- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോരാട്ടം കടുപ്പിക്കാന്‍ പാലക്കാട് ശോഭാ സുരേന്ദ്രന്‍ എത്തുമോ? പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി; കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു; ശോഭ സുരേന്ദ്രന്‍ തന്നെ മത്സരിക്കണമെന്ന് എന്‍ ശിവരാജനും; കാലുവാരിയാല്‍ നേരിടുമെന്നും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം
പോരാട്ടം കടുപ്പിക്കാന്‍ പാലക്കാട് ശോഭാ സുരേന്ദ്രന്‍ എത്തുമോ?
പാലക്കാട്: ഉപതിരഞ്ഞെടുപ്പു നടക്കുന്ന പാലക്കാട് ബിജെപി സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന്‍ എത്തുമോ എന്ന കാര്യത്തില്‍ ആകാംക്ഷ തുടരുന്നു. ബിജെപിയിലെ ഒരു വിഭാഗത്തിന് അനഭിമതയാണെങ്കിലും ശോഭക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. പാര്‍ട്ടി അണികളും ശോഭ മത്സരിക്കുമെന്ന പ്രതീക്ഷയിലാണ്. അതിനിടെ ചില അപ്രതീക്ഷിത നീക്കങ്ങളും ശോഭയ്ക്കായി നടക്കുന്നുണ്ട്. ശോഭ സുരേന്ദ്രന് പിന്തുണയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തി.ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് സുരേഷ് ഗോപി കത്തയച്ചു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ശോഭ സുരേന്ദ്രനുണ്ടാക്കിയ നേട്ടം ഉള്‍പ്പെടെ കണക്കിലെടുത്താണ് പാലക്കാട് അവരെ മത്സരിപ്പിക്കണമെന്ന് ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി ഉയര്‍ത്തുന്നത്. ഇതിനിടെയാണ് നിര്‍ണായക നീക്കവുമായി സുരേഷ് ഗോപി കളത്തിലിറങ്ങിയത്. അതേസമയം, ശോഭ സുരേന്ദ്രന്‍ പാലക്കാട് മത്സരിച്ചാല്‍ വലിയ വിജയസാധ്യത ഉണ്ടെന്നാണ് സുരേഷ് ഗോപി ചൂണ്ടിക്കാട്ടുന്നത്.
അതേസമയം മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുള്ള സി. കൃഷ്ണകുമാര്‍ വിഭാഗം പാര വെക്കുമോ എന്ന ആശങ്കയും ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ക്കുണ്ട്. പാലക്കാട് കൃഷ്ണകുമാറിനെയും സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. തര്‍ക്കം മുറുകിയാല്‍ കെ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ഥിയാകാനും സാധ്യതയുണ്ട്.
പാലക്കാട് ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന കടുത്ത നിലപാടിലാണ് ബിജെപി യിലെ ഒരു വിഭാഗം നേതാക്കള്‍. ശോഭ മത്സരിച്ചാല്‍ മറ്റേത് നേതാവിനേക്കാള്‍ വിജയം ഉറപ്പെന്നാണ് നേതാക്കളുടെ പക്ഷം. പാലക്കാട് ശോഭ സുരേന്ദ്രന്‍ തന്നെ മത്സരിക്കണമെന്നും തെരഞ്ഞെടുപ്പില്‍ അവരെ പാര്‍ട്ടിയിലുള്ളവര്‍ തന്നെ കാലുവാരിയാല്‍ നേരിടുമെന്നും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ പറഞ്ഞു.
ശോഭയെ പാര്‍ട്ടിയിലുള്ളവര്‍ തന്നെ കാലു വാരിയാല്‍ അവരുടെ എല്ലിന്റെ എണ്ണം കൂടുകയും പല്ലിന്റെ എണ്ണം കുറയുകയും ചെയ്യുമെന്നും എന്‍ ശിവരാജന്‍ പറഞ്ഞു. ശോഭ സുരേന്ദ്രനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ തിരക്കിട്ട നീക്കം ഒരു വിഭാഗം നേതാക്കള്‍ നടത്തുമ്പോള്‍ സി കൃഷ്ണകുമാറിനാണ് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണ. മറ്റു പേരുകളിലേക്ക് സജീവമായി ഇപ്പോള്‍ ആരും എത്തിയിട്ടില്ല.
