- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇവിടെ കുറച്ച് വാനരന്മാര് ഉന്നയിക്കലുമായി ഇറങ്ങിയല്ലോ... മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്; അവരോട് അവിടെപോയി ചോദിക്കാന്‍ പറയൂ'; വോട്ടര്‍ പട്ടിക വിവാദത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് സുരേഷ് ഗോപി
വോട്ടര്‍ പട്ടിക വിവാദത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് സുരേഷ് ഗോപി
തൃശൂര്‍: തൃശൂരിലെ വോട്ടര്‍ പട്ടിക വിവാദത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വോട്ടര്‍ പട്ടിക ആരോപണങ്ങില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി നല്‍കേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു. താന്‍ മന്ത്രിയാണെന്നും ആ ഉത്തരവാദിത്തം കാണിച്ചുവെന്നും കൂടുതല്‍ ചോദ്യങ്ങളുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. അതുമല്ലെങ്കില്‍ കേസ് സുപ്രീം കോടതിയിലെത്തുമ്പോള്‍ അവിടെ ചോദിക്കാമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. വിവാദങ്ങളില്‍ ആദ്യമായാണ് സുരേഷ് ഗോപി പ്രതികരിക്കുന്നത്.
കേന്ദ്ര മന്ത്രിയായതിനാലാണ് പ്രതികരിക്കാത്തത്. ചില വാനരന്മാര്‍ ഇവിടെ നിന്ന് 'ഉന്നയിക്കലുമായി' ഇറങ്ങിയിട്ടുണ്ടായിരുന്നല്ലോയെന്നും സുരേഷ് ഗോപി പരിഹസിച്ചു. അക്കരെയും ഇക്കരയുമൊക്കെ ഇറങ്ങിയിട്ടുണ്ടല്ലോ. അവര്‍ കോടതിയില്‍ പോകട്ടെ. കോടതിയും അവര്‍ക്ക് മറുപടി നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
''നിങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് ചീഫ് ഇലക്ഷന്‍ കമ്മിഷന്‍ മറുപടി പറയും. എന്തുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞില്ല? മറുപടി പറയേണ്ടത് അവരാണ്. ഞാന്‍ മന്ത്രിയാണ്. ആ ഉത്തരവാദിത്തം ഞാന്‍ ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. മറുപടി പറയേണ്ടവര്‍ ഇന്ന് മറുപടി പറയും. ചോദ്യങ്ങള്‍ കൂടുതലുണ്ടെങ്കില്‍ അവരോട് ചോദിക്കാം. അല്ലെങ്കില്‍ കേസ് സുപ്രീംകോടതിയില്‍ എത്തുമ്പോള്‍ അവിടെ ചോദിക്കാം. ഇവിടെ കുറച്ച് വാനരന്‍മാര്‍ ഇറങ്ങിയല്ലോ ഉന്നയിക്കലുമായി. അവരോട് അവിടെപോയി ചോദിക്കാന്‍ പറയൂ''സുരേഷ്‌ഗോപി പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച് ബംഗളൂരുവില്‍ നിന്ന് വാങ്ങിയ മാലയാണ് അദ്ദേഹം ശക്തന്റെ പ്രതിമയില്‍ ചാര്‍ത്തിയത്. ഹൃദയം പറഞ്ഞു ചെയ്തു. 'തൃശൂരിന്റെ ഏറ്റവും ശക്തനായ ജനനായകനായിരുന്നു ശക്തന്‍. ആ ശക്തി തൃശൂരിന് ലഭിക്കണം. അതിനുവേണ്ടിയാണ് ഇത് ചെയ്തത്. അതിനായുള്ള ആദ്യത്തെ സമര്‍പ്പണം നടത്തി''.
കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെയെ അടക്കം പരിഹസിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആരോപണങ്ങളുമായി ഇറങ്ങിയ വാനരന്മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കട്ടെയെന്നും ചോദ്യങ്ങള്‍ക്ക് കമ്മീഷനാണ് മറുപടി പറയേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. ശക്തന്‍ തമ്പുരാന്റെ ആത്മാവ് ഉള്‍ക്കൊണ്ട് കൊണ്ട് പ്രവര്‍ത്തനം നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. . ശക്തന്‍ തമ്പുരാന്‍ ശക്തനായ ഭരണാധികാരിയായിരുന്നുവെന്നും ആ ശക്തനെ തിരിച്ചു പിടിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ ശക്തന്‍ പ്രതിമയില്‍ മാലചാര്‍ത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
ഈ വര്‍ഷത്തെ ഓണാഘോഷം ശക്തനില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന് ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോള്‍ സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. അതേസമയം, സുരേഷ് ഗോപിയെ വേട്ടയാടുന്നത് ചെറുക്കാന്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. പൊതു വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും യോഗം വിലയിരുത്തി. തൃശൂരിലെ ജനങ്ങളെ വിഡ്ഢികളായി ചിത്രീകരിക്കാനാണ് കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞു.