കൊച്ചി: വോട്ടിന് കോഴ ആരോപണവുമായി മുന്‍ ഇടത് സ്വതന്ത്ര എംപി സെബാസ്റ്റ്യന്‍ പോള്‍. വിശ്വാസ വോട്ടെടുപ്പില്‍ ഒന്നാം യുപിഎ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ 25 കോടി വാഗ്ദാനം ചെയ്‌തെന്നാണ് സെബാസ്റ്റ്യന്‍ പോള്‍ വെളിപ്പെടുത്തിയത്. കൊടകര കുഴല്‍പ്പണ കേസ് ബിജെപിയെ വെട്ടിലാക്കുന്ന വേളയിലാണ് സെബാസ്റ്റ്യന്‍ പോള്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവരുന്നത്.

എറണാകുളത്ത് നിന്ന് ഇടത് സ്വതന്ത്രനായി ജയിച്ചാണ് സെബാസ്റ്റ്യന്‍ പോള്‍ അന്ന് ലോക്‌സഭയില്‍ എത്തിയത്. പാര്‍ട്ടി വിപ്പ് അദ്ദേഹത്തിന് ബാധകമായിരുന്നില്ല. അന്നത്തെ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുടെ ദൂതന്‍മാര്‍ നേരിട്ടെത്തിയാണ് 25 കോടി രൂപയുടെ കാര്യം സംസാരിച്ചതെന്നും വയലാര്‍ രവി ഇക്കാര്യം സ്ഥിരീകരിച്ചാതായും സെബാസ്റ്റ്യന്‍ പോള്‍ വെളിപ്പെടുത്തി.

'' വിശ്വാസ വോട്ടെടുപ്പ് ദിവസം പാര്‍ലമെന്റില്‍ എത്താതിരിക്കാനും കോണ്‍ഗ്രസ് പലര്‍ക്കും പണം നല്‍കിയിരുന്നു. പ്രണബ് കുമാര്‍ മുഖര്‍ജിയാണ് കോഴ ഓപ്പറേഷന് നേതൃത്വം നല്‍കിയത്. ലോക്‌സഭയിലെ അഞ്ച് സ്വതന്ത്ര അംഗങ്ങളെയാണ് അവര്‍ നോട്ടമിട്ടത്. അതില്‍ ആദ്യത്തെ പേര് തന്റേതായിരുന്നു. വിപ്പ് ബാധകമാകാത്ത അയോഗ്യത ഉണ്ടാകാത്ത എംപി എന്ന നിലയ്ക്കാണ് എന്നെ സമീപിക്കുന്നത്. ഡല്‍ഹിയിലെ തന്റെ വീട്ടിലാണ് ദൂതന്‍മാര്‍ എത്തിയത്. എന്നാല്‍ താന്‍ വഴങ്ങിയില്ല. തന്റെ പേര് ആ ലിസ്റ്റില്‍ നിന്ന് നീക്കിയെന്ന് അടുത്തദിവസം പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളില്‍ വെച്ച് വയലാര്‍ രവി പറയുകയും ചെയ്തു'', സെബസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

അതേസമയം കൊടകര ആരോപണം ബിജെപിയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ എന്നത് ശ്രദ്ദേയമാണ്. കൊടകര കുഴല്‍പ്പണകേസില്‍ ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക വിവരശേഖരണത്തില്‍ നിന്നു തന്നെ മനസിലായതോടെ ഇഡി അന്വേഷണം തടത്താന്‍ തയ്യാറായിരുന്നില്ലെന്ന ആരോപണവും ശക്തമാണ്. ബിജെപി മുന്‍ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലോടെ വിശദ അന്വേഷണത്തിനുള്ള വഴിയാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്.

22 പേരെ പ്രതികളാക്കി 2021 ല്‍ നല്‍കിയ ആദ്യ കുറ്റപത്രത്തിലും ഒരാള്‍ കൂടി അറസ്റ്റിലായതിനാല്‍ 2022 നവംബറില്‍ നല്‍കിയ രണ്ടാം കുറ്റപത്രത്തിലും കണ്ടെടുത്ത പണത്തിന്റെ വിശദാംശങ്ങളുണ്ട്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അറിവോടെ സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശന്റെ നേതൃത്വത്തില്‍ ഒമ്പതുജില്ലകളില്‍ പണവിതരണം നടത്തി. 53.4 കോടിയുടെ ഹവാല ഇടപാട് നടന്നിട്ടുണ്ടെന്നുമായിരുന്നു അന്നത്തെ കണ്ടെത്തല്‍. എസിപി വി കെ രാജുവാണ് ഇരിങ്ങാലക്കുട ജൂഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.സെബാസ്റ്റ്യന്‍ പോള്‍, കോഴ വാഗ്ദാനം, വെളിപ്പെടുത്തല്‍, വിവാദം