കൊച്ചി: ഉമര്‍ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. മനസ്സിന് വാര്‍ദ്ധക്യം ബാധിച്ചവര്‍ ജനാധിപത്യത്തെ കുറിച്ച് അല്പമനസ്‌കരാവുകയാണെന്ന് ജിന്റോ തുറന്നടിച്ചു. ജനറല്‍ സീറ്റില്‍ വനിതകളെ മത്സരിപ്പിക്കരുതെന്നുള്ള ഉമര്‍ ഫൈസി മുക്കത്തിന്റെ ലീഗീനെപ്പറ്റിയുള്ള പ്രസ്താവനക്കെതിരെയാണ് ജിന്റോ തുറന്നടിച്ചത്.

കാലികവും വിപ്ലവകരവും ജനാധിപത്യപരവും യൗവ്വനതീഷ്ണവുമായ സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തിയ ലീഗിന് വിമര്‍ശിക്കാന്‍ പിണറായി വിജയന്റെ അടിമ മനസ്‌കരായിട്ടില്ല. സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നതില്‍ വിളറി കൊള്ളുന്ന വൃദ്ധമനസ്‌കരെ ഞങ്ങളെ നയിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയും ഇയാളെ പോലുള്ളവരെ നയിക്കുന്നത് പിണറായിസ്റ്റ് സൂക്തങ്ങളുമാണ്. കാലികമായ തെളിച്ചത്തിന്റെ തലപ്പാവ് കെട്ടാതെ എകെജി സെന്ററിലെ പീറക്കൊടി ഒളിച്ച് കെട്ടിയാല്‍ ഇതാകും അവസ്ഥ. വയ്യാത്തവര്‍ വാപൊത്തി വീട്ടിലിരിക്കണം.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അല്ലാത്തവര്‍ക്കും തുല്യവകാശമാണ് ഇന്ത്യയില്‍. ഇവിടത്തെ നീതിപുസ്തകം ഇന്ത്യന്‍ ഭരണഘടനയാണ്. പുരുഷ ഭരണഘടനയല്ല അപ്പൂപ്പേ. നിങ്ങളുടെ ഭാഷയുടെ വ്യാകരണം മനുവാദികളായ സംഘപരിവാര്‍ നിര്‍മ്മിതിയാണ്. കാര്യം ഇത് പിണറായിക്ക് തുടര്‍ഭരണം തേടിയുള്ള അന്തം കമ്മി നിലവാരത്തിലുള്ള അഭ്യാസമാണെങ്കിലും സംഘപരിവാറിനും നിങ്ങള്‍ക്കും ഒരേ ശബ്ദമാണ്. ഒരുമാതിരി സിപിഎം - ബിജെപി ഡീല്‍ പോലെ.

താങ്കള്‍ക്ക് പലതും കിട്ടി എന്നത് കൊണ്ട് മുസ്ലിം സംഘടനകളെ അപ്പാടെ എല്‍ഡിഎഫ് സര്‍ക്കാര്‍ പരിഗണിച്ചുവെന്ന് പരത്തി പറയണ്ട. ഏതെങ്കിലും സംഘടനക്ക് ഇനി അങ്ങനെ തോന്നിയാല്‍ തന്നെ സാധാരണ മനുഷ്യരായ മുസ്ലിങ്ങള്‍ക്ക് എന്താണ് സര്‍ക്കാര്‍ വച്ച് നീട്ടിയത്. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ഉണ്ടാക്കിയവരെ ഒളിപ്പിച്ചിട്ട് കാഫിയ കഴുത്തിലിട്ട് നാടകം നടത്തിയതോ? പൗരത്വ നിയമവും വഖ്ഫ് നിയമവും ഭേദഗതി ചെയ്തും യൂണിഫോം സിവില്‍ കോഡ് അടക്കമുള്ള വിഘടന രാഷ്ട്രീയം കളിച്ച മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ പിണറായി പോലീസ് കലാപാഹ്വാനത്തിന് കേസെടുത്തതോ? മലപ്പുറം ജില്ലക്കെതിരെ ഹിന്ദു പത്രത്തില്‍ ഇന്റര്‍വ്യൂ കൊടുത്തതോ? വെള്ളാപ്പള്ളിയുടെ പി സി ജോര്‍ജ്ജും ശശികലയുമടക്കമുള്ള സകല സംഘികളും ഉറഞ്ഞു തുള്ളിയ പത്ത് വര്‍ഷങ്ങള്‍ നല്‍കിയതോ?

പോളിറ്റ് ബ്യുറോ മുതല്‍ താഴോട്ടുള്ളവര്‍ ന്യുനപക്ഷങ്ങളെ അപരവത്ക്കരിച്ച വര്‍ത്തമാനം പറഞ്ഞതോ? ആര്‍എസ്എസ് വത്ക്കരിക്കപ്പെട്ട പിണറായി പോലീസിനെ കൊണ്ട് തിരഞ്ഞ് പിടിച്ചു വേട്ടയാടിച്ചതോ? തെരഞ്ഞെടുപ്പ് തോല്‍വികള്‍ മുതല്‍ പിണറായിസ്റ്റുകള്‍ക്ക് ജലദോഷം വന്നാല്‍ പോലും കാരണമായി ന്യുനപക്ഷ വിരോധം പറഞ്ഞതോ? എന്തിനാണ് ഇങ്ങനെ ആത്മവഞ്ചനയുടെ വര്‍ത്തമാനം പറയുന്നത്? ഉദര നിമിത്തമാണെങ്കില്‍ ഇതിലും പട്ടിണി കിടന്ന് മരിക്കുന്നതാണ്. അവഗണിക്കപ്പെട്ട ആക്ഷേപിക്കപ്പെട്ട നിരന്തരം അപരവത്ക്കരിക്കപ്പെട്ട മനുഷ്യരെ ഒറ്റുകൊടുക്കാതേയും ജീവിക്കാം കേട്ടോ-. ജിന്റോ രൂക്ഷ ഭാഷയില്‍ പ്രതികരിച്ചു.