കോഴിക്കോട്: മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നും മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാന്‍ കഴിയില്ലെന്നും ഉള്ള പരാമര്‍ശങ്ങളുടെ പേരില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിവാദത്തില്‍ പെട്ടിരുന്നു. പറഞ്ഞത്. ഇതിനെതിരെ സി.പി.എം മലപ്പുറം ജില്ലാ കമ്മറ്റിയും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയും അടക്കം രംഗത്തുവന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെളളാപ്പള്ളിക്കുളള സ്വീകരണചടങ്ങില്‍ അദ്ദേഹത്തെ പ്രശംസിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍

വെള്ളാപ്പള്ളി നടേശനെ വിമര്‍ശിക്കുന്ന കവിതയുമായി കവി സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടു.

'ഒരു നടേശസ്തുതി എഴുതാന്‍ ആലോചിച്ചു. പക്ഷേ, ഗുരുവിനെക്കുറിച്ച് എഴുതിയ കൈ കൊണ്ട് എങ്ങിനെ എഴുതും? ആത്മോപദേശശതകം ചൊല്ലിയ നാവു കൊണ്ട് എങ്ങിനെ ചൊല്ലും?''- എന്നാണ് സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രി പറഞ്ഞത്

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമര്‍ശം ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ ഉദ്ദേശിച്ച് പറഞ്ഞതാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിച്ചത്. ഏതെങ്കിലും മതവിഭാഗത്തിനെതിരേ നിലപാടു സ്വീകരിക്കുന്നയാളല്ല വെള്ളാപ്പള്ളി നടേശനെന്ന് അദ്ദേഹത്തെ അറിയുന്നവര്‍ക്ക് അറിയാം. വിവിധ മതവിഭാഗങ്ങളെ യോജിപ്പിച്ചു കൊണ്ടുപോകുന്നതില്‍ അദ്ദേഹം മുന്നില്‍നിന്നിട്ടുണ്ട്.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിസ്ഥാനത്ത് മൂന്നുപതിറ്റാണ്ടു പൂര്‍ത്തിയാക്കുന്ന വെള്ളാപ്പള്ളിയെ ആദരിക്കാന്‍ ചേര്‍ത്തല യൂണിയന്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിക്കാനുള്ള പ്രത്യേകശേഷി വെള്ളാപ്പള്ളിക്കുണ്ട്. നാട്ടുഭാഷയില്‍ പറഞ്ഞാല്‍, സരസ്വതീവിലാസം നാക്കിലുണ്ട്. എന്നാല്‍, തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കുന്ന സാഹചര്യം ഒരു പ്രസംഗത്തില്‍ വന്നു. ഇക്കാര്യത്തില്‍ അവധാനതയോടെ അദ്ദേഹം നീങ്ങണം. വെള്ളാപ്പള്ളി എന്തെങ്കിലും തെറ്റു ചെയ്തു എന്ന അര്‍ഥത്തിലല്ല ഇക്കാര്യം പറയുന്നത്. എന്തിനെയും വക്രീകരിക്കാന്‍ നോക്കുന്ന കാലമാണിത്. വെള്ളാപ്പള്ളി പറഞ്ഞത് ഒരു രാഷ്ട്രീയപ്രസ്ഥാനത്തെക്കുറിച്ചാണ്. അവരെ സംരക്ഷിക്കാന്‍ വന്നവര്‍ ഒന്നിച്ച് വെള്ളാപ്പള്ളിക്കെതിരേ രംഗത്തുവന്നു-മുഖ്യമന്ത്രി പറഞ്ഞു.