തിരുവനന്തപുരം: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു. തൊണ്ടിമുതല്‍ കേസില്‍ കുടുങ്ങി ആന്റണി രാജു പുറത്തായതോടെ അനാഥമായ മണ്ഡലത്തിലേക്ക് ജനപ്രിയ നടന്‍ സുധീര്‍ കരമനയെ ഇറക്കി അട്ടിമറി വിജയം ലക്ഷ്യമിടുകയാണ് എല്‍ഡിഎഫ്. ജനാധിപത്യ കേരള കോണ്‍ഗ്രസിന് അനുവദിച്ച സീറ്റില്‍ ഇടതു സ്വതന്ത്രനായാണ് താരം ജനവിധി തേടുക.ഇടതു സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കം. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

ആന്റണി രാജുവിന് 'തൊണ്ടിമുതല്‍' പാരയായി

സിറ്റിംഗ് എംഎല്‍എയായ ആന്റണി രാജു തന്നെ ഇത്തവണയും മത്സരരംഗത്തുണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ തൊണ്ടിമുതലില്‍ മാറ്റം വരുത്തിയെന്ന കേസില്‍ ശിക്ഷാവിധി തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ രാജുവിന് മത്സരിക്കാനാവില്ലെന്ന് ഉറപ്പായി. ഇതോടെ പകരക്കാരനെ കണ്ടെത്താന്‍ ഇടതുമുന്നണി വട്ടംചുറ്റുന്നതിനിടയിലാണ് തിരുവനന്തപുരത്തുകാര്‍ക്ക് ഏറെ സുപരിചിതനായ സുധീര്‍ കരമനയുടെ പേര് ഉയര്‍ന്നുവന്നത്.

സിപിഎമ്മിന്റെ തന്ത്രം; ജനാധിപത്യ കേരള കോണ്‍ഗ്രസിന് ആശ്വാസം

സീറ്റ് ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലാതിരുന്ന സിപിഎം നേതൃത്വം, യോജിച്ച ഒരു പൊതുസ്വതന്ത്രനെ കണ്ടെത്താന്‍ ആന്റണി രാജുവിനോട് ആവശ്യപ്പെട്ടിരുന്നു. തുടക്കത്തില്‍ സ്വന്തം പാര്‍ട്ടി ടിക്കറ്റില്‍ തന്നെ സ്ഥാനാര്‍ത്ഥി വേണമെന്ന് ആന്റണി രാജു വാശിപിടിച്ചെങ്കിലും ഒടുവില്‍ സുധീര്‍ കരമന എന്ന പേരില്‍ എല്ലാവരും യോജിക്കുകയായിരുന്നു.

അന്തരിച്ച പ്രശസ്ത നടന്‍ കരമന ജനാര്‍ദ്ദനന്‍ നായരുടെ മകന്‍ എന്ന നിലയിലും മികച്ച നടന്‍ എന്ന നിലയിലും സുധീര്‍ കരമനയ്ക്ക് മണ്ഡലത്തിലുള്ള സ്വാധീനം വോട്ടാക്കി മാറ്റാമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടുന്നത്. വെറുമൊരു നടന്‍ എന്നതിലുപരി തിരുവനന്തപുരം നഗരത്തിലെ സ്‌കൂള്‍ പ്രിന്‍സിപ്പലായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച വ്യക്തിയെന്ന നിലയിലുള്ള സുധീറിന്റെ മികച്ച പ്രതിച്ഛായ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.

യുഡിഎഫ് സ്ഥാനാര്‍ഥിയായി സി.പി.ജോണും, എന്‍ഡിഎ സ്ഥാനാര്‍ഥിയായി കരമന ജയനും പ്രചാരണ രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.