- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ണാര്‍ക്കാടും പട്ടാമ്പിയിലും ഓഫര്‍? മുന്‍ നിരയിലെ ഇരിപ്പിടം മോഹിക്കാത്ത മുകന്ദേട്ടനെ ഓര്‍മ്മിപ്പിച്ച് സന്ദീപ് വാര്യരെ ട്രോളി പരിവാറുകാരും രംഗത്ത്; അനുനയം നിര്‍ത്തി ബിജെപി; ആര്‍ എസ് എസിനും മതിയായി; സിപിഐയിലേക്ക് സന്ദീപ് വാര്യര്‍ പോകില്ലെന്ന് വിശ്വസ്തര്‍; വാര്യരുടെ പാര്‍ട്ടി മാറ്റം ഉടനുണ്ടാകില്ല
പാലക്കാട്: സന്ദീപ് വാര്യര്‍ ബിജെപിയില്‍ നിന്ന് പുറത്തേക്കെന്ന് സൂചന. ആര്‍എസ്എസ് നേതൃത്വം സന്ദീപുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചുവെന്നാണ് വിവരം. സന്ദീപ് സിപിഐയില്‍ ചേരുമെന്നാണ് ട്വന്റി ഫോര്‍ ന്യൂസിന്റെ പുതിയ റിപ്പോര്‍ട്ട്. അടുത്ത തവണ പട്ടാമ്പിയിലോ മണ്ണാര്‍ക്കാടോ സന്ദീപ് വാര്യര്‍ സിപിഐ സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചനകളാണ് വാര്‍ത്തകള്‍ക്ക് ആധാരം. മണ്ണാര്‍ക്കാട്ടെ സിപിഐ പ്രാദേശിക നേതാക്കളുമായി സന്ദീപ് ചര്‍ച്ച നടത്തിയെന്ന രീതിയിലും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് സീറ്റ് സന്ദീപിന് കൊടുക്കാം എന്നതാണ് ഡീല്‍. അത്തരത്തിലൊരു ഉറപ്പ് സന്ദീപിന് കിട്ടിയതായും അഭ്യൂഹം ശക്തമാണ്. എന്നാല്‍ സിപിഐയിലേക്ക് സന്ദീപ് പോകാന്‍ സാധ്യത കുറവാണ്. ഇത്തരം ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നാണ് സന്ദീപ് വാര്യരുമായി അടുത്ത നില്‍ക്കുന്നവര്‍ മറുനാടനോട് സ്ഥിരീകരിച്ചത്.
സന്ദീപിനെതിരെ ബിജെപിയുടെ സൈബര്‍ പോരാളികളും സജീവമായി രംഗത്ത് വരുന്നുണ്ട്. വാജ്‌പേയ് സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ പൊതു പരിപാടികളില്‍ പിന്‍ സീറ്റില്‍ ഇരുന്ന അതിശക്തനായ സംഘടനാ ജനറല്‍ സെക്രട്ടറി പിപി മുകുന്ദനെ അടക്കം ഉയര്‍ത്തിക്കാട്ടിയാണ് സന്ദീപിനെതിരായ പോസ്റ്റ്. സ്ഥാനമാനങ്ങള്‍ക്കും ഇരിപ്പിടത്തിനും പിറകേ പോകുന്നവരല്ല ആര്‍ എസ് എസുകാര്‍ എന്ന പരിഹാസവും അവര്‍ ഉയര്‍ത്തുന്നുണ്ട്. സന്ദീപുമായി ഇനിയൊരു ചര്‍ച്ചയും വേണ്ടെന്ന നിലപാട് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എടുത്തു കഴിഞ്ഞു. സന്ദീപ് ഡീല്‍ ഉറപ്പിച്ചാണ് നീങ്ങുന്നതെന്നാണ് അവര്‍ പറയുന്നുണ്ട് എന്നാല്‍ സന്ദീപ് ഉടനൊന്നും മറ്റൊരു പാര്‍ട്ടിയിലേക്ക് പോകില്ലെന്നാണ് അദ്ദേഹത്തിന്റെ വിശ്വസ്തര്‍ പറയുന്നത്.
