തിരുവനന്തപുരം: മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തതില്‍ സന്തോഷം മാത്രമെന്ന് മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രന്‍. രാജീവ് ചന്ദ്രശേഖര്‍ കൃത്യതയോടെ ഭാരതീയ ജനതാ പാര്‍ട്ടിയെ നയിക്കുമെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടിയുടെ പുതിയ നേതൃത്വത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍.'പുതിയ നേതൃത്വത്തെ വളരെയധികം സന്തോഷത്തോടെയാണ് കാണുന്നതെന്നും ശോഭ വ്യക്തമാക്കി. അധ്യക്ഷ സ്ഥനത്തേക്ക് പറഞ്ഞുകേട്ട പേരുകളില്‍ ഒന്നായിരുന്നു ശോഭയുടേത്.

ഭാരതീയ ജനതാ പാര്‍ട്ടി യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ റോളേറ്റെടുക്കുന്ന പാര്‍ട്ടിയാണ്. മയക്കുമരുന്ന് പ്രശ്‌നങ്ങള്‍ക്കെതിരെ കേരളത്തില്‍ ഒരു സമരം നടത്താന്‍ കഴിയാത്ത കോണ്‍ഗ്രസാണ് ഇപ്പോഴുളളത്. ഞങ്ങള്‍ അതിശക്തമായി എല്ലാ വിഷയങ്ങളും ഏറ്റെടുത്ത് പ്രവര്‍ത്തിക്കും. രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടിയില്‍ പുതിയൊരു വ്യക്തിയല്ല. കേന്ദ്ര മന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വളരെ കുറഞ്ഞ വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. വളരെ കൃത്യതയോടെ പാര്‍ട്ടിയെ മുന്നോട്ട് നയിക്കും. നേതൃമാറ്റത്തിന് ഒരു സമയമുണ്ട്. അതാണ് ഇപ്പോള്‍ നടന്നത്. അദ്ദേഹം പ്രസ്ഥാനത്തെ നല്ലരീതിയില്‍ നയിക്കും'- ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.

അതേസമയം രാജീവ് ചന്ദ്രശേഖര്‍ കേരളത്തിന് അപരിചിതന്‍ അല്ലെന്നായിരുന്നു എംടി രമേശിന്റെ പ്രതികരണം. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ബിജെപി മികച്ച വിജയം നേടുമെന്നും എംടി രമേശ് പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായശേഷം പുതിയ പ്രസിഡന്റും പഴയ പ്രസിഡന്റും തിങ്കളാഴ്ചത്തെ യോഗത്തില്‍ സംസാരിക്കും. എല്ലാ വിശദമായി തിങ്കളാഴ്ച പറയാം. കെ.സുരേന്ദ്രന്‍ പറഞ്ഞു.

ഞായറാഴ്ചയാണ് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്ന വാര്‍ത്ത പുറത്തുവന്നത്. കോര്‍കമ്മിറ്റി യോഗത്തില്‍ ദേശീയ നേതൃത്വമാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. രാജീവ് ചന്ദ്രശേഖറിനു പുറമെ, ജനറല്‍സെക്രട്ടറി എം.ടി. രമേശ്, മുന്‍പ്രസിഡന്റ് വി. മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്ന മറ്റ് നേതാക്കള്‍. ഇവരെയെല്ലാം മറികടന്നാണ് കേരളത്തിലെ പാര്‍ട്ടിയെ നയിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്.

കോര്‍ കമ്മിറ്റിയോഗം തുടങ്ങിയ ഉടന്‍ ദേശീയ നേതൃത്വം പേര് നിര്‍ദേശിച്ചു എന്നാണ് റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിട്ടുണ്ട്. രണ്ട് സെറ്റ് പത്രികയാണ് നല്‍കിയത്. ബിജെപി സംസ്ഥാന നേതാക്കളും കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ്ജ് കുര്യനും ചടങ്ങില്‍ പങ്കെടുത്തു.

നാളെ 11 മണിക്ക് സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തും. ബിജെപിയുടെ സംസ്ഥാന നേതൃനിര ഒന്നാകെ അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെച്ചു. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, പികെ കൃഷ്ണദാസ്, എംടി രമേശ് എന്നിവരും കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും പത്രിക സമര്‍പ്പണത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

മാറുന്ന കാലത്ത് വികസന രാഷ്ട്രീയത്തിന്റെ മുഖമായാണ് ദേശീയനേതൃത്വം രാജീവിനെ അവതരിപ്പിക്കുന്നത്. നാലുവരി സംസാരിച്ചാല്‍ നാലാളെ ആകര്‍ഷിക്കും വിധം വികസന സങ്കല്‍പ്പം പറയും രാജീവ് ചന്ദ്രശേഖര്‍. മറ്റെല്ലാപേരും മാറ്റിവച്ച് രാജീവിലേക്ക് പാര്‍ട്ടി ദേശീയനേതൃത്വം എത്തിയതും ഈ കാഴ്ചപ്പാടിനുള്ള മൂല്യം കണക്കാക്കിയാണ്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ശശി തരൂരിനെതിരെ രാജീവ് കടുത്ത മത്സരം കാഴ്ചവച്ചിരുന്നു. 16,077 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. മാറുന്ന കാലത്തെ വികസന രാഷ്ട്രീയത്തിന്റെ മുഖമായാണ് അദ്ദേഹത്തെ പാര്‍ട്ടി അവതരിപ്പിച്ചത്. അതിനാല്‍ തന്നെ കക്ഷി രാഷ്ട്രീയത്തിനതീതമായ വോട്ടുകള്‍ അദ്ദേഹത്തിന് നേടാനാവുകയും ചെയ്തു.കര്‍ണാടകയില്‍ നിന്ന് മൂന്നുവട്ടം രാജ്യസഭയിലെത്തിയ അദ്ദേഹം ആദ്യമായാണ് കേരളത്തില്‍ ജനവിധി തേടിയത്. അതില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.