ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. കൊല്ലം ജില്ലകളിലെ സാധ്യത പട്ടികയില്‍ ഏകദേശ ധാരണയായിട്ടുണ്ട്. നേമത്ത് വൈഷ്ണ സുരേഷിനെയും വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെയും കോവളത്ത് എം വിന്‍സെന്റിനെയും അരുവിക്കരയില്‍ വി എസ് ശിവകുമാറിനെയും കാട്ടാക്കടയില്‍ എം ആര്‍ ബൈജുവിനെയുമാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്.

കൊല്ലത്ത് ബിന്ദു കൃഷ്ണ, കൊട്ടാരക്കരയില്‍ ഐഷ പോറ്റി, ചടയമംഗലത്ത് ആര്‍ ചന്ദ്രശേഖരന്‍, കുണ്ടറയില്‍ പി സി വിഷ്ണുനാഥ്, കരുനാഗപ്പള്ളിയില്‍ സി ആര്‍ മഹേഷ് പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാല എന്നിവരെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. വൈഷ്ണ സുരേഷിന്റെ പേര് നേരത്തെ തന്നെ പരിഗണനപ്പട്ടികയില്‍ ഉണ്ടായിരുന്നു. എന്‍ഡിഎയും എല്‍ഡിഎഫും തമ്മിലുള്ള അഭിമാനപോരാട്ടമാണ് നേമത്ത് നടക്കുക. രാജീവ് ചന്ദ്രശേഖറിനെയും വി ശിവന്‍കുട്ടിയുമായിരിക്കും വൈഷ്ണ സുരേഷിന് മത്സരിക്കുകയാണെങ്കില്‍ നേരിടേണ്ടി വരിക. ഇന്ന് വൈകീട്ടോടുകൂടി 40 മണ്ഡലങ്ങളിലെയും കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ഥിപട്ടികയില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.

അതേസമയം, ആദ്യഘട്ടത്തില്‍ 60 സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. എം പിമാര്‍ മത്സരിച്ചേക്കുമോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാകും. സ്ഥാനാര്‍ഥിത്വം ആരും സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിറ്റിംഗ് എംഎല്‍എമാര്‍ സംവരണ സീറ്റുകള്‍ ഒറ്റപ്പേര് മാത്രമുളള മണ്ഡലങ്ങള്‍ എന്നിവ ആദ്യഘട്ട പട്ടികയില്‍ ഇടം നേടിയേക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് പിന്നാലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാണ് നിലവില്‍ കോണ്‍ഗ്രസിലെ ധാരണ.

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിലെ അഞ്ച് എംപിമാര്‍ ഹൈക്കമാന്‍ഡിനെ താല്‍പ്പര്യം അറിയിച്ചതോടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിസന്ധി ഉടലെടുത്തിരിക്കയാണ്. കെ സുധാകരന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍, എം കെ രാഘവന്‍ എന്നിവരാണ് താല്‍പ്പര്യം അറിയിച്ചത്. കെസി വേണുഗോപാല്‍ മത്സരിക്കുമെന്നും അഭ്യൂഹമുയര്‍ന്നിരുന്നു. എംപിമാരെ മത്സരിപ്പിക്കുന്നതില്‍ കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുണ്ടെന്നാണ് സൂചന.

എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് ബെന്നി ബഹനാന്‍ എംപി അറിയിച്ചിട്ടുണ്ട്. എംപിമാര്‍ മത്സരിച്ചാല്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍വാങ്ങുമെന്ന് ഒരു വിഭാഗം നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. എംപിമാര്‍ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഇന്ന് ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയായേക്കില്ല. മുന്‍മന്ത്രി ജി സുധാകരന്‍ സിപിഎം നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍, അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചും ചര്‍ച്ചയുണ്ടായേക്കില്ല.

എംപിമാര്‍ മത്സരിക്കണോയെന്നതില്‍ ഹൈക്കമാന്‍ഡാകും അന്തിമ തീരുമാനം കൈക്കൊള്ളുക. നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനായി വൈകീട്ട് അഞ്ചു മണിക്കാണ് മധുസൂദന്‍ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് സ്‌ക്രീനിങ് കമ്മിറ്റി ചേരുന്നത്. കേരളത്തിലെ മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. 50 സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥികള്‍ വരുമെന്ന് ഉറപ്പാണ്. പെരുമ്പാവൂര്‍, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളിലെ സിറ്റിങ്ങ് എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കണോയെന്നതില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച തുടരുകയാണ്. എല്‍ദോസ് കുന്നപ്പള്ളി, ഐസി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കേസുകളുള്ളതാണ് വീണ്ടും മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ വീണ്ടും ചര്‍ച്ച നടക്കുന്നത്. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളിയും സുല്‍ത്താന്‍ ബത്തേരിയില്‍ ഐസി ബാലകൃഷ്ണനും വീണ്ടും മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.