തൃശൂര്‍: കൊച്ചി മേയര്‍ സ്ഥാനത്തേക്ക് ദീപ്തി മേരി വര്‍ഗ്ഗീസിനെ വെട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ക്ക് പിന്നാലെ തൃശൂരിലും വടംവലി. തൃശൂരില്‍ മുതിര്‍ന്ന അംഗവും പുതുമുഖവും തമ്മിലാണ് പോര്.

തൃശൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനം പങ്കിടാന്‍ തീരുമാനമായെങ്കിലും ആര് ആദ്യം എന്നതില്‍ തര്‍ക്കം മുറുകുകയാണ്. പ്രമുഖ ഗൈനക്കോളജിസ്റ്റും കിഴക്കുംപാട്ടുക്കരയില്‍ നിന്ന് ജയിച്ച പുതുമുഖവുമായ ഡോ. നിജി ജസ്റ്റിനെ ആദ്യഘട്ടത്തില്‍ മേയറാക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍ നാല് തവണ കൗണ്‍സിലറായ, റെക്കോഡ് ഭൂരിപക്ഷത്തില്‍ ജയിച്ച ലാലി ജെയിംസിനെ മേയറാക്കണമെന്നാണ് ഭൂരിഭാഗം കൗണ്‍സിലര്‍മാരുടെയും ആവശ്യം. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വോട്ടിനിടാനും സമ്മര്‍ദമുണ്ട്.

എഐസിസി നിലപാട് കടുപ്പിച്ചാല്‍ നിജി ജസ്റ്റിന്‍ ആദ്യം കസേരയിലെത്തും. ഡെപ്യൂട്ടി മേയറായി കെപിസിസി സെക്രട്ടറി എ. പ്രസാദും രണ്ടര വര്‍ഷത്തിന് ശേഷം ബൈജു വര്‍ഗീസും വരുമെന്നാണ് നിലവിലെ ധാരണ.

കൊച്ചിയില്‍ ദീപ്തിയെ വെട്ടി ഗ്രൂപ്പ് കളി

കൊച്ചിയില്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ദീപ്തി മേരി വര്‍ഗീസിനെ വെട്ടിനിരത്തിയാണ് എ-ഐ ഗ്രൂപ്പുകള്‍ അധികാരം വീതം വെച്ചത്. ഐ ഗ്രൂപ്പിലെ വി കെ മിനിമോളും എ ഗ്രൂപ്പിലെ ഷൈനി മാത്യുവും രണ്ടര വര്‍ഷം വീതം മേയര്‍ സ്ഥാനം പങ്കിടും. കെപിസിസി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഈ തീരുമാനമെന്ന് ദീപ്തി തുറന്നടിച്ചു. കൗണ്‍സിലര്‍മാരെ വ്യക്തിപരമായി കണ്ട് ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ഡിസിസി പ്രസിഡന്റും മറ്റ് ഗ്രൂപ്പ് നേതാക്കളും തീരുമാനമെടുത്തതെന്ന് ദീപ്തി ആരോപിക്കുന്നു.

രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം തള്ളി നേതാക്കള്‍ കൗണ്‍സിലര്‍മാരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കണ്ട് ഭീഷണിപ്പെടുത്തിയതോടെ ദീപ്തിക്ക് വെറും 4 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. കൊച്ചിയിലെ ഗ്രൂപ്പ് കളിക്കെതിരെ ദീപ്തി മേരി വര്‍ഗീസ് കെപിസിസി പ്രസിഡന്റിന് പരാതി നല്‍കി കഴിഞ്ഞു. എന്നാല്‍ അനുനയ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.