- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പിണറായിക്ക് ആര്‍.എസ്.എസിന്റെ അനുമതി വേണം; രണ്ടുപേര്‍ക്കും കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം; പരിഹാസവുമായി സന്ദീപ് വാര്യര്‍
പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പിണറായിക്ക് ആര്‍.എസ്.എസിന്റെ അനുമതി വേണം
തിരുവനന്തപുരം: മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിനെ വിമര്‍ശിച്ചു കെപിസിസി വക്താവ് സന്ദീപ് വാര്യര്‍. ജോര്‍ജ്ജിനെ അറസ്റ്റു ചെയ്യാന്‍ പിണറായി വിജയന് ആര്‍.എസ്.എസിന്റെ അനുമതി വേണമെന്ന് സന്ദീപ് പരിഹസിച്ചു. രണ്ടുപേര്‍ക്കും കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യര്‍.
സി.പി.എമ്മിനും ആര്‍.എസ്.എസിനും കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ്. രണ്ടുപേരുടെയും പൊതുശത്രു കോണ്‍ഗ്രസാണ്. ജനം ടി.വിയില്‍ വന്ന് മുസ്ലിംകളെ മതതീവ്രവാദികളെന്ന് വിളിക്കുകയും പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു പി.സി. ജോര്‍ജ്. പൊലീസ് സ്വമേധയാ കേസെടുക്കാന്‍ തയാറായില്ല. ഒടുവില്‍ പൊതുപ്രവര്‍ത്തകര്‍ പലരും നല്‍കിയ പരാതിയില്‍ കേസെടുക്കേണ്ടിവന്നു. പക്ഷേ, പി.സി. ജോര്‍ജിനെ പിണറായിയുടെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോള്‍ ബി.ജെ.പിയുടെ ഭാഗമായ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പോലും പിണറായി വിജയന് ആര്‍.എസ്.എസിന്റെ കാര്യാലയത്തില്‍നിന്നുള്ള പെര്‍മിഷന്‍ വേണമെന്നുള്ള അവസ്ഥയാണ് കേരളത്തില്‍ സംജാതമായിട്ടുള്ളത് -സന്ദീപ് വാര്യര്‍ പറഞ്ഞു.
ഈ സംസ്ഥാനത്ത് വൃത്തികെട്ട രീതിയില്‍ വര്‍ഗീയ പ്രചരണം നടത്തിയ കേസിലെ പ്രതിയായ പി.സി. ജോര്‍ജിന് ഹൈകോടതി ജാമ്യം നിഷേധിച്ചിട്ട് പോലും സംസ്ഥാന സര്‍ക്കാര്‍ അയാളെ അറസ്റ്റ് ചെയ്യുന്നതില്‍ വിമുഖത കാണിക്കുന്നു. ഇതുകൊണ്ടാണ് സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ വ്യത്യാസമില്ലെന്ന് പറയുന്നത് -സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്‌റ്റേഷനില്‍ ഹാജരാകണമെന്ന പൊലീസ് നോട്ടീസ് പി.സി ജോര്‍ജ് കൈപ്പറ്റിയില്ല. ശനിയാഴ്ച രണ്ടുതവണ പൊലീസ് ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തിയിരുന്നു. അതിനിടെ, ഹാജരാകാന്‍ കൂടുതല്‍സമയം ആവശ്യപ്പെട്ട് പി.സി. ജോര്‍ജ് പൊലീസിന് അപേക്ഷ നല്‍കി. തിങ്കളാഴ്ച ഹാജരാകാമെന്ന് കാണിച്ച് പാലാ ഡിവൈ.എസ്.പിക്കാണ് കത്ത് നല്‍കിയത്.
പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച ഹൈകോടതി തള്ളിയിരുന്നു. പരാമര്‍ശത്തില്‍ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ജില്ല സെഷന്‍സ് കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.