മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുടെ പേര് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കടന്നാക്രമിക്കുകയാണ് സിപിഎം. നേതാക്കള്‍ നിരന്തരം ഇത്തരം വിമര്‍ശനം ഉയര്‍ത്തുമ്പോള്‍ തന്നെ ഇക്കാര്യത്തില്‍ സ്വന്തം കാര്യത്തിയതു പോലെയാണ് ഇടതു മുന്നണിക്ക്. ജമാഅത്തെ ഇസ്ലാമി പരിപാടിയുടെ ഉദ്ഘാടകനായി സിപിഎം സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച മന്ത്രി വി അബ്ദുറഹിമാന്‍ രംഗത്തെത്തിയപ്പോള്‍ നേതാക്കള്‍ക്ക് അതൊരു വിഷയമായില്ല.

ജമാത്തെ ഇസ്ലാമിയുടെ ബൈത്തു സക്കാത്ത് പരിപാടിയുടെ ഉദ്ഘാടകനായാണ് മന്ത്രി എത്തിയത്. മലപ്പുറം താനൂര്‍ പുത്തന്‍ തെരുവിലായിരുന്നു പരിപാടി. സംഘടനയുമായുള്ള ബന്ധത്തിന്റെ പേരില്‍ യുഡിഎഫിനെ എല്‍ഡിഎഫ് കടന്നാക്രമിക്കുമ്പോഴാണ് മന്ത്രി ജമാ അത്തെ ഇസ്ലാമി വേദിയിലെത്തിയത്. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ സെക്രട്ടറി ജനറല്‍ ടി ആരിഫലിയും വേദിയിലുണ്ടായിരുന്നു.

ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരുപോലെ എതിര്‍ക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നു.

ആഭ്യന്തര വകുപ്പില്‍ വരെ ജമാഅത്തെ ഇസ്ലാമി പിടിമുറുക്കുന്ന സാഹചര്യം യുഡിഎഫ് ഭരണമുണ്ടായാല്‍ ഉണ്ടാകുമെന്ന എ.കെ. ബാലന്റെ ആരോപണത്തെ നേരത്തെ മുഖ്യമന്ത്രി പിന്തുണച്ചിരുന്നു.വര്‍ഗ്ഗീയത പറയുന്നവര്‍ ആരായാലും അവരെ എതിര്‍ക്കുമെന്നും കേരളത്തിന്റെ പഴയകാല അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബാലന്‍ സംസാരിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

അതേസമയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ചയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിക്കുമ്പോഴും, പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനകള്‍ വര്‍ഗീയ ധ്രുവീകരണത്തിന് വഴിവെക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. എ.കെ. ബാലന്‍, സജി ചെറിയാന്‍ തുടങ്ങിയ നേതാക്കളുടെ സമീപകാല പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ താല്പര്യം കൃത്യമായി അറിയാത്തതിനാല്‍ മറ്റ് നേതാക്കള്‍ ഇതില്‍ പരസ്യമായ വിയോജിപ്പ് രേഖപ്പെടുത്താന്‍ ഭയപ്പെടുന്നു. വിവാദ വിഷയങ്ങളില്‍ പാര്‍ട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ വ്യക്തമായ നിലപാട് പറയാത്തത് പൊതുസമൂഹത്തില്‍ വലിയ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നുണ്ട്.

മലപ്പുറം ജില്ലയെ കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയുടെ പേരില്‍ വന്ന അഭിമുഖവും തുടര്‍ന്നുണ്ടായ വിവാദങ്ങളും സജി ചെറിയാന്റെ പ്രസ്താവനകളും ആര്‍.എസ്.എസ് ശൈലിയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. മുന്‍പ് ന്യൂനപക്ഷ വോട്ടുകള്‍ക്കായി പരിശ്രമിച്ചിരുന്ന സി.പി.എം, ഇപ്പോള്‍ ഭൂരിപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് ന്യൂനപക്ഷങ്ങളെ അകറ്റുന്ന തന്ത്രമാണോ പയറ്റുന്നത് എന്ന ചോദ്യവും ഉയരുന്നു. 2012-ല്‍ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ഒന്നിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ 'വര്‍ഗീയ അജണ്ട' എന്ന് വിശേഷിപ്പിച്ച പിണറായി വിജയന്‍, ഇന്ന് അത്തരം നീക്കങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നത് അദ്ദേഹത്തിന്റെ മാറിയ രാഷ്ട്രീയ നിലപാടായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സി.പി.എമ്മിന്റെ ഈ നീക്കങ്ങളില്‍ അതൃപ്തിയുള്ള സി.പി.ഐ ആകട്ടെ, 'സി.പി.എം തന്നെ തിരുത്തട്ടെ' എന്ന നിലപാടിലാണ്.

മലപ്പുറം ജില്ല രൂപീകരിച്ചത് ഇഎംഎസ് സര്‍ക്കാരാണെന്നു ന്യൂനപക്ഷ സ്‌നേഹം ഓര്‍മിപ്പിക്കാന്‍ പറഞ്ഞുപോന്ന പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍, ജില്ലയെ മുസ്‌ലിം സമുദായവുമായി ബന്ധപ്പെടുത്തി സിപിഎം വിവാദമുണ്ടാക്കുന്നത് ആദ്യമല്ല. ഇംഗ്ലിഷ് ദിനപത്രത്തില്‍ മുഖ്യമന്ത്രിയുടേതായി വന്ന അഭിമുഖത്തില്‍ കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തും ദേശവിരുദ്ധ പ്രവര്‍ത്തനവും മലപ്പുറം ജില്ലയുമായി ബന്ധപ്പെടുത്തിയതു വിവാദമായിരുന്നു. ഭിന്നിപ്പിനു വിത്തുവീണ ശേഷമായിരുന്നു, താന്‍ പറയാത്തത് അഭിമുഖത്തില്‍ അച്ചടിച്ചെന്ന മുഖ്യമന്ത്രിയുടെ തിരുത്ത്. സജിയും വര്‍ഗീയതയെക്കുറിച്ചു പറയാന്‍ ജില്ലകളെ കൂട്ടുപിടിച്ചത് ആര്‍എസ്എസ് രീതിയാണെന്ന വിമര്‍ശനമാണുയരുന്നത്.