തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സീറ്റ് കൈമാറ്റത്തിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റര്‍. കോണ്‍ഗ്രസിന്റെ തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് സിഎംപിക്ക് കൈമാറുന്നതിന് എതിരെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സീറ്റ് കോണ്‍ഗ്രസ് നിലനിര്‍ത്തണമെന്നും ആളില്ലാത്ത സിഎംപിയുടെ സി പി ജോണിന് സീറ്റ് നല്‍കരുത് എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. സി പി ജോണിനെതിരെ ഡിസിസി ഓഫീസ് പരിസരത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് പോസ്റ്ററുകള്‍. നഗരത്തില്‍ കൈപ്പത്തി ചിഹ്നം വരച്ച് ചുവരെഴുത്തും തുടങ്ങിയിട്ടുണ്ട്.

അതേസമയം മുന്‍ ഡിസിസി പ്രസിഡന്റും മുന്‍ മന്ത്രിയുമായ വി എസ് ശിവകുമാര്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ താല്പര്യം നേതൃത്വത്തെ അറിയിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സിഎംപിക്ക് ഈ സീറ്റ് നല്‍കാനും അവിടെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സി പി ജോണിനെ മത്സരിപ്പിക്കാനുമാണ് യുഡിഎഫ് നേൃത്വത്തിന്റെ നീക്കം.

തിരുവനന്തപുരം സീറ്റ് നിഷേധിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് ശിവകുമാര്‍ അറിയിച്ചിരിക്കുന്നത്. അതിനിടെ, പ്രശ്നം സങ്കീര്‍ണ്ണമാക്കി, സീറ്റ് സിഎംപിക്ക് നല്‍കുന്നതിനെ എതിര്‍ത്ത് ഏതാനും കെപിസിസി, ഡിസിസി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. മുന്നണി സീറ്റ് വിഭജന ചര്‍ച്ചകളുടെ ഭാഗമായിട്ടാണ് സിഎംപി തിരുവനന്തപുരം ആവശ്യപ്പെട്ടത്. സിപി ജോണിനെ നിയമസഭയിലെത്തിക്കണമെന്ന് കോണ്‍ഗ്രസും ആഗ്രഹിക്കുന്നുണ്ട്.

ശിവകുമാര്‍ രണ്ടു തവണ നിയമസഭയില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2021 ല്‍ പരാജയപ്പെടുകയായിരുന്നു. ഒരു തവണ തിരുവനന്തപുരത്ത് നിന്നും ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. മണ്ഡലത്തിലെ താഴേത്തട്ടിലും, സമുദായിക ഗ്രൂപ്പുകളിലും സ്വാധീനമുള്ള ശിവകുമാറിനെ മത്സരിപ്പിച്ചില്ലെങ്കില്‍ മണ്ഡലം യുഡിഎഫിന് നഷ്ടപ്പെടാന്‍ ഇടയുണ്ടെന്നാണ് ശിവകുമാര്‍ അനുകൂലികള്‍ പറയുന്നത്.

സിഎംപി സ്ഥാപക നേതാവ് എം വി രാഘവന്‍, അന്ന് തിരുവനന്തപുരം വെസ്റ്റ് ആയിരുന്ന മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സീറ്റ് പാര്‍ട്ടിക്ക് വേണമെന്ന് സിഎംപി രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ സിറ്റിംഗ് സീറ്റായതിനാല്‍ മണ്ഡലത്തിന്മേല്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. പാര്‍ട്ടിക്ക് അനുവദിച്ചാല്‍ ജനറല്‍ സെക്രട്ടറി സി പി ജോണ്‍ സീറ്റില്‍ നിന്ന് മത്സരിക്കുമെന്നാണ് തീരുമാനം.

നേരത്തെ തിരുവമ്പാടി മണ്ഡലത്തില്‍ സി പി ജോണിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നു. എന്നാല്‍ പട്ടാമ്പിയും തിരുവമ്പാടിയും തമ്മിലുള്ള സീറ്റു വെച്ചുമാറ്റ ചര്‍ച്ചകള്‍ക്കിടെ ഈ നീക്കം തടസ്സപ്പെട്ടു. സിഎംപിക്ക് വിജയിക്കാവുന്ന രണ്ട് സീറ്റുകള്‍ നല്‍കുമെന്നും ജോണ്‍ അടുത്ത നിയമസഭയില്‍ എംഎല്‍എയായി ഉണ്ടാകുമെന്നും വി ഡി സതീശന്‍ ഉറപ്പ് നല്‍കിയിരുന്നു. യു ഡി എഫിന്റെ സെക്രട്ടറി കൂടിയാണ് സിപി ജോണ്‍.