ബിജെപിയുടെ പ്രചാരണത്തിനില്ലെന്ന നിലപാട് ആവര്‍ത്തിച്ച് സന്ദീപ് വാര്യര്‍ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. വിട്ടുനില്‍ക്കുമ്പോള്‍ നേതൃത്വത്തില്‍നിന്ന് ക്രിയാത്മക നിര്‍ദേശം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ല. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ മുന്നില്‍വച്ച് സഹപ്രവര്‍ത്തകനെ അവഹേളിച്ചല്ല വ്യക്തിവിരോധം കാണിക്കേണ്ടത്. ഉപാധ്യക്ഷനായ രഘുനാഥനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് സംസ്ഥാന പ്രസിഡന്റ് ചെയ്യേണ്ടത്. ആത്മാഭിമാനത്തിന് മുറിവുപറ്റി നില്‍ക്കുന്ന ഒരാളോട് പേര് പറഞ്ഞ് ഭയപ്പെടുത്തരുത്. തന്നെ അപമാനിച്ചവര്‍ക്കെതിരെയാണ് പാര്‍ടി നടപടിയെടുക്കേണ്ടതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞിട്ടുണ്ട്. നേരത്തെ സന്ദീപിനെ പാലക്കാട്ടെ പ്രചരണത്തില്‍ സജീവമാക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. കെ സുരേന്ദ്രന്‍ പരസ്യമായി തന്നെ അതുപറയുകയും ചെയ്തു. എന്നാല്‍ നോയെന്ന തീരുമാനത്തിലേക്ക് സന്ദീപ് പോയി. പരസ്യ പ്രതികരണവും നടത്തി. ഇതോടെ അനുനയത്തില്‍ നിന്നും ബിജെപിയും പിന്മാറി.
എന്നാല്‍ സന്ദീപ് വാര്യര്‍ ബിജെപി വിട്ട് ഒരിടത്തേക്കും പോകില്ലെന്നാണ് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കൂടിയായ മേജര്‍ രവി പ്രതികരിച്ചത്. 'സന്ദീപ് ഇവിടെ നിന്ന് ചാടി അപ്പുറത്തോട്ട് പോകില്ല. ദേശീയ വികാരമുള്ള ഒരാളാണ് സന്ദീപ്. മറ്റു രാജ്യങ്ങളെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയിലേക്ക് സന്ദീപ് പോകില്ല. ഒന്നര വര്‍ഷത്തിനകത്ത് ഇവിടെ പലതും ചെയ്യാനുണ്ട്. കമാന്‍ഡര്‍ എന്ന നിലയില്‍ ഞാന്‍ പല പദ്ധതികളും തയാറാക്കി വച്ചിട്ടുണ്ട്. പാലക്കാട് ബിജെപി വിജയിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചേലക്കരയില്‍ വലിയ മുന്നേറ്റമുണ്ടാക്കും. സര്‍പ്രൈസ് ഉണ്ടാക്കുന്ന തിരഞ്ഞെടുപ്പ് ഫലമാകും ചേലക്കരയില്‍ ഉണ്ടാവുക'' മേജര്‍ രവി പറഞ്ഞു. എന്നാല്‍ ഈ പ്രതീക്ഷയ്ക്ക് വിരുദ്ധമാണ് കാര്യങ്ങളെന്ന സന്ദേശമാണ് സന്ദീപ് ക്യാമ്പ് നല്‍കുന്നത്.
സന്ദീപ് പാലക്കാട് നിന്നുള്ള മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ആര്‍എസ്എസിന് വിവരം ലഭിച്ചു. പാലക്കാട് കണ്‍വെന്‍ഷനിലെ സന്ദീപിന്റെ നീക്കം മുന്‍നിശ്ചയിച്ച പ്രകാരമാണെന്നാണ് വിലയിരുത്തല്‍. സന്ദീപ് വാര്യര്‍ സിപിഐയിലേക്ക് പോയേക്കാമെന്ന് ബിജെപി നേതൃത്വം സംശയിക്കുന്നു. മണ്ണാര്‍ക്കാട്ടെ സിപിഐ പ്രാദേശിക നേതാക്കളുമായി സന്ദീപ് കൂടിക്കാഴ്ച നടത്തിയെന്നും സീറ്റ് ഉറപ്പ് ലഭിച്ചതായും ബിജെപി നേതൃത്വത്തിന് വിവരം ലഭിച്ചു. സന്ദീപിനെതിരെ കര്‍ശന നടപടിയിലേക്ക് ബിജെപി ദേശീയ നേതൃത്വം കടന്നേക്കും. ആര്‍ എസ് എസിന്റെ 'സര്‍ജിക്കല്‍ സ്ട്രൈക്ക്' ഫലം കണാത്തതും ബിജെപിക്ക് ഞെട്ടലായി. എന്നാല്‍ സിപിഐയുമായി സന്ദീപിന് ബന്ധമൊന്നുമില്ലെന്നാണ് സന്ദീപിനോട് അടുപ്പമുള്ളവര്‍ പറയുന്നത്. ഏതായാലും സന്ദീപുമായി ഇനി ആര്‍ എസ് എസും ചര്‍ച്ച നടത്തില്ല.
