- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രചരണത്തിന് പിന്നില്‍ സിപിഎമ്മുണ്ട്; മുസ്ലീം ലീഗിന്റെ പ്രസക്തി എന്താണെന്ന് സിപിഎം തിരിച്ചറിയണമെന്ന് വിഡി സതീശന്‍; പ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കുഞ്ഞാലിക്കുട്ടി; പാണക്കാട്ടെ വീട്ടില്‍ നടന്നത് നിര്‍ണ്ണായക രാഷ്ട്രീയ ചര്‍ച്ചകള്‍; കേരളാ കോണ്‍ഗ്രസിനെ ഇടതില്‍ നിന്നും അടര്‍ത്തിയെടുക്കുമോ? വിപൂലീകരണം പ്രഖ്യാപിച്ച് യുഡിഎഫ്
മലപ്പുറം: വെള്ളാപ്പള്ളിയുടെ ഭീഷണികളെ ഒറ്റക്കെട്ടായി യുഡിഎഫ് നേരിയും. പ്രതിപക്ഷ നേതാവ് വിഡി സതീശനും മുസ്ലീം ലീഗ് നേതൃത്വവും ഇതിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. പാണക്കാട് എത്തിയായിരുന്നു വിഡി സതീശന്റെ ചര്‍ച്ച. ഇതിന് ശേഷം പ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന സൂചന നല്‍കി. യുഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന സൂചനകളും പുറത്തേക്ക് വരുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പ് യു.ഡി.എഫിന്റെ അടിത്തറ വിപുലമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചു അതിന്റെ വിശാദാംശങ്ങള്‍ ഇപ്പോള്‍ പറയുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. കേരളാ കോണ്‍ഗ്രസ് മാണിയെ യുഡിഎഫില്‍ എത്തിക്കണമെന്ന ആഗ്രഹം മുസ്ലീം ലീഗിനുമുണ്ട്. ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്ന വിലയിരുത്തലാണ് പ്രതിപക്ഷ നേതാവിന്റെ വാക്കുകളില്‍ നിറയുന്നതെന്നാണ് സൂചന. ഛത്തീസ് ഗഡിലെ കന്യാസ്ത്രീ അറസ്റ്റും യുഡിഎഫ് സജീവ ചര്‍ച്ചയാക്കും.
യു.ഡി.എഫിന്റെ ഏറ്റവും വലിയ കരുത്ത് ടീം യു.ഡി.എഫാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 2026-ലെ ഉജ്ജ്വലമായ തിരിച്ച് വരവിനുള്ള കരുത്തും ഊര്‍ജ്ജവും ടീം യു.ഡി.എഫാണ്. അതാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലും തെളിയിച്ചത്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആത്മവിശ്വാസം ഉണ്ടാക്കുന്ന ഐക്യമാണ് യു.ഡി.എഫിലുള്ളത്. കൃത്യസമയങ്ങളില്‍ യു.ഡി.എഫ് നേതാക്കള്‍ കൂടിയാലോചന നടത്തി ഒറ്റക്കെട്ടായി തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കും. എല്ലാ മാസങ്ങളിലും യു.ഡി.എഫ് യോഗം ചേര്‍ന്ന് കൂടിയാലോചന നടത്തിയുള്ള മുന്നേറ്റമാണ് നടത്തുന്നത്. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് യു.ഡി.എഫ് നേതൃക്യാമ്പ് സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് യു.ഡി.എഫിന്റെ അടിത്തറ വിപുലമാക്കും. അതിന്റെ വിശാദാംശങ്ങള്‍ ഇപ്പോള്‍ പറയുന്നില്ലെന്നും അറിയിച്ചു.
