കണ്ണൂര്‍: സി.പി.എമ്മില്‍ നിന്നും ഇനിയും നേതാക്കള്‍ ബി.ജെ.പിയിലേക്കെത്തുമെന്നുംതെക്കന്‍ കേരളത്തില്‍ നിന്നും ഉന്നതനായ നേതാവിന്റെ മകന്‍ പാര്‍ട്ടിയിലേക്ക് വരാന്‍ തന്നോട് ചര്‍ച്ച നടത്തിയെന്നും ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയിലേക്ക് വരുന്നതിനായി നിരവധിയാളുകള്‍ തയ്യാറായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി കൂത്തുപറമ്പ് മാറോളി ഘട്ടില്‍ നടന്ന അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അവര്‍.

തെക്കന്‍ കേരളത്തിലെ ഉന്നതനായ ഒരു നേതാവിന്റെ മകന്‍ ഈ കാര്യം തന്നോട് ഫോണില്‍ സംസാരിച്ചു.. ആരും വന്നാലും സ്വീകരിക്കുകയെന്നതാണ് പാര്‍ട്ടിയുടെ നയം. കണ്ണൂരിലെ മണ്ണ് മുന്നൂറിലേറെ ബലിദാനികളുള്ളതാണ്. സി.പി.എമ്മാണ് ഇവരെയൊക്കെ സൃഷ്ടിച്ചത്. ചെങ്കൊടി പിടിച്ച ആരു വന്നാലും പൊളിച്ചടുക്കി കൊണ്ടുപോവുക തന്നെ ചെയ്യും ഇതു ശോഭാ സുരേന്ദ്രന്റെ മിടുക്കല്ല. താന്‍ പിടിച്ച താമര ചിഹ്നമുള്ള കൊടി കണ്ടാണ് മറ്റുള്ള പാര്‍ട്ടികളില്‍ നിന്നും ആളുകള്‍ വരുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

താന്‍ നിലവാരമില്ലാത്തയാളാണെന്നാണ് ഇ.പി. ജയരാജന്‍ പറയുന്നത്. പാര്‍ട്ടിയില്‍ ചേരാനായി പിന്നെ എന്തിനാണ് ഹോട്ടല്‍ മുറിയിലെ നൂറ്റി ഒന്‍പതാം മുറിയില്‍ താനുമായി ചര്‍ച്ച നടത്താന്‍ ഇ പി ജയരാജന്‍ വന്നതെന്ന് വ്യക്തമാക്കണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സി.പി.എമ്മിന്റെ കോട്ടയായ വയലാറിലും പുന്നപ്രയിലും താമര ചിഹ്നത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ പതിഞ്ഞത്. ആലപ്പുഴയില്‍ നിന്നും ഇപ്പോള്‍ വന്ന ഒരു നേതാവ് മാത്രമല്ല സി.പി.എമ്മില്‍ നിന്നും ഒഴുക്കുണ്ടാവുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

കൂത്തുപറമ്പ് ഉള്‍പ്പെടെ കണ്ണൂരിലെ ഒരു മണ്ഡലവും പാര്‍ട്ടിക്ക് ബാലികേറാ മലയല്ല. വെറും രണ്ടു ശതമാനം വോട്ടുള്ള ത്രിപുരയില്‍ അധികാരം പിടിക്കാമെങ്കില്‍ 20 ശതമാനം വോട്ടുയര്‍ത്തിയ കേരളത്തിലും അതു സാധ്യമാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ 23 എം.എല്‍.എമാര്‍ ബി.ജെ.പിയുടെ പ്രതിനിധികളായി കേരള നിയമസഭയിലുണ്ടാകുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം ബിജെപി നേതൃത്വം തിരക്ക് കാണിച്ചില്ലായിരുന്നുവെങ്കില്‍ ഇ.പി ജയരാജന്‍ ബിജെപി യില്‍ എത്തിയേനെയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണനും പറഞ്ഞു. ഏതെങ്കിലും സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രതിനിധിയായോ, ഗവര്‍ണറായോ ജയരാജന്‍ മാറിയേനെയെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ജി. സുധാകരന്‍ മനസുകൊണ്ട് ബിജെപി അംഗത്വമെടുത്തെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ സിപിഎം നേതാവ് ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തി. സുധാകരന്റെ വസതിയിലെത്തിയാണ് വേണുഗോപാല്‍ കണ്ടത്. സൗഹൃദ കൂടിക്കാഴ്ചയാണ് എന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് രൂക്ഷമായാണ് ജി. സുധാകരന്‍ പ്രതികരിച്ചത്. തന്നെ കാണാന്‍ പലരും വരാറുണ്ട്. തന്നെ ഒരു പ്രധാന നേതാവായി ആളുകള്‍ കാണുന്നുണ്ട്.

അത് തന്റെ പൊതുപ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ്. പാര്‍ട്ടി മാനദണ്ഡം അനുസരിച്ചാണ് താന്‍ സ്ഥാനമൊഴിഞ്ഞത്. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കായി വിവാദമുണ്ടാക്കുകയാണ്. പ്രായപരിധി തങ്ങളെല്ലാം ഒരുമിച്ചെടുത്ത തീരുമാനമാണ്. പറയാത്ത കാര്യങ്ങളാണ് പലപ്പോഴും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും സുധാകരന്‍ പറഞ്ഞു.