ആര്‍ എസ് എസിന്റെ ദേശീയ നേതാവായ എ ജയകുമാര്‍ നേരിട്ടെത്തി സന്ദീപ് വാര്യരുമായി സംസാരിച്ചിട്ടും നേതാവ് വഴങ്ങിയില്ല. പരിവാര്‍ നേതൃത്വത്തോടൊപ്പം സന്ദീപ് ഉണ്ടാകണമെന്ന സന്ദേശമാണ് ജയകുമാറിന്റെ വരവോടെ നല്‍കിയത്. ഇതിന് ശേഷം വിവാദ പരാമര്‍ശം ഒഴിവാക്കണമെന്ന് സന്ദീപിനോട് ആര്‍ എസ് എസ് നേതൃത്വം ആവശ്യപ്പെട്ടു. അത് അംഗീകരിക്കാമെന്ന് സന്ദീപും നിലപാട് എടുത്തു. ആര്‍ എസ് എസ് നേതൃത്വത്തെ ധിക്കരിച്ച് ഒരു തീരുമാനം എടുക്കില്ലെന്ന സൂചനകള്‍ തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് സന്ദീപ് നല്‍കി. പക്ഷേ കഴിഞ്ഞ ദിവസം ഇത് ലംഘിച്ചു. ഇതോടെയാണ് സന്ദീപുമായി സംസാരം വേണ്ടെന്ന് ആര്‍ എസ് എസ് നലിപാട് എടുത്തത്.
കേരളത്തില്‍ ആര്‍ എസ് എസ് വ്യക്തമായ പദ്ധതികളുമായാണ് മുമ്പോട്ട് പോകുന്നത്. ബിജെപിയില്‍ നിന്നും സംഘടനാ ജനറല്‍ സെക്രട്ടറി സുഭാഷിനെ തിരിച്ചു വിളിച്ചതും ഇതിന്റെ ഭാഗമാണ്. ബിജെപിക്കുള്ളിലെ ഗ്രൂപ്പ് പോരില്‍ ആര്‍ എസ് എസും അതൃപ്തരാണ്. എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോകണമെന്ന അഭിപ്രായമാണ് കേരളത്തിലെ രണ്ട് ആര്‍ എസ് എസ് പ്രാന്ത നേതാക്കള്‍ക്കുമുള്ളത്. ദക്ഷിണ-ഉത്തര പ്രാന്തങ്ങളിലെ ആര്‍ എസ് എസ് നേതൃത്വങ്ങള്‍ പാലക്കാട്ട് സന്ദീപിനുണ്ടായ അപമാനം ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടിലായിരുന്നു.
വിഷയം ആളിക്കത്താതിരിക്കാന്‍ ആരും സന്ദീപിനെ ആശ്വസിപ്പിച്ചുമില്ല. ഇത് മനസ്സിലാക്കിയാണ് ജയകുമാര്‍ നേരിട്ട് പാലക്കാട് എത്തിയത്. ബിജെപിയുടെ ഭാവി സംസ്ഥാന അധ്യക്ഷനായി ആര്‍ എസ് എസ് നേതൃത്വം മനസ്സില്‍ കാണുന്നതും ജയകുമാറിനെയാണെന്ന സൂചനകളുണ്ട്. എന്നിട്ടും സന്ദീപ് വഴങ്ങിയില്ല.