- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി അലച്ചിലില്ല, കൈയ്യിലുണ്ടാകും സ്ഥിരം 'നേറ്റിവിറ്റി കാര്‍ഡ്'; എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ഒറ്റ രേഖ; വിദേശ പൗരത്വം സ്വീകരിച്ചാല്‍ കാര്‍ഡ് അസാധുവാകും; അപേക്ഷിക്കേണ്ടത് തഹസില്‍ദാര്‍ക്ക്; 'കേരള നേറ്റിവിറ്റി കാര്‍ഡ്' ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
'കേരള നേറ്റിവിറ്റി കാര്‍ഡ്' ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: മലയാളിയാണെന്ന് തെളിയിക്കാന്‍ ഇനി വില്ലേജ് ഓഫീസുകള്‍ തോറും സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അലയേണ്ടി വരില്ല. കേരള സര്‍ക്കാരിന്റെ പുതിയ 'കേരള നേറ്റിവിറ്റി കാര്‍ഡ്' ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ക്കും സാമൂഹിക ആവശ്യങ്ങള്‍ക്കും ഇനി മുതല്‍ ഈ കാര്‍ഡ് ഒരു ആധികാരിക രേഖയായി മാറും.
എന്താണ് നേറ്റിവിറ്റി കാര്‍ഡ്?
നിലവില്‍ വില്ലേജ് ഓഫീസര്‍മാര്‍ നല്‍കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പരിഷ്‌കരിച്ചതും കൂടുതല്‍ ആധികാരികവുമായ രൂപമാണിത്. ഒരാള്‍ കേരളീയനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സ്ഥിരം രേഖയായി ഇത് ഉപയോഗിക്കാം. കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പുതിയ വിവരങ്ങളും ഈ കാര്‍ഡില്‍ ഉള്‍പ്പെടുത്തും.
ആര്‍ക്കെല്ലാം അപേക്ഷിക്കാം? (മാനദണ്ഡങ്ങള്‍)
നേറ്റിവിറ്റി കാര്‍ഡ് ലഭിക്കുന്നതിന് കൃത്യമായ നിബന്ധനകള്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കേരളത്തില്‍ ജനിച്ചവരും എന്നാല്‍ വിദേശ പൗരത്വം സ്വീകരിക്കാത്തവരും. മാതാപിതാക്കളോ പൂര്‍വ്വികരില്‍ ആരെങ്കിലും ഒരാളോ കേരളത്തില്‍ ജനിച്ചവരാണെങ്കില്‍ അവര്‍ക്കും അപേക്ഷിക്കാം (വിദേശ പൗരത്വം ഉണ്ടാവരുത്). ജോലി സംബന്ധമായോ മറ്റോ മാതാപിതാക്കള്‍ കേരളത്തിന് പുറത്തായിരിക്കുമ്പോള്‍ അവിടെ ജനിച്ച കുട്ടികള്‍ക്കും കാര്‍ഡിന് അര്‍ഹതയുണ്ട്. വിദേശ പൗരത്വം സ്വീകരിച്ചവര്‍ക്ക് ഈ കാര്‍ഡിന് അര്‍ഹതയുണ്ടാവില്ല. കാര്‍ഡ് ലഭിച്ച ശേഷം വിദേശ പൗരത്വം നേടിയാല്‍ കാര്‍ഡ് സ്വമേധയാ അസാധുവാകും.
അധികാരിയും അപേക്ഷാ രീതിയും
തഹസില്‍ദാര്‍ മുമ്പാകെയാണ് അപേക്ഷ നല്‍കേണ്ടത്. നിശ്ചിത ഫോമില്‍ രേഖകളും ഫീസും സഹിതം അപേക്ഷിക്കാം. കാര്‍ഡ് അനുവദിക്കുന്നത് തഹസില്‍ദാര്‍ ആണെങ്കിലും ഇതിന്റെ ഔദ്യോഗിക രജിസ്റ്റര്‍ സൂക്ഷിക്കേണ്ടത് അതത് വില്ലേജ് ഓഫീസുകളിലാണ്. കാര്‍ഡ് സംബന്ധിച്ച റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ (RDO) തീരുമാനങ്ങളില്‍ പരാതിയുണ്ടെങ്കില്‍ ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. പരാതിക്കാരന്റെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ലെന്നും നിയമം വ്യക്തമാക്കുന്നു.
കാര്‍ഡ് കൊണ്ടുള്ള ഗുണങ്ങള്‍
സര്‍ക്കാര്‍ വകുപ്പുകളുടെ വിവിധ സേവനങ്ങള്‍ക്ക് ഈ കാര്‍ഡ് ഒരു പ്രാഥമിക രേഖയായി ഉപയോഗിക്കാം. ഓരോ ആവശ്യത്തിനും പ്രത്യേകം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നതിന് പകരം നേറ്റിവിറ്റി കാര്‍ഡ് കാണിച്ചാല്‍ മതിയാകും വിധം സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കും.
റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളോ ഉത്തരവുകളോ പുനഃപരിശോധിക്കാനും റദ്ദാക്കാനും മാറ്റം വരുത്താനും ജില്ലാ കളക്ടര്‍ക്ക് അധികാരമുണ്ടാകും. എന്നാല്‍, ബന്ധപ്പെട്ട കക്ഷിക്ക് പറയാനുള്ള ന്യായമായ അവസരം നല്‍കാതെ അത്തരം തീരുമാനങ്ങള്‍ പാടില്ലെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.


