ന്യൂഡല്‍ഹി: മോദി സ്തുതി അടക്കം നടത്തി മുന്നോട്ടു പോകുന്ന ശശി തരൂര്‍ ബിജെപിയില്‍ ചേരുമോ എന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയി ബിജെപിയില്‍ പോകാനാണ് തരൂരിന്റെ പദ്ധതിയെന്നാണ സൂചനകള്‍. കോണ്‍ഗ്രസ് തന്നെ പുറത്താക്കട്ടെ എന്നും തരൂര്‍ കരുതുന്നത്. എന്നാല്‍, തല്‍ക്കാലം തരൂരിനെ പുറത്താക്കാന്‍ ഇല്ലെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിലപാട്. തരൂര്‍ സ്വന്തം നിലയില്‍ തീരുമാനം എടുക്കട്ടെ എന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്.

അതേസമയം തരൂര്‍ വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും രംഗത്തെത്തി. സമയമാകുമ്പോള്‍ തരൂര്‍ ചെയ്യേണ്ടത് ചെയ്യും. അടുത്ത മുഖ്യമന്ത്രിയാകാനുള്ള സര്‍വേയെ പറ്റി അറിയില്ലെന്നും അത് കണ്ടില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ശശി തരൂരിന് അദ്ദേഹത്തിന്റെ മനസുണ്ട്. അദ്ദേഹം പറയേണ്ടത് പറയും. സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം തരൂര്‍ ബിജെപിയിലേക്കെന്ന അഭ്യൂഹത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും രംഗത്തുവന്നിരുന്നു. തന്റെ മുന്നില്‍ ഇതുവരെ അപേക്ഷകള്‍ ഒന്നും വന്നിട്ടില്ല. ദേശീയ നേതൃത്വത്തിന് മുന്നില്‍ വന്നോ എന്ന് അറിയില്ല. വികസിത കേരളത്തോടൊപ്പം നില്‍ക്കുന്നവരെ ചേര്‍ത്തുനിര്‍ത്തും. ബിജെപിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.

അതേസമയം തരൂരിനെതിരായ വികാരം പാര്‍ട്ടിയില്‍ ശക്തമാകുമ്പോള്‍ അച്ചടക്ക നടപടി വേണ്ടെന്ന നിലപാടില്‍ ഹൈക്കമാന്‍ഡ്. അടിയന്തരാവസ്ഥ വാര്‍ഷികത്തിലെ ലേഖനത്തെ അവഗണിക്കാന്‍ നേതൃത്വം തീരുമാനിച്ചു. ലേഖനം നെഹ്‌റു കുടുംബത്തിനെതിരെ ബിജെപി പരമാവധി പ്രചരിപ്പിക്കുമ്പോള്‍ മോദി സര്‍ക്കാരിനുള്ള സ്തുതി തരൂര്‍ തുടരുകയാണ്.

അവഗണനയെന്ന നയതന്ത്രം ശശി തരൂരിനോടാവര്‍ത്തിച്ച് ഹൈക്കമാന്‍ഡ്. അടുത്തിടെ തരൂര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെല്ലാം തള്ളിയത് പോലെ ഇന്ദിര ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കുമെതിരെ ലേഖനത്തിലൂടെ ഉയര്‍ത്തിയ ആക്ഷേപവും തള്ളാനാണ് തീരുമാനം. തരൂരിനെതിരെ നടപടി വേണമെന്ന ആവശ്യം ദേശീയ തലത്തിലും കേരളത്തിലും ശക്തമാണ്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് തരൂരിനോട് വിശദീകരണം തേടണമെന്നും, പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ ഗാന്ധി തരൂരിന്റെ നടപടിയെ ചോദ്യം ചെയ്യണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

പ്രവര്‍ത്തക സമിതി അംഗമായ തരൂരിന്റെ കാര്യത്തില്‍ തരൂര്‍ തീരുമാനമെടുക്കട്ടെയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. അതേസമയം, അടിയന്തരാവസ്ഥ ലേഖനത്തിന് പിന്നാലെ മോദി സര്‍ക്കാരിനുള്ള പ്രശംസ തരൂര്‍ തുടരുകയാണ്. ''ശക്തമായ ദേശീയതയാണ് ബിജെപി ഭരണത്തില്‍ പ്രതിഫലിക്കുന്നത്. കേന്ദ്രീകൃത ഭരണത്തില്‍ ബിജെപി വിശ്വസിക്കുന്നു. കഴിഞ്ഞ 78 വര്‍ഷത്തിനിടെയുണ്ടായ മാറ്റങ്ങള്‍ വിദേശ നയത്തിലും രാഷ്ട്രയീയത്തിലും ദൃശ്യമാണ്.''- ലണ്ടനില്‍ ഇന്നലെ നടത്തിയ പ്രസംഗത്തില്‍ തരൂര്‍ വാചാലനായി.

തീവ്രവാദത്തെ നേരിടാന്‍ ശക്തമായ ഇച്ഛാശക്തി ഈ സര്‍ക്കാര്‍ കാണിക്കുന്നുവെന്ന് ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ മറ്റൊരു ലേഖനത്തിലും തരൂര്‍ പ്രശംസിച്ചു. ഇതിനിടെ നെഹ്‌റു കുടുംബത്തിനെതിരായ തരൂരിന്റെ ലേഖനം ബിജെപി പരമാവധി പ്രചരിപ്പിക്കുകയാണ്. മോദി സര്‍ക്കാരിന്റെ ജനാധിപത്യത്തെ തരൂര്‍ പുകഴ്ത്തിയത്, രാഹുല്‍ ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരായ സന്ദേശമായാണെന്ന് ബിജെപി വക്താവ് ആര്‍ പി സിംഗ് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള പാര്‍ട്ടിക്ക് ജനാധിത്യത്തെ കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നാണ് ബിജെപിയുടെ വാദം.