തിളക്കമാര്‍ന്ന വിജയത്തോടെ യു.ഡി.എഫിനെ അധികാരത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ കഴിഞ്ഞില്ലെങ്കില്‍ വെള്ളാപ്പള്ളി പറഞ്ഞതു പോലെ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നാണ് പറഞ്ഞത്. അത് ഞങ്ങളുടെ ആത്മവിശ്വാസമാണ്. ഉജ്ജ്വല ഭൂരിപക്ഷത്തോടെ യു.ഡി.എഫിന് അധികാരത്തില്‍ തിരിച്ചു വരാനാകും. അതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ലീഗ്. അവര്‍ പൂര്‍ണമായും ഒപ്പമുണ്ട്. നിലമ്പൂരില്‍ ഒറ്റ പാര്‍ട്ടിയായാണ് യു.ഡി.എഫ് പ്രവര്‍ത്തിച്ചത്. ഇന്ത്യയിലെ മുഴുവന്‍ സഖ്യങ്ങള്‍ക്കും മാതൃകയാണ് യു.ഡി.എഫ്. ഇന്ത്യ മുന്നണിയും ദേശീയതലത്തില്‍ ഇതുപോലെ ആകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സമുദായത്തെയും ജില്ലയെയും രാഷ്ട്രീയ പ്രസ്ഥാനത്തെയും അധിക്ഷേപിച്ചപ്പോള്‍ അങ്ങനെ പറയരുതെന്ന് മിതമായ വാക്കുകളിലാണ് പറഞ്ഞത്. ശ്രീനാരായണ ഗുരുദേവന്‍ എന്ത് പറയരുതെന്നും എന്ത് ചെയ്യരുതെന്നും പറഞ്ഞിരിക്കുന്നത് പറയരുതെന്നാണ് വിനീതമായി പറഞ്ഞത്. ആരോടും വ്യക്തിപരമായ പ്രശ്നങ്ങളില്ല. പക്ഷെ ഏതു തരത്തിലുള്ള വര്‍ഗീയതയെയും വിദ്വേഷ പ്രചരണത്തെയും യു.ഡി.എഫ് ഒറ്റക്കെട്ടായി എതിര്‍ക്കും-സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അത്തരം കാര്യങ്ങള്‍ പറയുന്ന ആരുമായും ഒത്തുതീര്‍പ്പിനില്ല. വിദ്വേഷ പ്രചരണത്തിന് പിന്നില്‍ സി.പി.എമ്മുണ്ട്. മുസ്ലീംലീഗിന്റെ പ്രസക്തി എന്താണെന്ന് സി.പി.എം തിരിച്ചറിയണം. ലീഗ് ഉണ്ടാക്കിയിരിക്കുന്ന ഒരു രാഷ്ട്രീയ പരിസരമുണ്ട്. ലീഗിന് തീവ്രത പോരെന്ന് പറഞ്ഞ് നിലവില്‍ വന്ന എല്ലാ ശക്തികളെയും പ്രോത്സാഹിപ്പിക്കുന്നത് സി.പി.എമ്മാണ്. ഐ.എന്‍.എല്ലിനെയും എന്‍.ഡി.എഫിനെയും സി.പി.എം പ്രോത്സാഹിപ്പിച്ചു. ലീഗിന് തീവ്രവാദം ഇല്ലെന്ന് പറഞ്ഞവരെ കൂട്ടിപ്പിടിച്ചവരാണ് സി.പി.എം. മതസൗഹാര്‍ദ്ദമുണ്ടാക്കാന്‍ എല്ലാ കാലത്തും പരിശ്രമിച്ച പ്രസ്ഥാനമാണ് ലീഗ്. ബാബരി മസ്ജിദ് പ്രശ്നം വന്നപ്പോഴും അത് കണ്ടതാണ്. അന്ന് ശിഹാബ് തങ്ങള്‍ ചെതതു പോലെ മുനമ്പം വിഷയം വന്നപ്പോള്‍ സാദിഖലി തങ്ങളും നിലപാടെടുത്തു. മുനമ്പത്തെ സമര സമിതി ബി.ജെ.പിക്കാരെ ആട്ടിയോടിച്ചു. യു.ഡി.എഫും തങ്ങളും പറഞ്ഞതായിരുന്ന ശരിയെന്ന് യാഥാര്‍ത്ഥ്യമായി. അത് വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടമായിരുന്നു. വര്‍ഗീയ വിദ്വേഷമുണ്ടാക്കാന്‍ ആര് ശ്രമിച്ചാലും അതിനെ ശക്തമായി എതിര്‍ക്കുമെന്നും സതീശന്‍ വിശദീകരിച്ചു.
