- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റപ്പാലത്ത് 'സരിനെ നേരിടുക ഹരിഗോവിന്ദന്'? കടം വീട്ടാന്‍ അധ്യാപക നേതാവിനെ ഇറക്കാന്‍ കോണ്‍ഗ്രസ്; ഷാഹിത ടീച്ചര്‍ വടക്കാഞ്ചേരിയിലോ കുന്നംകുളത്തോ മത്സരിക്കാനും സാധ്യത

പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലം അതിശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് വേദിയായേക്കും. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന പി. സരിന്‍ ഇക്കുറി എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ, പകരം കരുത്തുറ്റ നേതാവായ പി. ഹരിഗോവിന്ദനെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. സരിനെ മത്സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം നേരിട്ടാണ് ചര്‍ച്ചകള്‍ നടത്തുന്നത്.
കഴിഞ്ഞ തവണ സരിന് വേണ്ടി വഴിമാറിക്കൊടുത്ത കെപിസിസി സെക്രട്ടറി പി. ഹരിഗോവിന്ദന് ഇത്തവണ നറുക്കുവീഴാനാണ് സാധ്യത. ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ സിപിഎം സരിന് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. പാലക്കാട് മണ്ഡലത്തില്‍ സരിനെ പരിഗണിക്കില്ലെന്നും വിജയസാധ്യതയുള്ള ഒറ്റപ്പാലം തന്നെ നല്‍കണമെന്നുമാണ് സിപിഎം സംസ്ഥാന തലത്തിലുള്ള തീരുമാനം.
എന്നാല്‍, മണ്ഡലത്തില്‍ മികച്ച സ്വാധീനമുള്ള അധ്യാപക സംഘടനാ നേതാവായ ഹരിഗോവിന്ദന്‍ എത്തുന്നതോടെ കോണ്‍ഗ്രസ് ക്യാമ്പും ആത്മവിശ്വാസത്തിലാണ്. സരിനെപ്പോലെ തന്നെ മണ്ഡലത്തിലെ വോട്ടര്‍മാരുമായി അടുത്ത ബന്ധമുള്ള നേതാവാണ് ഹരിഗോവിന്ദന്‍. സാധാരണക്കാരായ കോണ്‍ഗ്രസുകാര്‍ ഹരിഗോവിന്ദന് വേണ്ടി രംഗത്തുണ്ട്. കഴിഞ്ഞ തവണയും കോണ്‍ഗ്രസിലെ പ്രാദേശിക വികാരം ഹരിഗോവിന്ദന് ഒപ്പമായിരുന്നു. എന്നാല്‍ സരിന് വേണ്ടി ചില നേതാക്കള്‍ കരുക്കള്‍ നീക്കി. ഇതോടെ ഹരിഗോവിന്ദന് മത്സരത്തില്‍ നിന്നും പിന്മാറി.
സരിന്റെ രാഷ്ട്രീയ ചുവടുമാറ്റം ഒറ്റപ്പാലത്തെ ഇടത്-വലത് മുന്നണികള്‍ക്ക് ഒരുപോലെ വെല്ലുവിളിയാണ്. മണ്ഡലം നിലനിര്‍ത്താന്‍ സിപിഎമ്മും തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും സര്‍വ്വ സന്നാഹങ്ങളുമായി ഇറങ്ങുന്നതോടെ ഇത്തവണത്തെ പോരാട്ടം പ്രവചനാതീതമാകും. കേരളത്തില്‍ ഏറ്റവും വീറുള്ള പോരാട്ടമായി ഒറ്റപ്പാലം മാറിയേക്കും. ഏതായാലും രണ്ടു പേരും പ്രതീക്ഷിയിലാണ്.
തൃശൂരിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാണ്. തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി ഷാഹിത ടീച്ചറെ വടക്കാഞ്ചേരിയിലോ കുന്നംകുളത്തോ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനൊപ്പം മികച്ച ജനപിന്തുണയുള്ള നേതാവ് എന്ന നിലയിലുമാണ് ഷാഹിത ടീച്ചറെ പരിഗണിക്കുന്നത്.


