തൃശൂര്‍: കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ കര്‍ശന നടപടി ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കണ്ടതായി പറഞ്ഞ അദ്ദേഹം, 'ഇത് വളരെ മോശമായ പ്രവൃത്തിയാണ്. എന്റെ പരിധിയില്‍പ്പെടുന്ന വിഷയത്തില്‍ സാധ്യമായ ഇടപെടലുകള്‍ നടത്തും. രാജ്യത്ത് അടിയന്തരാവസ്ഥയാണെന്ന് തോന്നിക്കുന്ന സംഭവങ്ങളാണിവ,' എന്നും അഭിപ്രായപ്പെട്ടു.

കുന്നംകുളം പോലീസ് മര്‍ദന സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കിയതിന് പിന്നാലെയാണ് നടപടികള്‍ ശക്തമായത്. രണ്ടരവര്‍ഷത്തിനുശേഷമാണ് ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഷന്‍ നടപടിയുമായി മുന്നോട്ട് വന്നത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ ക്രൂരമായി മര്‍ദിച്ചെന്ന ആരോപണത്തില്‍ എസ്‌ഐ നൂഹ്‌മാന്‍, സീനിയര്‍ സിപിഒ ശശിധരന്‍, സിപിഒമാരായ സജീവന്‍, സന്ദീപ് എന്നിവര്‍ക്കെതിരെ ഉത്തരമേഖലാ ഐജി രാജ്പാല്‍ മീണ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായിരുന്നു. നേരത്തേ ഇവര്‍ക്കെതിരെ സ്ഥലംമാറ്റവും ഇന്‍ക്രിമെന്റ് തടയലുമെന്ന ശിക്ഷ മാത്രമേ നല്‍കിയിരുന്നുള്ളൂ. പിന്നീട് കേസ് പുനപരിശോധിക്കാന്‍ ഉത്തരവിട്ടു. മജിസ്ട്രേറ്റ് കോടതിയുടെ ഇടപെടലിലൂടെയാണ് കേസെടുത്തതെന്നും പോലീസ് വിഭാഗം അറിയിച്ചു.