തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പരിഹാസവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സ്വകാര്യ സര്‍വകലാശാലകളെ എതിര്‍ത്തിരുന്ന എല്‍ഡിഎഫ് ഇപ്പോള്‍ അധികാരത്തിലെത്തിയപ്പോള്‍ അതിന് അനുമതിനല്‍കുന്ന ബില്‍ പാസാക്കിയ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്റെ പരിഹാസം. ഇന്നലെയാണ് സ്വകര്യ സര്‍വകലാശാല ബില്‍ കേരള നിയമസഭയില്‍ പാസാക്കിയത്.

കമ്യൂണിസ്റ്റുകള്‍ ഒരു ദിവസം 21-ാം നൂറ്റാണിലേക്ക് പ്രവേശിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അതുപക്ഷേ സംഭവിക്കുക 22-ാം നൂറ്റാണ്ടിലായിരിക്കുമെന്നും തരൂര്‍ സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ പരിഹസിച്ചു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയില്‍ ആദ്യമായി കമ്പ്യൂട്ടറുകള്‍ വന്നപ്പോള്‍ കമ്യൂണിസ്റ്റ് ഗൂണ്ടകള്‍ പൊതുമേഖലാ ഓഫീസുകളില്‍ കയറി അവ തല്ലിപ്പൊട്ടിച്ചെന്നും ഇന്ത്യയില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നതിനെ എതിര്‍ത്ത ഒരേയൊരു പാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും തരൂര്‍ കുറിച്ചു.

തരൂരിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം...

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ തുറക്കാന്‍ അനുമതി നല്‍കി, അങ്ങനെ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒടുവില്‍ ശരിയായ കാര്യം ചെയ്തിരിക്കുകയാണ്. പതിവുപോലെ, തീരുമാനം ഏതാണ്ട് 15 മുതല്‍ 20 വര്‍ഷം വൈകിയാണ് വന്നത്. 19-ാം നൂറ്റാണ്ടിലെ പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്നവരുടെ കാര്യത്തില്‍ ഇത് സാധാരണയായി സംഭവിക്കാറുണ്ട്.

ഇന്ത്യയില്‍ ആദ്യമായി കമ്പ്യൂട്ടറുകള്‍ വന്നപ്പോള്‍, കമ്യൂണിസ്റ്റ് ഗൂണ്ടകള്‍ പൊതുമേഖലാ ഓഫീസുകളില്‍ കയറി അവ തകര്‍ക്കുകയായിരുന്നു എന്ന കാര്യം ഒരിക്കലും മറക്കരുത്. ഇന്ത്യയില്‍ മൊബൈല്‍ ഫോണുകള്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത ഒരേയൊരു പാര്‍ട്ടിയും കമ്യൂണിസ്റ്റുകാരായിരുന്നു.

ഈ മാറ്റങ്ങളുടെ യഥാര്‍ത്ഥ ഗുണഭോക്താവ് സാധാരണക്കാരനാണെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് വര്‍ഷങ്ങളെടുത്തു. ആ സാധരണക്കാരന് വേണ്ടിയാണ് തങ്ങള്‍ സംസാരിക്കുന്നതെന്നാണ് അവകാശപ്പെടുന്നത്. ഒടുവില്‍ അവര്‍ ഒരു ദിവസം 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, പക്ഷേ അത് 22-ാം നൂറ്റാണ്ടില്‍ മാത്രമായിരിക്കാം!.