ദുബായ്: പി.എം. ശ്രീയില്‍ ഒപ്പുവെക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ വിശദീകരണങ്ങള്‍ക്കിടെ, പദ്ധതിയില്‍ ഒപ്പുവെക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചര്‍ച്ച നടത്തിയിരുന്നതായി ഷാഫി പറമ്പില്‍ എം.പി. ആരോപിച്ചു. പദ്ധതിയില്‍ ഒപ്പുവെക്കുന്നത് ചര്‍ച്ച ചെയ്യാതെയാണെന്ന സിപിഎമ്മിന്റെ തുറന്നുപറച്ചിലിനെതിരേയാണ് ഷാഫി പറമ്പിലിന്റെ വിമര്‍ശനം.

'പതിനാറാം തീയതി ഒപ്പിട്ടതിനെക്കുറിച്ച് മൗനം പാലിച്ചതിന് കാരണം എട്ടിനും ഒന്‍പതിനും ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചകളാണ്. ചര്‍ച്ച ചെയ്യേണ്ടവരുമായി ചര്‍ച്ച നടന്നിട്ടുണ്ട്, ഷാഫി പറമ്പില്‍ ദുബായില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫണ്ടിന് വേണ്ടി മാത്രമല്ല പി.എം. ശ്രീയില്‍ ഒപ്പുവെച്ചതെന്നും ഇത് പൊളിറ്റിക്കല്‍ നെക്‌സസ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിദാരിദ്ര്യമുക്ത പ്രഖ്യാപനം യാഥാര്‍ഥ്യം മറച്ചുവെച്ചുള്ള പ്രചാരണമാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

അതേസമയം, കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളയിലെ ഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുമായുള്ള ചര്‍ച്ച പോസിറ്റീവായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പത്താം തീയതി തൊഴില്‍ മന്ത്രിമാരുടെ യോഗം നടക്കുന്നുണ്ട്. അന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ വീണ്ടും കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.