്ള ഏര്‍പ്പാടാണ് ഇതെല്ലാമെന്നും അദ്ദേഹം പരിപാടിക്കിടെ പറഞ്ഞിരുന്നു.

മെക് സെവന്‍ വ്യായാമ കൂട്ടായ്മക്കെതിരായ സിപിഎം നിലപാടിനെതിരേ എസ്.കെ.എസ്.എസ്.എഫ് (സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍) സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ ഇന്നലെ രംഗത്ത് എത്തിയിരുന്നു. മുസ്ലീങ്ങളുടേയോ മുസ്ലീങ്ങള്‍ ഉള്‍പ്പെട്ടതോ ആയ ഏത് കൂട്ടായ്മകളെയും സംശയത്തോടെ കാണുന്ന കാഴ്ചപ്പാട് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഏതെങ്കിലും ഒരു കൂട്ടായ്മയിലോ പൊതുവായ മുന്നേറ്റങ്ങളിലോ ജനകീയ സമരങ്ങളിലോ മുസ്ലീങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ മറ്റൊരു കണ്ണിലൂടെ നോക്കിക്കാണുന്ന പ്രവണത മുമ്പും കേരളത്തിലുണ്ടായിട്ടുണ്ട്. മുസ്ലീങ്ങളുടെ അടയാളങ്ങളും അവരുടെ ഉടമസ്ഥതയിലുള്ള ബിസിനസ് സംരംഭങ്ങളെപ്പോലും സംശയനിഴലിലേക്ക് എത്തിക്കുന്ന നീക്കങ്ങളും ഉണ്ടായി. സി.പി.എം നേതാവ് തുടങ്ങിവെച്ച്, ബി.ജെ.പി നേതാക്കള്‍ ഏറ്റുപിടിച്ച ഇപ്പോഴത്തെ ക്യാമ്പയിനെ ആ നിലക്കേ കാണാന്‍ പറ്റൂവെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.