ശോഭ കളത്തിലിറങ്ങിയാല്‍ മണ്ഡലത്തിലെ സ്ത്രീ വോട്ടര്‍മാരില്‍ അടക്കം വലിയ സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കും. പാലക്കാട്ടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും ബിജെപിയെ തന്നെ സഹായിക്കുമെന്നാണ് കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ട് നിലയില്‍നിന്ന് ലഭിക്കുന്ന സൂചന. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടകളിലൊന്നാണ് പാലക്കാട് നിയമസഭാ മണ്ഡലം. 2011 മുതല്‍ 2021 വരെയുള്ള മൂന്നു ടേമിലും ഷാഫി പറമ്പില്‍ ഗംഭീര വിജയം നേടി. ഇതില്‍ സ്ഥാനാര്‍ഥി മികവായിരുന്നു പ്രധാനമായിരുന്ന കാര്യം. എന്നാല്‍, ഷാഫിക്ക് പകരം രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ചെറിയ ആശങ്കയുണ്ട്. എന്നാല്‍, സരിന്‍ ഇടതു സ്ഥാനാര്‍ഥിയാകുന്നതോടെ മറുവശത്ത് കോണ്‍ഗ്രസുകാര്‍ അടിത്തിട്ടില്‍ വലിയ ശ്രമങ്ങള്‍ തന്നെ നടത്തുന്നുണ്ട്. ഇത് വിജയം എളുപ്പമാക്കുമെന്നാണ് കുരതുന്നത്.
അതേസമയം ഇന്നലെ വരെ കോണ്‍ഗ്രസില്‍ നിന്ന സരിനെ സിപിഎം സ്ഥാനാര്‍ഥിയാക്കുമ്പോള്‍ അത് സിപിഎം അണികള്‍ക്ക് എത്രകണ്ട് ഗുണം ചെയ്യുമെന്ന ചോദ്യമാണ് ഉയരുന്നത്. അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്ന ആശങ്കയും ശക്തമാണ്. ഇത് ബിജെപിക്ക് അനുകൂലമാകുമോ എന്നാണ് അറിയേണ്ടത്.
2011ല്‍ വളരെ കുറച്ചു വോട്ടുകളുമായി മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബിജെപി 2016ലും 2021 ലും സിപിഎമ്മിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 2021ല്‍ നേരിയ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ഥി മെട്രൊ മാന്‍ ഇ. ശ്രീധരന്‍ രണ്ടാം സ്ഥാനത്തായത്. 2016ല്‍ ബിജെപിയുടെ ശോഭാ സുരേന്ദ്രനും രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 2011 ല്‍ ബിജെപിക്ക് വെറും 6.59 ശതമാനം വോട്ട് മാത്രമാണു കിട്ടിയതെങ്കില്‍, 2021ല്‍ അത് 35.34 ശതമാനമായി.
ഇങ്ങനെയൊരു സാഹചര്യത്തില്‍, കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കുന്നത് ബിജെപിക്കു തന്നെ ഗുണം ചെയ്യുമെന്നാണ് നിലവിലുള്ള സാഹചര്യത്തില്‍ കണക്കാക്കപ്പെടുന്നത്. സിപിഎം ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തി കോണ്‍ഗ്രസിന് വോട്ട് മറിച്ചാണ് കഴിഞ്ഞ രണ്ടു ടേമിലും ബിജെപിയെ തോല്‍പ്പിച്ചതെന്ന വിലയിരുത്തല്‍ യുക്തിസഹമാണ്. പുതിയ സാഹചര്യത്തില്‍, സരിന്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായാല്‍ പാര്‍ട്ടി വോട്ടുകള്‍ പോലും നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും.
സിപിഎമ്മിന്റെ ഗുഡ്ബുക്കില്‍ അല്ലാത്ത രാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ട് മറിക്കാനും സിപിഎം അനുയായികള്‍ മടിക്കും. രണ്ടായാലും ഭിന്നിക്കാതെ പോകുന്നത് ബിജെപി വോട്ടുകളായിരിക്കും. സിപിഎമ്മില്‍നിന്നോ കോണ്‍ഗ്രസില്‍ നിന്നോ ഭിന്നിച്ചു കിട്ടുന്ന അഞ്ച് ശതമാനം വോട്ടെങ്കിലും സ്വന്തം അക്കൗണ്ടില്‍ ചേര്‍ക്കാന്‍ സാധിച്ചാല്‍ ബിജെപി സ്ഥാനാര്‍ഥി വിജയിക്കാന്‍ പോലും സാധ്യതയുണ്ട്. സ്ഥാനാര്‍ഥി നിര്‍ണായത്തില്‍ പന്ത് ഇപ്പോള്‍ കേന്ദ്ര നേതൃത്വത്തിന്റെ കോര്‍ട്ടിലാണ്.
ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ടെ മുതിര്‍ന്ന നേതാക്കളടക്കം രംഗത്തു വന്നതോടെ കൃഷ്ണകുമാറിനെ മത്സരിപ്പിക്കാന്‍ താത്പര്യമുള്ള സംസ്ഥാന നേതൃത്വം പ്രതിസന്ധിയിലായി. പാലക്കാട്ട് ആദ്യമായി രണ്ടാംസ്ഥാനത്തെത്തിയതും മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് വര്‍ധിപ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് ശോഭാ അനുകൂലികള്‍ വിട്ടുകൊടുക്കാതെ രംഗത്ത് തുടരുന്നത്.