തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് 75 സീറ്റുകളില്‍ മത്സരിക്കാന്‍ സിപിഎം തീരുമാനം. കോര്‍പ്പറേഷനിലേക്ക് മൂന്ന് പാര്‍ട്ടി ഏരിയാ സെക്രട്ടറിമാര്‍ മത്സരിക്കാനും സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. വഞ്ചിയൂര്‍ ഏരിയാ സെക്രട്ടറി കെ ശ്രീകുമാര്‍, പാളയം ഏരിയാ സെക്രട്ടറി പി ബാബു, വിളപ്പില്‍ ഏരിയാ സെക്രട്ടറി ആര്‍ പി ശിവജി എന്നിവരാണ് മത്സര രംഗത്തിറങ്ങുന്നത്.

സിപിഎം ജില്ലാ കമ്മിറ്റിയും, ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കൂടി പങ്കെടുത്ത യോഗത്തിലാണ് ഏരിയാ സെക്രട്ടറിമാരെ മത്സര രംഗത്തിറക്കാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിനു തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് സിപിഎമ്മില്‍ ധാരണയായിട്ടുള്ളത്.

പരിചയസമ്പത്തിനും യുവത്വത്തിനും പ്രാതിനിധ്യം നല്‍കുന്ന വിധത്തിലുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനാണ് സിപിഎമ്മില്‍ ധാരണയായിട്ടുള്ളത്. മേയര്‍ സ്ഥാനത്തേക്ക് ആ പി ശിവജി, കെ ശ്രീകുമാര്‍ എന്നിവരെ പരിഗണിക്കുന്നതായാണ് സൂചന. കെ ശ്രീകുമാര്‍ നേരത്തെ മേയര്‍ പദവി വഹിച്ചിട്ടുണ്ട്. കടുത്ത മത്സരത്തിന് കോണ്‍ഗ്രസും ബിജെപിയും മുന്നിട്ടിറങ്ങിയ സാഹചര്യത്തില്‍, ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കാന്‍ സിപിഎം നേതൃയോഗത്തില്‍ തീരുമാനിച്ചു.

തിരുവനന്തപുരം നഗരസഭയിലെ 75 സീറ്റുകളില്‍ സിപിഎം ജനവിധി തേടുമ്പോള്‍, സിപിഐക്ക് 17 സീറ്റുകള്‍ നല്‍കാനാണ് മുന്നണി തലത്തില്‍ ധാരണയായിട്ടുള്ളത്. സീറ്റു വിഭജന ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. മൂന്നോ നാലോ സീറ്റുകളില്‍ മാത്രമാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന് മൂന്നു സീറ്റും, കേരള കോണ്‍ഗ്രസ് ബിയ്ക്ക് ഒരു സീറ്റും നല്‍കും. ആര്‍ജെഡിക്കും ഒരു സീറ്റു നല്‍കിയേക്കുമെന്നാണ് സൂചന.