രാജ്യത്ത് ഉടനീളെ ക്രൈസ്തവരും ക്രൈസതവ ദേവാലയങ്ങളും അവരുടെ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയാണ്. ക്രിസ്മസ് കൂട്ടായ്മകളും പ്രാര്‍ത്ഥനകളും തടസപ്പെടുത്തുന്നു. നിരവധി വൈദികരും പാസ്റ്റര്‍മാരും ജയിലിലാണ്. നിരവധി വൈദികര്‍ക്ക് മര്‍ദ്ദനമേറ്റു. 90 വയസുള്ള വൈദികന്റെ കൈ പിന്നില്‍ കെട്ടി മര്‍ദ്ദിച്ചു. ഇപ്പോള്‍ രണ്ടു കന്യാസ്ത്രീകള്‍ ജയിലിലാണ്. പാര്‍ലമെന്റില്‍ നിന്നും പ്രതിപക്ഷ പ്രതിനിധി സംഘം ഛത്തീസ്ഗഢിലേക്ക് പോയിട്ടുണ്ട്. കേരളത്തില്‍ നിന്നും എം.എല്‍.എമാരായ റോജി എം. ജോണും സജീവും ജോസഫും ഛത്തീസ്ഗഢിലേക്ക് പോയിട്ടുണ്ട്. അവിടെ കുഴപ്പം കാണിക്കുന്നവരാണ് ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ പോലെ കേരളത്തില്‍ കേക്കുമായി എത്തുന്നത്. ആ പൊള്ളത്തരമാണ് തുറന്നു കാട്ടപ്പെട്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
യു.ഡി.എഫ് തിരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടക്കുകയാണ്. കോണ്‍ഗ്രസും ലീഗും ഒറ്റക്കെട്ടായി യു.ഡി.എഫിനെ ശക്തിപ്പെടുത്തി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചു വരവിന് വേണ്ടിയുള്ള പ്രയത്നത്തിലാണെന്ന് മുസ്ലീം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളും പ്രതികരിച്ചു. അത് വിജയം കാണും. പ്രതിപക്ഷ നേതാവിനേക്കാള്‍ ഇരട്ടി ആത്മവിശ്വാസമാണ് ലീഗിനുള്ളത്. രാജ്യത്തെ മത സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഛത്തീസ്ഗഢിലുണ്ടായത്. മതേതരത്തിന് എതിരായ ബി.ജെ.പിയുടെ പ്രവര്‍ത്തനം അനുവദിക്കാനാകില്ല. കന്യാസ്ത്രീകള്‍ അടക്കമുള്ള മിഷണറി പ്രവര്‍ത്തകര്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനം മറക്കാനാകില്ല. മതത്തിന്റെ പേരില്‍ അവരെ ക്രൂശിക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു.
മുസ്ലീംലീഗ് ഡല്‍ഹി ആസ്ഥാനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഓഗസ്റ്റ് 24 ന് വൈകിട്ട് മൂന്നിന് ഡല്‍ഹി നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പങ്കെടുക്കും. വയനാട് ദുരിത ബാധിതര്‍ക്ക് ലീഗിന്റെ നേതൃത്വത്തില്‍ വീട് നിര്‍മ്മിക്കുന്നതിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുത്തു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും പാണക്കാട് തങ്ങള്‍ വിശദീകരിച്ചു.